കായികലോകത്തെ കറൻസികൾ; കൗതുകം നിറച്ച ശേഖരവുമായി അനസ്
text_fieldsകൊച്ചി: ലോകം ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളെ ആവേശ പൂർവം സ്വീകരിച്ചിരിക്കുന്ന കാലത്ത് കായികമേഖല പശ്ചാത്തലമാക്കിയ വിവിധ രാജ്യങ്ങളിലെ കറൻസികളിലൂടെ ശ്രദ്ധേയനാകുകയാണ് എറണാകുളം കടവന്ത്ര സ്വദേശി മുഹമ്മദ് അനസ്. വർഷങ്ങളായി തുടരുന്ന ശേഖരത്തിൽ 2022 ലോകകപ്പിന്റെ ഭാഗമായി ഖത്തർ പുറത്തിറക്കിയ പ്രത്യേക കറൻസിയും ഉൾപ്പെടുന്നു. ലോകകപ്പ് ഓർമകൾ നിലനിർത്താനാണ് ഖത്തർ സെൻട്രൽ ബാങ്ക് പുതിയ കറൻസി പുറത്തിറക്കിയത്. 2022നെ സൂചിപ്പിക്കും വിധം 22 റിയാലിന്റെ കറൻസിയാണ് പുറത്തിറക്കിയത്. പക്ഷേ, ഈ കറൻസി സ്വന്തമാക്കാൻ 75 റിയാൽ മുടക്കണം. സുഹൃത്തുക്കൾ മുഖാന്തരമാണ് കറൻസി സ്വന്തമാക്കിയതെന്ന് മുഹമ്മദ് അനസ് പറഞ്ഞു. 2018 റഷ്യൻ ലോകകപ്പിന്റെ ഭാഗമായി പുറത്തിറക്കിയ കറൻസി അന്നേ സംഘടിപ്പിച്ചിരുന്നു. കൂടാതെ, കായികമേഖല പശ്ചാത്തലമാക്കി വിവിധ രാജ്യങ്ങൾ പലപ്പോഴായി പുറത്തിറക്കിയ കറൻസികൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ചെറുപ്പം മുതൽ തുടങ്ങിയ കറൻസി ശേഖരണം ഇന്നും ഹോബിയായി നിലനിർത്തുകയാണ് അദ്ദേഹം.
പക്ഷികൾ, മൃഗങ്ങൾ, പ്രശസ്ത വ്യക്തികൾ തുടങ്ങി ലോകരാജ്യങ്ങളിലെ പല പശ്ചാത്തലങ്ങളിലുള്ള അപൂർവം കറൻസികളും ശേഖരത്തിലുണ്ട്. റഷ്യ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള 500 റൂബിളിന്റെ കറൻസി, 1016ൽ സോവ്യറ്റ് യൂനിയൻ പുറത്തിറക്കിയ ഏറ്റവും ചെറിയ പോസ്റ്റേജ് സ്റ്റാംപ് കറൻസി എന്നിവയും ഇതിൽപെടും. മറ്റ് രാജ്യങ്ങൾ പുറത്തിറക്കിയ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ചിത്രമടങ്ങുന്ന കറൻസികളുമുണ്ട്. വളർത്തുമൃഗങ്ങളുടെ ഷോപ് നടത്തുന്ന അനസിന്റെ ഹോബികൾക്ക് കുടുംബവും പിന്തുണ നൽകുന്നു. വേണുഗോപാൽ-ജമീല ദമ്പതികളുടെ മകനാണ് അനസ്. ഭാര്യ: ആശ. മക്കൾ: സാക്കി, സന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.