സ്റ്റാമ്പുകൾ ശേഖരിക്കൽ ഹോബിയാക്കി; വിദേശത്തെത്തി ഷൈൻ
text_fieldsമനാമ: വിദേശരാജ്യങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിക്കുന്നത് ഹോബിയാക്കുകയും അങ്ങനെ വിദേശത്ത് ജോലിക്കായി എത്തുകയും ചെയ്തയാളാണ് ഷൈൻ നായർ. നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആരംഭിച്ചതാണ് സ്റ്റാമ്പ്, നാണയ ശേഖരണം. ബഹ്റൈനിൽ പ്രവാസിയായിട്ട് 19 വർഷം തികയുമ്പോഴും ഹോബി അതേപടി തുടരുകയാണ് തിരുവനന്തപുരം വേളാവൂർ സ്വദേശിയായ ഷൈൻ.
സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന പിതാവ് അയച്ച കത്തുകളിൽനിന്ന് ലഭിച്ച സ്റ്റാമ്പുകളാണ് ആദ്യം ശേഖരിച്ചത്. ആ സ്റ്റാമ്പുകളിൽ ഒരുപോലെയുള്ളത് കൂട്ടുകാർക്ക് കൊടുത്തിട്ട് മറ്റ് രാജ്യങ്ങളുടെ സ്റ്റാമ്പുകൾ വാങ്ങി സൂക്ഷിച്ചു. പിന്നീട് പലരും സമ്മാനങ്ങളായി സ്റ്റാമ്പുകൾ നൽകിത്തുടങ്ങി. എട്ടാം ക്ലാസ് മുതലാണ് നാണയ ശേഖരണം ആരംഭിക്കുന്നത്. പിന്നീട് കറൻസി നോട്ടുകളും ശേഖരിക്കാൻ തുടങ്ങി.
1991ൽ ജന്മസ്ഥലമായ വേളാവൂരിൽ വന്ന അയർലൻഡുകാരിയായ വനിതയെ പരിചയപ്പെട്ടു. പപ്പറ്റ് മെയ്ക്കിങ് ആൻഡ് ചിൽഡ്രൻ തിയറ്റർ അധ്യാപികകൂടിയായിരുന്ന അവർ ഷൈനിന്റെ സ്റ്റാമ്പ് ശേഖരം കാണുകയും പിന്നീട് അയർലൻഡിന്റേതടക്കം സ്റ്റാമ്പുകളുടെ വൻ ശേഖരം അയച്ചുകൊടുക്കുകയും ചെയ്തു. ഇന്നും അതൊക്കെ ഷൈൻ നിധിപോലെ സൂക്ഷിക്കുകയാണ്.
അവരുമായി പലപ്പോഴും ഫേസ്ബുക്കിലൂടെ ബന്ധം പുതുക്കാറുണ്ടെന്നും ഷൈൻ പറയുന്നു. ഇപ്പോൾ ഷൈനിന്റെ ശേഖരത്തിൽ 175 ൽപരം രാജ്യങ്ങളുടെ 5000 ൽപരം സ്റ്റാമ്പുകളും നാണയങ്ങളുമുണ്ട്. 1968 മുതൽ തപാൽ വകുപ്പ് പുറത്തിറക്കിയ ഇന്ത്യയുടെയും ബഹ്റൈന്റെയും ഒട്ടുമിക്ക ഫസ്റ്റ് ഡേ പോസ്റ്റൽ കവറും ഷൈനിന്റെ ശേഖരത്തിലുണ്ട്. തിരുവിതാംകൂറിലെ നാണയങ്ങൾ, ഈസ്റ്റ് ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിലെയും ബഹ്റൈന്റെ ആദ്യകാല ചെമ്പു നാണയങ്ങൾവരെ ഷൈനിന്റെ ശേഖരത്തിലുണ്ട്.
ഷൈനിന്റെ താൽപര്യമറിയാവുന്ന സുഹൃത്തുകൾ പലരും സ്റ്റാമ്പുകൾ എത്തിച്ചുനൽകും. ദാദാഭായി ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൾട്ടന്റാണ് ഷൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.