സ്വാതന്ത്ര്യ സ്മരണകളുയർത്തുന്ന ആൽബവുമായി സി.പി. ഉമ്മർകോയ
text_fieldsചൊക്ലി: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സ്മരണകളുയർത്തുന്ന ആൽബ ശേഖരവുമായി ചൊക്ലി മേക്കുന്ന് മത്തിപറമ്പിലെ ഉംറാസിലെ സി.പി. ഉമ്മർകോയ. സ്വാതന്ത്ര്യ പ്രഖ്യാപനം, വിഭജന കരാറിലെ ഒപ്പിടൽ, പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്റുവിന്റെ സത്യപ്രതിജ്ഞ, വിഭജനത്തെ തുടർന്ന് 1947 ജൂൺ 7ന് മൗണ്ട്ബാറ്റൻ പ്രഭുവിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകൾ, രാജ്യത്തിലെ വിവിധയിടങ്ങളിൽ നടന്ന പാലയനം തുടങ്ങി നിരവധി ചിത്രങ്ങളും വാർത്തകളുമാണ് ഉമ്മർകോയയുടെ ശേഖരത്തിലുള്ളത്.
1900 മുതലുള്ള രാജ്യത്തിലെ വിവിധ പത്രങ്ങൾ, ലോകത്തിലെ സയാമീസ് ഇരട്ടകൾ, മഹാപ്രളയങ്ങൾ, ലോകത്തിലെ വിവിധ നേതാക്കളുടെ മരണം, അമൂല്യമായ കറൻസികൾ, നിയമസഭ ചരിത്രങ്ങൾ, കേരളത്തിലെ വിവിധ പത്രങ്ങൾ, 1616 മുതൽ 2022 വരെയുള്ള ഇന്ത്യൻ നാണയങ്ങൾ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മൂന്നു പതിറ്റാണ്ട് കാലത്തെ പരിശ്രമത്തിലൂടെ ഉമ്മർ കോയ സമാഹരിച്ച ശേഖരത്തിൽ 1918ൽ ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ നാണയവും ഇന്ത്യക്കു പുറമെ 168 രാജ്യങ്ങളിലെ നാണയങ്ങളും കറൻസികളും ഉണ്ട് . ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത അമ്പല ടോക്കണുകളുമുണ്ട്.
കേരളത്തിൽ ഇതുവരെ നടന്ന മുഴുവൻ പൊലീസ് ലാത്തിച്ചാർജുകളുടെയും സചിത്ര വിവരങ്ങൾ ആൽബത്തിലുണ്ട്. കേരളത്തെ വിറങ്ങലിപ്പിച്ച മഹാ പ്രളയത്തെക്കുറിച്ച് തയാറാക്കിയ ആൽബത്തിൽ നൂറിലധികം പേജുകളും 800ൽ പരം ചിത്രങ്ങളുമുണ്ട് . കോവിഡ് കാലത്തെ വിശേഷങ്ങൾ പങ്കുവെക്കുന്ന ആൽബവും തയാറാക്കിയിട്ടുണ്ട് .
ദുബൈ , ഖത്തർ , ബഹറിൻ , സൗദി എന്നിവിടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് രണ്ടാം ഗേറ്റ് സ്വദേശിയായ ഉമ്മർകോയ 38 വർഷമായി മത്തിപ്പറമ്പിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ റസിയ. മകൻ മുഹമ്മദ് ഷാഫി അബുദബിയിൽ കാരാട്ടെ ഇൻസ്ട്രക്ടറാണ്, മകൾ ഷാഹിന സമീർ. മൂത്തമകൻ ഷുഹൈബ് 11 വർഷം മുമ്പു മരണമടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.