'ചിസ് ചിയേഴ്സ്'; വാട്സാപ്പിലൂടെ വന്ന വിജയവഴി
text_fieldsഏത് പ്രതികൂല സാഹചര്യങ്ങളേയും അനുകൂലമാക്കി ഉപയോഗപ്പെടുത്താനുള്ള കഴിവാണ് ബിസിനസിൽ പ്രധാനം. ഒരു പക്ഷെ, വൻ ദുരന്തങ്ങളായിരിക്കാം നമുക്ക് മുന്നിൽ അവസരങ്ങൾ തുറന്നിടുക. ആ അവസരങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്താനായാൽ വിജയം നേടാനാവുമെന്ന് തെളിയിക്കുകയാണ് യു.എ.ഇയിൽ പ്രവാസിയായ മലയാളി സംരംഭകൻ സജു സമദ് അബ്ദുസ്സമദ്. ദുബൈയിലെ പ്രമുഖ സംരംഭമായ ‘ചിസ്’ ഗ്രൂപ്പ് സ്ഥാപകനായ ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത് കോവിഡ് മഹാമാരിക്കാലത്ത് ഫോർവേഡ് ചെയ്ത് ലഭിച്ച ഒരു വാട്സാപ്പ് മെസേജാണ്. എയ്റോനോട്ടിക്സ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറായ സജു സമദ് ജനിച്ചതും വളർന്നതും റാസൽ ഖൈമയിലാണ്. പഠന ശേഷം അബൂദബിയിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. വിവാഹ ശേഷം ജീവിതം സ്വസ്ഥമായി മുന്നോട്ടുപോകുന്നതിനിടെയാണ് ലോകത്തെ ഒന്നടങ്കം സ്തംഭിപ്പിച്ചു കൊണ്ട് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്. അതോടെ എല്ലാം തകിടം മറിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിൽ മറ്റു മലയാളികളെ പോലെ സജുവിന്റെ ജോലിയും നഷ്ടമായി. ജീവിതം വഴി മുട്ടി നിൽക്കുമ്പോഴാണ് മാതാവിന്റെ സഹോദരൻ ഒരു ഫോർവേഡ് മെസേജ് വാട്സാപ്പ് ചെയ്യുന്നത്. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ)യുടെ മെട്രോ സ്റ്റേഷനിൽ ചെറു ഔട്ട്ലറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു ആ മെസേജ്. പഠിച്ചത് എൻജിനീയറിങ് ആണെങ്കിലും സംരംഭകനാകണമെന്ന ആഗ്രഹം ഉള്ളിലൊതുക്കിയിരുന്ന സജുവിന്റെ ജീവിതത്തിൽ അതൊരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ 2022ൽ ആർ.ടി.എക്ക് കീഴിൽ അൽ സഫ മെട്രോ സ്റ്റേഷനിൽ ആദ്യ ഔട്ട്ലറ്റ് തുടങ്ങി.
വെല്ലുവിളികളാണ് അവസരങ്ങൾ
ഒന്നുകിൽ ജീവിതം ദുരന്തങ്ങൾ കൊണ്ടു വരും. അല്ലെങ്കിൽ അവസരങ്ങൾ കൊണ്ടുവരും. ഈ ചിന്തകളായിരുന്നു പുതിയ വഴി തെരഞ്ഞെടുക്കാൻ സജുവിന് പ്രേരണയായത്. ദൈവാനുഗ്രഹവും കഠിനാധ്വാനവും കൊണ്ട് ആ ചെറു സംരംഭം വൻ വിജയമായി. പിന്നാലെ തൊട്ടതെല്ലാം പൊന്നാകുന്ന കാഴ്ചയാണ് കണ്ടത്. പല തരത്തിലുള്ള സംരംഭങ്ങൾ. എല്ലാം വൻ വിജയം. നിലവിൽ കഫേ, മെയ്ക്ക് ഓവർ സ്റ്റുഡിയോ, ഹോട്ട്ഫുഡ് കിച്ചൻ, മിനി മാർട്ട്, ഗിഫ്റ്റ് ട്രേഡിങ്, ഇവന്റ്സ് തുടങ്ങി കേരളത്തിലും യു.എ.ഇയിലുമായി 10 സംരംഭങ്ങളുടെ ഉടമയാണിദ്ദേഹം. ദുബൈ അൽ മുല്ല പ്ലാസയിൽ പുതിയൊരു ഫുഡ് കോർട്ട് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണീ ചെറുപ്പക്കാരൻ. ജിംനേഷ്യം, ലോൻഡ്രി, ഹോട്ട്ഫുഡ് ഔട്ട്ലറ്റ് തുടങ്ങിയ ഭാവി പദ്ധതികളും ഏറെയുണ്ട്. പത്ത് സ്ക്വയർ മീറ്ററിൽ ഒരു ജീവനക്കാരനെ വെച്ച് നടത്താവുന്ന സംരംഭങ്ങളാണ് തനിക്ക് ഏറ്റവും മികച്ച റിസൾട്ട് നേടിത്തന്നതെന്നാണ് സജു പറയുന്നത്. 2030 ഒടെ 500 ഔട്ട്ലറ്റ് എന്നതാണ് സ്വപ്നം.
പിതാവും മാതാവും സഹോദരിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിലെ അംഗമാണിദ്ദേഹം. പിതാവ് ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഫെവ)യിൽ ഉദ്യോഗസ്ഥനായിരുന്നു. പാർട്ട് ടൈം എന്ന നിലയിൽ ഒരു കാന്റീനും ചെറു ഷോപ്പും പിതാവ് ലീസിന് നടത്തിയിരുന്നു. ഇവിടെ നിത്യ സന്ദർശകനായിരുന്നു സജു. ജോലിയുടെ ഇടവേളയിൽ തന്റെ സംരംഭം പിതാവ് ഭംഗിയായി കൊണ്ടുനടക്കുന്നത് കണ്ടാണ് ഒരു സംരംഭകനാകണമെന്ന ആഗ്രഹം സജുവിന്റെ മനസിലും ഉരുത്തിയിരുന്നത്. പണത്തിനപ്പുറം വിപണിയെ മനിസിലാക്കാനുള്ള കഴിവും പരിചയവുമുണ്ടെങ്കിൽ ഒരു ബിസിനസ് വിജയിപ്പിക്കാൻ അതു മതിയെന്നാണ് സജുവിന്റെ കാഴ്ചപ്പാട്. ചെറുപ്പം മുതൽ പാചകം ഇഷ്ടമായതിനാലാണ് ഭക്ഷ്യ വിതരണ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. മാതാവായിരുന്നു അതിന് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയതെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞുവെക്കുന്നു. ആകാശത്ത് പാറിനടന്ന് കാഴ്ചകൾ കാണാനുള്ള ഇഷ്ടം കൊണ്ടാണ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് പഠിച്ചത്. പക്ഷെ, സംരംഭകന്റെ വേഷമണിയാനാണ് മഹാദുരന്തിന്റെ രൂപത്തിൽ അവസരം ലഭിച്ചത്. ആ അവസരം കൃത്യമായി ഉപയോഗപ്പെടുത്തിയപ്പോൾ ജീവിത വിജയം നേടാൻ കഴിയുമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണീ മലയാളി ചെറുപ്പക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.