Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎഴുത്ത്, ജീവിതം,...

എഴുത്ത്, ജീവിതം, നിലപാട്

text_fields
bookmark_border
എഴുത്ത്, ജീവിതം, നിലപാട്
cancel
camera_alt

റോബിൻ ശർമ

കോടിക്കണക്കിന് വായനക്കാരുള്ള പ്രശസ്ത ഇന്തോ-കനേഡിയൻ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമാണ് റോബിൻ ശർമ. കൂടാതെ, ഭീമൻ ബ്രാൻഡുകളുടെയും ശതകോടീശ്വരന്മാരുടെയും ലോകപ്രശസ്ത സെലിബ്രിറ്റികളുടെയും ഉപദേശകനും ലൈഫ് കോച്ചും. തന്റെ എഴുത്തുലോകവും കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് അദ്ദേഹം

തന്റെ എഴുത്തുകളിലൂടെ ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ച ഇംഗ്ലീഷ് എഴുത്തുകാരനാണ് റോബിൻ ശർമ. ക​േനഡിയൻ പൗരനായ ഇദ്ദേഹത്തിന്റെ ഒന്നാംനമ്പർ ബെസ്റ്റ് സെല്ലറുകളായ ‘ദ മൊങ്ക്‌ ഹൂ സോൾഡ് ഹിസ് ഫെറാറി’, ‘5 എ.എം ക്ലബ്’, ‘ദ ലീഡർ ഹൂ ഹാഡ് നോ ടൈറ്റിൽ’ തുടങ്ങിയ പുസ്തകങ്ങൾ 92 ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. എഴുത്തുകാരൻ എന്നതിലുപരി ലോകം അറിയപ്പെടുന്ന മനുഷ്യസ്നേഹിയും പ്രചോദക പ്രഭാഷകനുമാണ് റോബിൻ ശർമ. ശർമ ലീഡർഷിപ്പ് ഇന്റർനാഷനൽ Inc. എന്ന ആഗോള നേതൃത്വ പരിശീലന സ്ഥാപനത്തിന്റെ ഉടമ.

പല ലോകോത്തര ഭീമൻ ബ്രാൻഡുകളുടെയും ശതകോടീശ്വരന്മാരുടെയും ലോകപ്രശസ്ത സെലിബ്രിറ്റികളുടെയും ഉപദേശകനും ലൈഫ് കോച്ചുമായും ഇദ്ദേഹം പ്രവർത്തിക്കുന്നു. നാസ, മൈക്രോസോഫ്റ്റ്, നൈകി തുടങ്ങിയ കമ്പനികൾ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിൽ ചിലത് മാത്രം. യു.എ.ഇയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ റോബിൻശർമ ‘വാരാദ്യ മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

എഴുത്തുകാരൻ എന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും ദശലക്ഷക്കണക്കിന് ആരാധകരെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് താങ്കൾ. എന്നാൽ, താങ്കളെ ഏറ്റവുമധികം സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തത് ആരാണെന്ന് പങ്കുവെക്കാമോ?

എന്റെ ഇരുപതുകളിൽ, തൊട്ടടുത്ത് താമസിച്ചിരുന്ന അയൽക്കാരൻ എന്റെ ഭാവി നിർണയിക്കുന്നതിൽ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നാടോടുമ്പോൾ നടുവേ ഓടാതെ ഓട്ടത്തിൽ തന്റേതായ ഒരു വഴിയും ഗതിയും കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നത് അദ്ദേഹമാണ്. അതുപോലെതന്നെ, എന്റെ അഭിഭാഷകവൃത്തികാലത്ത് കൂടെ ജോലി ചെയ്തിരുന്ന ഒരു ജഡ്ജുണ്ടായിരുന്നു. താൻ ചെയ്യുന്ന കാര്യങ്ങൾ മികവുറ്റതാക്കുന്നതിന്റെയും കൊണ്ടുനടക്കുന്ന മൂല്യങ്ങൾ ജീവിതപാതയിൽ പ്രതിഫലിപ്പിക്കുന്നതിന്റെയും ശക്തിയും സാധ്യതയും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിത്തന്നത് ആ വ്യക്തിയാണ്.

നെൽസൺ മണ്ടേല ഒരു രാഷ്ട്രനായകൻ എന്ന നിലയിലും സ്വന്തം ജീവിതത്തിലൂടെയും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം 18 വർഷത്തോളം ജയിൽവാസം അനുഭവിച്ച റോബൻ ദ്വീപിൽ ഞാൻ പലതവണ സന്ദർശനം നടത്തിയിട്ടുണ്ട്. ഓരോ സന്ദർശനവും എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. ജീവിതത്തിൽ വെല്ലുവിളികളെ അഭിമുഖീകരിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഒരാളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് മനസ്സിലാക്കിത്തന്നത് എന്റെ മാതാപിതാക്കളാണ്. അങ്ങനെ ഓരോ കാലത്ത് ഓരോ ആളുകൾ പലവിധത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

‘5 എ.എം ക്ലബ്’ താങ്കളുടെ ഏറെ ചർച്ചചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. ഈ പുസ്തകത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടാണ് ചോദ്യം. സ്ഥിരം വൈകി ഉണരുന്ന ഒരാളെ അഞ്ചുമണിക്ക് ഉണർന്നെഴുന്നേൽക്കുന്ന ഒരു ദിനചര്യയിലേക്ക് മാറ്റാം എന്ന് താങ്കൾ അതിൽ പറയുന്നു. അതെങ്ങനെ സാധ്യമാവും?

ആദ്യംതന്നെ ഒരുകാര്യം പറയാം, ആ പുസ്തകത്തിലൂടെ ഞാൻ പറഞ്ഞ ദിനചര്യകളും ശീലങ്ങളും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതംതന്നെ മാറ്റിമറിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഒരു പ്രഭാതത്തിന് ആ ദിവസത്തെതന്നെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. രാവിലെ എങ്ങനെ നിങ്ങൾ തുടങ്ങുന്നു എന്നതിന് ആശ്രയിച്ചിരിക്കും ആ ദിവസം നിങ്ങളെ എങ്ങനെ മുന്നോട്ടു നയിക്കുന്നു എന്നത്.

രണ്ടാമത്തെ കാര്യം, എല്ലാ മാറ്റങ്ങളും തുടക്കത്തിൽ കഠിനവും പകുതിയെത്തുമ്പോൾ കുഴപ്പംപിടിച്ചതും എന്നാൽ, അവസാനം അതിമനോഹരവുമായും അനുഭവപ്പെടും. ഇപ്പോൾ നിങ്ങൾക്ക് അനായാസമായി അനുഭവപ്പെടുന്ന എന്തും ഒരിക്കൽ ഒരു കീറാമുട്ടിയായി തോന്നിയ സംഗതിയായിരിക്കും. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത്, ഒരു തുടക്കം ഉണ്ടാക്കുക എന്നതാണ്. എന്നിട്ട് ഒരു 66 ദിവസം കർശനമായി അഞ്ചുമണിക്ക് ഉണർന്നെഴുന്നേറ്റ് നോക്കൂ. അത്ഭുതകരമായ മാറ്റം നിങ്ങൾക്ക് അനുഭവിച്ചറിയാം. ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ ഗവേഷണ വിഭാഗം കണ്ടെത്തിയത് പ്രകാരം 66 ദിവസം തുടർച്ചയായി ചെയ്യുന്ന ഒരുകാര്യം പിന്നീട് ജീവിതചര്യയായി മാറാൻ ഒട്ടും പ്രയാസമുണ്ടാകില്ല എന്നാണ്.

തിരിച്ചടികളെ എങ്ങനെയാണ് താങ്കൾ നേരിടുന്നത്? വെല്ലുവിളികൾ നിറഞ്ഞ സമയങ്ങളിൽ എങ്ങനെയാണ് ഊർജസ്വലമായ മാനസികാവസ്ഥ നിലനിർത്തുന്നത്?

ഏതൊരു മനുഷ്യനും വളരുന്നത് അവരുടെ പ്രയാസകരമായ സമയങ്ങളിലാണ്. നമ്മൾ ഓർത്തിരിക്കേണ്ട ഒരു വസ്തുത എന്തെന്നാൽ തോൽവിയെ തോൽവിയായി കാണുമ്പോൾ മാത്രമാണ് അത് തോൽവിയാകുന്നത്. വെല്ലുവിളികളെ അഭിമുഖീകരിക്കാതെയും പരാജയം രുചിച്ചുനോക്കാതെയും ഒരാൾക്കും വളരാനോ പുരോഗതി പ്രാപിക്കാനോ വിജയത്തിലേക്ക് എത്താനോ സാധിക്കില്ല. സുരക്ഷയുണ്ടെന്ന മിഥ്യാബോധത്തിന്റെയത്ര അപകടകാരിയല്ല യഥാർഥ സുരക്ഷ നൽകിയേക്കാവുന്ന ചില്ലറ അസ്വസ്ഥതകൾ.

വെല്ലുവിളികളെ നേരിട്ട് ​ക്രിയാത്മകതയും മനോബലവും നിലനിർത്താനുതകുന്ന ചില പൊടിക്കൈകളുണ്ട്; പ്രഭാതങ്ങളിലുള്ള വ്യായാമശീലങ്ങൾ നിങ്ങളുടെ ദിനങ്ങളിൽ മാറ്റങ്ങളുണ്ടാക്കും, അതത് ദിവസങ്ങളിലെ സംഭവവികാസങ്ങൾ ഡയറിയിൽ കുറിച്ചിടുന്നത് ശീലിക്കണം, പ്രാർഥനയും ധ്യാനവും ആളുകളെ മാനസികമായി സുസ്ഥിരപ്പെടുത്താൻ സഹായിക്കും, പ്രകൃതിയോട് അലിഞ്ഞുള്ള പ്രഭാത സവാരികൾ ശീലിക്കണം, ലോകനായകരുടെ ജീവിതം പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വായിക്കണം.

ക്രിയാത്മകത വർധിപ്പിക്കാനും സമയക്രമീകരണം സമർഥമാക്കാനും എന്തെല്ലാം തന്ത്രങ്ങളാണ് താങ്കൾ പ്രയോഗിക്കുന്നത്?

‘5 എ.എം ക്ലബി’ൽ അംഗമാകുന്നതുതന്നെ (നേരത്തേ ഉറക്കമുണരുന്ന രീതി) വ്യക്തികളുടെ ക്രിയാത്മകതയിൽ സവിശേഷമായ മാറ്റങ്ങൾ രൂപപ്പെടുത്തും. ദിവസത്തെ ആദ്യത്തെ മണിക്കൂറുകൾ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾക്കായി നീക്കിവെക്കണം. ആഴ്ചയിൽ ഒരു ദിവസം ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നുമില്ലാതെ ചെലവഴിക്കാൻ ശ്രമിക്കുക. ഇത് നിങ്ങൾക്ക് ഊർജവും ഉത്തേജനവും സമ്മാനിക്കും. സുപ്രധാന കാര്യങ്ങൾ ഏകാന്തമായി ചെയ്യാൻ ശ്രമിക്കണം. ഈ സമയം നിങ്ങളുടെ ഫോണുകൾ കൈകൾ എത്താത്ത രീതിയിൽ വെക്കാൻ ശ്രദ്ധിക്കണം. ഓരോ ദിവസങ്ങളിലും ആഴ്ചകളിലും എന്ത് ചെയ്യണം എന്നതിന് വ്യക്തമായ പ്ലാനുകൾ ഉണ്ടാക്കണം. കാരണം അവ്യക്തമായ ലക്ഷ്യങ്ങൾ അവ്യക്തമായ പരിണിതഫലങ്ങളേ നൽകൂ.

അർഥപൂർണമായ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും അതിലേക്ക് നടന്നടുക്കാനും എന്ത് നിർദേശങ്ങളാണ് താങ്കളുടെ പക്കലുള്ളത്? വെല്ലുവിളി നിറഞ്ഞ ഒരുലക്ഷ്യപ്രാപ്തിയിൽ താങ്കൾ എത്തിച്ചേർന്നതിന്റെയും അതിൽ നിങ്ങൾക്കുണ്ടായ പാഠങ്ങളുടെയും അനുഭവം പങ്കുവെക്കാമോ?

മഹാന്മാരായിരുന്ന ലോക നേതാക്കളുടെയും സന്തുഷ്ടരായിരുന്നവരുടെയും ജീവിതങ്ങളിൽ നമുക്കുള്ള പാഠങ്ങൾ പ്രതിഫലിക്കുന്നുണ്ട്; പ്രത്യേകിച്ച്, തിരക്കുപിടിച്ച ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങളിൽ. ചിന്തിക്കാനുള്ള സമയം കണ്ടെത്തുക. നിങ്ങളുടെ ജീവിത സായാഹ്നത്തിൽ എന്തായിത്തീരണമെന്ന ചിന്ത ഇപ്പോഴേ ഉണ്ടായിരിക്കണം. നിങ്ങളുടെ ഡയറിക്കുറിപ്പുകളിൽ ഇത്തരം ചിന്തകളും ദർശനങ്ങളും നിറയട്ടെ. അങ്ങനെ അത് നിങ്ങളെ ഇടക്കിടെ ഉണർത്തുകയും നിങ്ങൾ പടിപടിയായി നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയും ചെയ്യും.

എന്റെ ലക്ഷ്യങ്ങൾ ഞാൻ ചെറിയ കടലാസുകഷണങ്ങളിൽ എഴുതി എന്റെ എഴുത്തുമുറിയിൽ അങ്ങിങ്ങായി ഒട്ടിച്ചുവെക്കുന്ന പതിവുണ്ട്. ഓരോ തവണ അവ കാണുമ്പോഴും എന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധ്യം എന്നെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും. എന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദി എവരിഡേ ഹീറോ മാനിഫെസ്റ്റോയിൽ’ ലോകത്തെ ഏറ്റവും വിജയികളായ വ്യക്തികൾ എങ്ങനെയാണ് അവരുടെ ലക്ഷ്യങ്ങളിലേക്ക് നടന്നടുത്തത് എന്ന് കൂടുതൽ വിവരിക്കുന്നുണ്ട്.

എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വഴികൾ തിരഞ്ഞെടുക്കുന്നവർക്ക് എന്ത് ഉപദേശമാണ് താങ്കൾക്ക് നൽകാനുള്ളത്?

ആദ്യം തുടങ്ങുക; തുടക്കമാണ് പ്രധാനം. എല്ലാം തികഞ്ഞിട്ട് തുടങ്ങാം എന്ന് കരുതി കാത്തിരിക്കരുത്. ഒഴികഴിവുകൾ പറഞ്ഞ് നീട്ടിവെക്കുന്നതും മറ്റുള്ളവർ എന്ത് കരുതും എന്നുകരുതി ചെയ്യാതിരിക്കുന്നതും ആദ്യം നിർത്തണം. നിങ്ങളിൽ നിങ്ങൾ തന്നെ വിശ്വാസം അർപ്പിക്കുക. ആദ്യപേജ് എഴുതുക, ആദ്യ പ്രസംഗം നടത്തുക... ആളുകൾ ചിരിക്കട്ടെ, വിമർശിക്കട്ടെ. ദൗത്യത്തിലേക്കുള്ള പ്രയാണം തുടരുക.
മാസങ്ങളും വർഷങ്ങളും എടുത്തേക്കാം. എങ്കിലും ഒരുനാൾ നിങ്ങളവിടെ എത്തിച്ചേരുകതന്നെ ചെയ്യും. ആളുകളെ സഹായിക്കുന്നതിലും പ്രചോദിപ്പിക്കുന്നതിലും മുഴുകുക. സാവധാനത്തിൽ, ഇടറാതെ നിങ്ങളുടെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാകും. അത്ഭുതകരമായ പാരിതോഷികങ്ങൾ ജീവിതവീഥിയിൽ നിങ്ങളെത്തേടി എത്തിയിരിക്കും.

ഏതെങ്കിലും ഒരു വായനക്കാരനോ ഫോളോവറോ താങ്കളെ അഗാധമായി സ്പർശിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

തെരുവുകളിലും വിമാനയാത്രകളിലും സമൂഹമാധ്യമങ്ങളിലുമായി എല്ലാ ദിവസവും ഞാൻ എന്റെ വായനക്കാരെ കണ്ടുമുട്ടുന്നുണ്ട്. എന്റെ പുസ്തകങ്ങളിലൂടെ അവരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ കൗതുകത്തോടെ കേൾക്കാറുണ്ട്. ഓരോ പുസ്തകം എഴുതുമ്പോഴും വായനക്കാരോടുള്ള അഗാധമായ സ്നേഹം എന്റെ വരികളിൽ ഞാൻ ഉൾക്കൊള്ളിക്കാറുണ്ട്. എന്റെ സ്നേഹം അവർ അനുഭവിക്കുന്നുണ്ടെന്ന് അറിയുന്ന ഓരോ നിമിഷവും എന്റെ ലക്ഷ്യം സാക്ഷാത്കരിച്ചതോർത്ത് ഞാൻ അഭിമാനിക്കാറുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robin SharmaThe 5 am club
News Summary - chat with Robin Sharma
Next Story