മണ്ണിനോട് പൊരുതി 100 തികച്ച് ചെമ്പൻ
text_fieldsആനക്കര: പ്രകൃതിയോട് ഇണങ്ങി ജീവിച്ചാല്‍ മനുഷ്യായുസ്സിന്റെ പൂര്‍ണത കൈവരിക്കാമെന്ന പഴയകാല ചൊല്ലിന് നേര്‍വെളിച്ചമായി ഇന്നും ഒരാളുണ്ട്. പട്ടിത്തറ പഞ്ചായത്തിലെ ഒതളൂര്‍ കുയിലന്പറമ്പിൽ ചെമ്പൻ. മണ്ണിന്റെ മകനായ ചെമ്പനിന്ന് 100 തികഞ്ഞു. 98 വയസ്സുവരെയും പ്രായത്തെ മറികടന്നും മണ്ണിനോട് പൊരുതിയാണ് ജീവിതത്തില്‍ പച്ചപ്പ് കണ്ടെത്തിയിരുന്നത്. ഇന്നും മണ്ണില്‍ പണിയെടുക്കാന്‍ മനസ്സ് തയാറാണെങ്കിലും മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടില്‍ കഴിയുകയാണ്.
ലോകം മുഴുവന്‍ മഹാമാരിയും ലോക്ഡൗണ്‍ സംവിധാനവും പ്രകടമായിരുന്നപ്പോഴും ചെമ്പന്‍ കര്മനിരതനായിരുന്നത് നേരത്തേ ‘മാധ്യമം’ പുറംലോകത്തെത്തിച്ചിരുന്നു. അതിനുശേഷം ഒട്ടനവധിപേര്‍ ചെമ്പന്‍ ആയുരാരോഗ്യസൗഖ്യസന്ദേശവുമായി എത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ചെമ്പന്‍ കൂലിപണിയായിരുന്നു വരുമാനം.
കാര്‍ഷിക പ്രവൃത്തി ഉൾപ്പെടെ കൂലിവേലക്ക് ചെമ്പനെ കഴിച്ചേ പ്രദേശങ്ങളില്‍ മറ്റാളുകളുള്ളൂ. പുറത്തുപണിക്ക് പോയിരുന്നെങ്കിലും അടുത്തകാലംവരെ സമീപത്തെ പറമ്പ് പാട്ടത്തിനെടുത്ത് കാലത്തിനനുസരിച്ചുള്ള കൃഷിപണിയാണ് ചെയ്തിരുന്നത്. രാവിലെ തന്നെ വീട്ടില്‍നിന്ന് പണി ആയുധവുമായി ഇറങ്ങും.
വൈകീട്ട് വരെ മണ്ണിനോട് പൊരുതി പതംവരുത്തി കൃഷിയിറക്കും. കൂടാതെ പഴയകാലത്ത് കന്നുപൂട്ടും പൂട്ടിയൂര്ച്ചയും ഹരമായിരുന്നു. പൂരകാലത്ത് സമപ്രായക്കാരനായ പൊന്നാനി സ്വദേശി വേലായുധനുമൊത്ത് ഉത്സവ പറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു.
നെന്മാറ, വല്ലങ്ങി, തൃശൂര്‍ പൂരത്തിന് ഉൾപ്പെടെ ചെമ്പന്റെ കാലടി സ്പര്‍ശ്ശം ഉണ്ടാവും. സുഹൃത്ത് വേലായുധന് മരിക്കുന്നതുവരെ ചെണ്ട മേളവും ആനച്ചൂരും നെഞ്ചേറ്റിയാണ് ചെമ്പൻ ജീവിതം ആസ്വദിച്ചിരുന്നത്. നാട്ടില്‍ നടമാടുന്ന മഹാമാരിയും അതിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിലും പൊരുത്തപെടാനും ചെമ്പന്‍ കഴിഞ്ഞിരുന്നു.
പശുവും പത്തോളം ആടുകളും കുടിലില്‍ ചെമ്പന്റെയും കോച്ചിയുടെയും സംരക്ഷണയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞദിവസം 100 തികയുന്നവേളയില്‍ മക്കളും അടുത്തബന്ധുക്കളും ഒത്തുകൂടിയിരുന്നു. നാല് മക്കളുള്ളതില്‍ മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞ്. മകനൊപ്പമാണ് വീട്ടില്‍ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.