Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎഴുത്തി​െൻറ...

എഴുത്തി​െൻറ തിരഞ്ഞെടുപ്പ്

text_fields
bookmark_border
എഴുത്തി​െൻറ തിരഞ്ഞെടുപ്പ്
cancel
camera_alt

ഫ്രാൻസിസ്​ ​ നൊറോണ

ഉപജീവനം വേണോ എഴുത്തു വേണോ- ഇതായിരുന്നു ഫ്രാൻസിസ് നൊറോണ നേരിട്ട ചോദ്യം, സംശയമേതുമില്ലാതെ തിരഞ്ഞെടുത്തു, എഴുത്ത്...

‘ഏട്ടനെന്താ ഈ കുത്തിപ്പിടിച്ച് എഴുതുന്നത്?’

‘ഒരു കഥയാ...’

‘എന്‍റെയാണോ...?’

‘തുടങ്ങിയതേയുള്ളൂ...; തീരുേമ്പാഴേ

ആരുടേതാണെന്നു പറയാൻ പറ്റൂ’.

വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങി. ഞാനെഴുത്ത് തുടരുന്നതു കണ്ട് അവൾ ഒച്ച കേൾപ്പിക്കാതെ വാതിൽ ചാരിയിറങ്ങി.

ഇതൊരു ചുഴിയാകുമോ?

അെതന്നെ കൂട്ടിക്കൊണ്ടുപോകുന്ന വഴിയോ ഒടുക്കമോ... സത്യത്തിൽ എനിക്കറിയില്ല. എന്നാലും...

സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണയുടെ ‘മാസ്റ്റർ പീസ്’ എന്ന നോവലിന്‍റെ ആദ്യഭാഗമാണിത്. എഴുത്തും ജീവിതവും ഒന്നായിത്തീരുന്ന ജീവിത സാഹചര്യത്തിലൂടെയാണ് ഫ്രാൻസിസ് നൊറോണ അടുത്തകാലത്തായി കടന്നുപോയത്. അതാകട്ടെ, മാസ്റ്റർ പീസ് എന്ന നോവലുമായി ചേർന്നു നിൽക്കുകയാണ്. ഇതിലെ നായകൻ എഴുത്ത് വേണോ, ജോലി വേണോ എന്ന് ആത്മസംഘർഷം നേരിടുന്നയാളാണ്. ഒടുവിൽ എഴുത്ത് തിരഞ്ഞെടുക്കുകയാണ്. ഒരിക്കലും ഇതെഴുതുേമ്പാൾ തെന്‍റ ജീവിതത്തിൽ ഇത്തരമൊരു അനുഭവം കടന്നുവരുമെന്ന് ഫ്രാൻസിസ് നൊറോണ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാലിപ്പോൾ, അതനുഭവിക്കുകയാണ്. അപ്പോഴാണ് ഉപജീവനം വേണോ, എഴുത്തുവേണോ എന്ന ചോദ്യം നേരിട്ടത്. ഒടുവിൽ ഉത്തരം കണ്ടെത്തി; എഴുത്തു മതിയെന്ന്. ഈ സാഹചര്യത്തിലാണ് ജോലിയില്‍നിന്ന് സ്വമേധയാ വിരമിക്കാനുള്ള തീരുമാനത്തിൽ ഫ്രാൻസിസ് നൊറോണ എത്തിയത്. ജുഡീഷ്യറി ഡിപ്പാർട്മെന്‍റിൽ നിന്നാണ് വി.ആര്‍.എസ് എടുത്തത്. വി.ആര്‍.എസിന് 90 ദിവസം മുമ്പ് അപേക്ഷിക്കണം. ആ ദിവസങ്ങളില്‍ ലീവെടുത്ത് വീട്ടിലിരുന്നു. മാര്‍ച്ച് 31ന് സർവിസില്‍നിന്ന് ഇറങ്ങി. ഇൗ തീരുമാനത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് എഴുത്തുകാരൻ മനസ്സ് തുറക്കുകയാണിവിടെ.

പരാതിക്കാരന്‍ അഥവാ ‘അജ്ഞാത ശത്രു’

മാസ്റ്റർ പീസ് എന്ന നോവലിനെതിരെ ഹൈകോടതിയിൽ പരാതി ലഭിച്ചു. ഇതോടെ, ഡിപ്പാർട്മെൻറ് എന്‍ക്വയറി വന്നു. പരാതിയുടെ പൂര്‍ണരൂപമോ ആരാണ് കൊടുത്തതെന്നോ ചോദിച്ചിട്ട് മറുപടി ലഭിച്ചിട്ടില്ല. ഈ പരാതിക്ക് എന്തോ രഹസ്യസ്വഭാവമുള്ള പോലെയായിരുന്നു മറുപടി. എനിക്ക് ഡിപ്പാർട്മെന്റില്‍നിന്ന് കിട്ടിയ കുറ്റാരോപിതരുടെ മെമ്മോയില്‍ പറയുന്നത്, മാസ്റ്റര്‍പീസ് എന്ന നോവലിന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല എന്നാണ്. ഇതാണ്, ഡിപ്പാർട്മെന്‍റ്തല എന്‍ക്വയറിയുടെ ഭാഗമായി എന്നോട് ചോദിച്ചത്.

ഈ പരാതി എന്നെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ളതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇതിന് ചില കാരണങ്ങളുണ്ട്. എഴുത്തിനെ തടയുകയോ, അല്ലെങ്കില്‍, സർവിസില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയോ ആവാം ഇതിനുപിന്നിൽ. എഴുത്തുകൊണ്ട് നമ്മള്‍ ആരെയെങ്കിലും ഉപദ്രവിക്കുകയോ അല്ലെങ്കില്‍ മതം പോലുള്ള വിഷയങ്ങളില്‍ എന്തെങ്കിലും പറയുകയോ ചെയ്താല്‍ പരാതി പോകാം. പക്ഷേ, ഈ പരാതി മാസ്റ്റര്‍പീസ് എന്ന ഒരൊറ്റ പുസ്തകത്തിനെതിരായാണ്. ഈ നോവല്‍ എഴുതിയത്, എഴുത്തുലോകത്തെ മലീമസമായ ഒരു മേഖലയെ തുറന്നുകാട്ടാനാണ്. അതിനെതിരെ ഹൈകോടതിയില്‍ പരാതി പോകുക എന്നത്, എനിക്കെതിരായ നീക്കം തന്നെയാണ്. ഇതിന്‍റെ തുടർച്ചയായി കക്കുകളി എന്ന കഥ അടിസ്ഥാനമാക്കിയുള്ള നാടകംകൂടി വിവാദമായതോടെ ഇപ്പോഴത്തെ അവസ്ഥയില്‍ എനിക്ക് എഴുത്ത് തുടരാനാകില്ലെന്ന് ഉറപ്പായി. നിലവിൽ ആ പരാതിക്കാരനെ അജ്ഞാതശത്രു എന്ന് വിളിക്കാമെന്ന് തോന്നുന്നു. എനിക്ക് എഴുത്ത് മാറ്റിനിർത്താൻ കഴിയില്ല. അതാണ്, വിരമിക്കൽ എന്ന തീരുമാനത്തിലേക്കെത്തിയത്.

സുരക്ഷിതമല്ലെന്നറിയാം, പക്ഷേ...

സർക്കാർ ജീവനക്കാരൻ ജോലിസമയത്ത് മാത്രമല്ല, എല്ലാ സമയത്തും ജീവനക്കാരൻ തന്നെയാണ്. എല്ലായ്പ്പോഴും സർക്കാറിന്‍റെ ഭാഗമാണ്. അപ്പോൾ മുൻകൂർ അനുമതി വാങ്ങണമെന്നത് ഫിക്ഷന്‍ റൈറ്റിങ്ങിൽ സാധ്യമല്ല. കാരണം, ഫിക്ഷനകത്ത് രഹസ്യസ്വഭാവമുണ്ട്. ഇത് പത്രാധിപരും എഴുത്തുകാരനും തമ്മിലുള്ള ഇടപാടാണ്. എനിക്ക് ലഭിച്ച മെമ്മോയില്‍നിന്ന് മനസ്സിലാകുന്നത്, മുന്‍കൂര്‍ അനുമതി വാങ്ങി ചെയ്യേണ്ട ഒരുകാര്യം, അതില്ലാതെ ചെയ്തുവെന്നാണ്. ഇത് ഗൗരവമുള്ള കുറ്റകൃത്യവുമല്ല. ഇങ്ങനെ വരുമ്പോള്‍, സാധാരണ ചെയ്യുക, മനഃപൂര്‍വമല്ലാത്ത വീഴ്ചയാണെന്നും അനുവാദം തരണം എന്നുപറഞ്ഞ് കത്ത് കൊടുത്താല്‍ അനുമതി ലഭിക്കും. അതിനർഥം എഫ്.ബി പോസ്റ്റ് പോലും ഇടാന്‍ പറ്റില്ലെന്നതിലേക്ക് കാര്യങ്ങളെത്തും. എഴുതാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്‍റെ പുറത്താണ് ഈ തീരുമാനം. ഇനി ധീരതയോടെ എഴുതും എന്നത് പ്രതീക്ഷയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥയോ നോവലോ എഴുതിക്കഴിഞ്ഞാൽ ഞാൻ ശൂന്യതയിലാണ്. അങ്ങനെ സുരക്ഷിതമല്ലാത്ത അവസ്ഥയുണ്ട്. സർക്കാർ ജീവനക്കാരനെപ്പോലെ സുരക്ഷിതമായ ഇടത്തേക്കല്ല ഞാൻ പോകുന്നതെന്ന് എനിക്കറിയാം. എന്നാലും എനിക്ക് എഴുത്ത് അത്രമേൽ പ്രിയപ്പെട്ടതാണ്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Francis Norona
News Summary - About Francis Norona's Literature
Next Story