ചരിത്രശേഷിപ്പുകളുടെ സൂക്ഷിപ്പുകാരൻ
text_fieldsകായംകുളം: കൊച്ചി രാജാവിന്‍റെ പുത്തനും മൗര്യ -മഗധ കാലഘട്ടത്തിലെ പഞ്ചുമാർക്ക് നാണയങ്ങളും അടക്കം പുരാവസ്തുക്കളുടെ അപൂർവ ശേഖരവുമായി ഹക്കീം മാളിയേക്കൽ.ചരിത്ര ശേഷിപ്പുകളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് കായംകുളം മാളിയേക്കൽ ഹക്കീമിന്‍റെ (57) വീട്ടിലേക്ക് എപ്പോഴും സ്വാഗതം. 'പത്ത് പുത്തൻ' എന്ന നാട്ടുപ്രയോഗത്തിന്‍റെ ഉറവിടവും ഇവിടെനിന്ന് അറിയാനാകും. കൊച്ചി രാജാവിന്‍റെ നാണയമായ 'പുത്തനാണ്' പത്ത് പുത്തൻ എന്ന നാട്ടുപ്രയോഗത്തിന് പിന്നിൽ. ഇതും ഇതിലെ വകഭേദമായ ഇരട്ടപുത്തനും രശ്മി പുത്തനും മാളിയേക്കലെ ശേഖരത്തിലുണ്ട്.
ക്രിസ്തുവിന് മുമ്പുള്ള മൗര്യ -മഗധ കാലഘട്ടങ്ങളിലെ 'പഞ്ചുമാർക്ക്' നാണയങ്ങൾ, മുഗൾ, ചോള, ചേര സാമ്രാജ്യങ്ങളിലെ നാണയങ്ങൾ, പോർച്ച്ഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് നാണയങ്ങൾ മുതൽ ആധുനിക കാലത്തെ അപൂർവ നാണയങ്ങൾ, തിരുവിതാംകൂർ, കൊച്ചി, വേണാട് രാജ്യങ്ങളുടെയും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കനിഷ്ക, തക്ഷശില, യുഥേയ, ശിവജി, കൃഷ്ണരജവാഡയാർ, സയാ-പാർത്ഥ്യൻ, ഗുപ്ത, തുഗ്ലക്ക്, ഷെർഷ, ടിപ്പുസുൽത്താൻ നാണയങ്ങളും ഓട്ടക്കാലണയും തിരക്കാശുകളും അമൂല്യ സമ്പത്തായി സൂക്ഷിക്കുന്നു.
എലിസബത്ത് രാജ്ഞിയുടെ ചിത്രം പതിച്ച 51 രാജ്യങ്ങളിലെ കറൻസികളും കാറൽ മാർക്സ്, എംഗൽസ്, ലെനിൻ, കൊളംബസ്, മാവോ, ലൂയിപാസ്റ്റർ, ഐസക് ന്യൂട്ടൺ, എബ്രഹാം ലിങ്കൺ തുടങ്ങിയവരുടെ ചിത്രങ്ങളുള്ള വിവിധ കാലഘട്ടങ്ങളിലെ നോട്ടുകളും കാണാനാകും.
നാണയപെരുപ്പത്തിന്‍റെ കാലത്ത് യൂഗോസ്ലാവിയൻ സർക്കാർ പുറത്തിറക്കിയ അമ്പതിനായിരം കോടിയുടെ നോട്ട് ഇതിൽ ശ്രദ്ധേയമാണ്. ജൂദാസിന്‍റെ കാലത്തെ റോമൻ നാണയം, 1912ൽ റഷ്യ പുറത്തിറക്കിയ ഏറ്റവും വലുപ്പമേറിയ 500 ന്‍റെ റൂബിൾ, ഏറ്റവും കൂടുതൽ വിനിമയ മൂല്യമുള്ള ബ്രൂണയിലെ റിങ്കിറ്റ്, സ്വർണ തകിടിൽ നിർമിച്ച ബലീസിന്‍റെ കറൻസി, മരത്തൊലിയിൽ നിർമിച്ച ടിബറ്റ് കറൻസി, ലോകത്തിലെ ഏറ്റവും വലിയ സംഖ്യയിലുള്ള സിംബാവെയുടെ നൂറ് ത്രില്യന്‍റെ ഡോളർ, രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാൻ അച്ചടിച്ച് മലയ, ബർമ എന്നിവിടങ്ങളിൽ പ്രചരിപ്പിച്ച വേൾഡ് വാർ നോട്ടുകൾ, ചൈനക്കാർ മരിച്ചവരുടെ ചിതയിൽ കത്തിക്കുന്ന ഹെൽ നോട്ടുകൾ, ഇന്ത്യയിൽ അച്ചടിച്ച് പാകിസ്ഥാനിൽ ഉപേയാഗിച്ചിരുന്ന നോട്ടുകൾ എന്നിവയും ശേഖരത്തിലുണ്ട്.
മലയാളി ഫിനാൻസ് സെക്രട്ടറിയായിരുന്ന കെ.ആർ.കെ. മേനോൻ ഒപ്പിട്ട് 1949 ൽ പുറത്തിറക്കിയ ഒറ്റരൂപ നോട്ടും വേറിട്ട് നിൽക്കുന്നു. 250 ലേറെ രാജ്യങ്ങളിലെ അയ്യായിരത്തോളം അപൂർവ കറൻസികളും നാണയങ്ങളുമുണ്ട്.നൂറ്റാണ്ട് പഴക്കമുള്ള എഴുത്തോലകളാണ് മറ്റൊരു അപൂർവ ശേഖരം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കാലത്ത് തുടങ്ങിയ വിനോദം പിന്നീട് ഗൗരവത്തിലെടുക്കുകയായിരുന്നു.
കറൻസി -നാണയങ്ങൾക്കൊപ്പം വിപുലമായ പുരാവസ്തുശേഖരവും ഉണ്ട്. കൃഷി ഓർമകളുമായി പഴമയുടെ കാർഷിക ഉപകരണങ്ങളും താളിയോലകളും പഠനാർഹമായ കാഴ്ചയാണ്.വിനോദം ഗൗരവമേറിയ പഠനത്തിനും ശേഖരണങ്ങൾക്കും വഴിമാറിയത് ലിംക ബുക് ഓഫ് റെക്കോഡും അടക്കം അഞ്ചോളം ദേശീയ റെക്കോഡുകളും നേടിയിട്ടുണ്ട്. 250 ഓളം പ്രദർശനങ്ങളും ഇതിനോടകം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.