ദേശാതിരുകളില്ലാത്ത കരുതൽ; ഒന്നരപ്പതിറ്റാണ്ടിന് ശേഷം നാടണഞ്ഞ് മേജർ സിങ്
text_fieldsറിയാദ്: ഒന്നരപ്പതിറ്റാണ്ടായി ജന്മനാട്ടിലെത്താൻ കഴിയാതെ പ്രയാസപ്പെട്ട മേജർ സിങ് എന്ന ഇന്ത്യക്കാരന് തുണയായത് ദേശാതിരുകളില്ലാത്ത കാരുണ്യം. പ്രമേഹ ബാധിതനായി ഇരുകാലുകളിലും വലിയ വ്രണങ്ങളും ഹുറൂബ്, ട്രാഫിക് കേസ് എന്നീ നിയമക്കുരുക്കുകളുമായി റിയാദിൽ ദുരിതത്തിലായ ഈ പഞ്ചാബ് സ്വദേശിക്ക് രണ്ട് വർഷമായി സംരക്ഷണം നൽകിയത് രണ്ട് പാകിസ്താനി പൗരന്മാരാണ്. റിയാദ് നസീമിൽ അവരുടെ തണലിൽ കഴിഞ്ഞ ഈ 58കാരനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇടപെട്ടത് മലയാളി സാമൂഹികപ്രവർത്തകരും.
ഇഖാമ പുതുക്കാത്തതും ഹുറൂബ്, ട്രാഫിക് കേസുകളുള്ളതും കാരണമാണ് 15 വർഷമായി നാട്ടിൽ പോകാൻ കഴിയാതായത്. ദമ്മാമിലുള്ള സ്പോൺസറുടെ കീഴിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. 10 വർഷമായി സ്പോൺസർ ഇഖാമ പുതുക്കി നൽകിയിട്ടില്ല. തന്റെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോൺസർ ജവാസത്തിന് പരാതി നൽകി ‘ഹുറൂബ്’ ആക്കുകയും ഒരു ട്രാഫിക് കേസിൽ പെടുത്തുകയും ചെയ്തു. പൊതുമാപ്പ് പ്രഖ്യാപിച്ച കാലത്ത് നാടണയാൻ മാർഗം തേടിയാണ് റിയാദിലെത്തിയത്. 2017ൽ പൊതുമാപ്പിൽ ഉൾപ്പെട്ട് റിയാദ് മലസിലെ തർഹീലിൽനിന്ന് ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിരുന്നു. എന്നാൽ നാട്ടിൽ പോകാൻ റിയാദ് എയർപോർട്ടിൽ ചെന്നപ്പോൾ ഹുറൂബ്, ട്രാഫിക് കേസുകളുള്ളത് യാത്രക്ക് തടസ്സമായി. അവിടെ നിന്ന് തിരിച്ചയച്ചു.
ഇനി എന്തുചെയ്യണമെന്ന് അറിയാതെ കഴിയുന്നതിനിടയിലാണ് ദുർവിധി പോലെ പ്രമേഹം ബാധിച്ചത്. രണ്ടുകാലിലും വലിയ വ്രണങ്ങളുണ്ടായി. പഴുത്ത് മുറിച്ചുമാറ്റേണ്ടുന്ന സ്ഥിതിയായി. വ്രണങ്ങളിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ താമസസ്ഥലത്ത് നിന്ന് പുറത്താക്കപ്പെട്ടു. അപ്പോഴാണ് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി രണ്ട് പാകിസ്താനികൾ മുന്നോട്ട് വന്നത്. അവർ നസീമിലുള്ള തങ്ങളുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ രണ്ടുവർഷമായി അവരുടെ തണലിൽ കഴിയുകയായിരുന്നു. എന്നാൽ ഇഖാമയും ഇൻഷുറൻസും ഒന്നുമില്ലാത്തതിനാൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി കാലുകളിലെ വ്രണങ്ങൾ ഡ്രസ് ചെയ്തത്. ചികിത്സ നൽകാനോ നാട്ടിലെത്തിക്കാനോ തങ്ങളുടെ മുന്നിൽ ഒരു മാർഗവും തെളിയാത്തതിനാൽ അവർ ഇന്ത്യൻ എംബസിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് എംബസി നിർദേശപ്രകാരം സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഏറ്റെടുക്കുകയും ബത്ഹയിലെ ശിഫ അൽജസീറ ക്ലിനിക്കിലെത്തിച്ച് വ്രണങ്ങളിൽ വീണ്ടും ഡ്രസ് ചെയ്യിച്ചു. എന്നാൽ വലിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് എംബസിയുടെ സഹായത്തോടെ ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുകാലുകളും മുറിച്ചുമാറ്റണമെന്നായിരുന്നു ഡോക്ടർ അറിയിച്ചത്. എന്നാൽ കാലുകൾ മുറിക്കരുതേ എന്ന് മേജർ സിങ് കരഞ്ഞുപറഞ്ഞു. ഒടുവിൽ ഒരു കാലിലെ മൂന്നു വിരലുകളും മറ്റേ കാലിലെ രണ്ട് വിരലുകളും മുറിച്ചുമാറ്റി. വലിയ വ്രണമുള്ള ഭാഗം നീക്കി.
സൽമാൻ ആശുപത്രിയിൽ മൂന്നാഴ്ച കിടന്നു. ഡിസ്ചാർജ് ചെയ്തപ്പോൾ നാട്ടിൽ അയക്കാനായി ഇന്ത്യൻ എംബസി ഔട്ട് പാസ് അനുവദിച്ചു. ദമ്മാമിലുള്ള ട്രാഫിക് കേസ് ഒഴിവാക്കാൻ എംബസി ഉദ്യോഗസ്ഥൻ ആഷിഖ് അവിടെ പോയി. അത് വ്യാജ കേസാണെന്ന് അധികൃതർക്ക് ബോധ്യപ്പെടുകയും രേഖയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. തുടർന്ന് തർഹീലിൽനിന്ന് ഫൈനൽ എക്സിറ്റ് വിസ ലഭിച്ചു. ഇന്ത്യൻ എംബസി വിമാന ടിക്കറ്റ് നൽകി.
എയർപോർട്ടിലേക്ക് പോകും വഴി തനിക്കിത്രയും കാലം സംരക്ഷണം നൽകിയ പാകിസ്താനികളെ കണ്ട് യാത്ര ചോദിക്കാൻ പോയി വൈകുകയും വിമാനം നഷ്ടപ്പെടുകയും ചെയ്തു. എയർപോർട്ടിൽ നിന്ന് വീണ്ടും മടങ്ങേണ്ടിവന്ന മേജർ സിങ് രണ്ടുദിവസത്തിന് ശേഷം ശിഹാബ് കൊട്ടുകാട് എടുത്തുനൽകിയ ടിക്കറ്റിൽ പഞ്ചാബിലേക്ക് യാത്രയായി. ലോക്നാഥ്, അനീഷ് എന്നീ സാമൂഹികപ്രവർത്തകരും ശിഹാബിന് സഹായമായി ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.