ഇനിയൽപം പാൽ കാര്യമാകാം
text_fieldsകീഴ്മാട്: കഠിനാധ്വാനവും നിശ്ചയദാർഢ്യവുംകൊണ്ട് ക്ഷീരമേഖലയിൽ മുന്നേറുന്ന കർഷകനാണ് കീഴ്മാട് മലയങ്കാട് ഏലി ഹിൽസിന് സമീപം താണിയിൽ മുഹമ്മദ് ഹുസൈൻ. നാടൻ കോഴികളെ വളർത്തി കൃഷിയിൽ തുടക്കം കുറിച്ച ഹുസൈൻ പിന്നീട് രണ്ടു പശുക്കളെ വാങ്ങി ക്ഷീരമേഖലയിലേക്ക് തിരിയുകയായിരുന്നു. ഈ വർഷത്തെ മികച്ച പശു ഫാമായി കീഴ്മാട് പഞ്ചായത്ത് കൃഷിഭവന്റെ അവാർഡ് ലഭിച്ചതും ടി.എം.എച്ച് മിൽക്ക് ഹൗസ് നടത്തുന്ന ഹുസൈനാണ്. നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പശു വളർത്തലിൽനിന്ന് ജീവിതോപാധി കണ്ടെത്തുന്നതിന് പുറമേ ഈ മേഖലയെ കുറിച്ച് കൂടുതൽ പഠിക്കാൻ ഹുസൈൻ ശ്രമിക്കുകയായിരുന്നു. കഠിനാധ്വാന ഫലമായി പതിനാറോളം പശുക്കൾ ഇന്ന് ടി.എം.എച്ച് മിൽക്ക് ഹൗസിലുണ്ട്. കീഴ്മാട്, കീരംകുന്ന്, കുന്നുംപുറം, കുട്ടമശ്ശേരി, തുരുത്ത്, തോട്ടുമുഖം, ആലുവ ഭാഗങ്ങളിലെ വീടുകളിൽ മിൽക്ക് ഹൗസിലെ പാലെത്തുന്നു. കീഴ്മാട് ക്ഷീരോൽപാദക സംഘത്തിലും പാൽ കൊടുക്കുന്നു.
തൈര്, സംഭാരം, നറുനെയ്യ് എന്നിവയും വിൽപന നടത്തുന്നു. ജഴ്സി, എച്ച്.എഫ് ഇനത്തിൽപ്പെട്ട പശുക്കളാണ് ഫാമിലുള്ളത്. തമിഴ്നാട്ടിലെ കർഷകരിൽനിന്നാണ് പശുക്കളെ വാങ്ങുന്നത്. യന്ത്രം ഉണ്ടെങ്കിലും കൈ കറവയാണ് കൂടുതലും. സഹായത്തിനായി രണ്ടു ജീവനക്കാരുണ്ട്. തീറ്റയുടെ വ്യത്യാസം പാലിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാൽ ഏറെ ശ്രദ്ധയും പുലർത്തുന്നതായി ഹുസൈൻ പറഞ്ഞു. വെളുപ്പിന് മൂന്നിന് ആരംഭിക്കുന്ന പണികൾ രാവിലെ 11ഓടെയാണ് അവസാനിക്കുന്നത്. ഉച്ചക്ക് ഒരുമണിക്ക് വീണ്ടും കറവ തുടങ്ങും.
റിട്ട. അധ്യാപകനായിരുന്ന പരേതനായ താണിയിൽ അബൂബക്കറിന്റെ മകനായ ഹുസൈൻ പ്രമുഖ ക്ഷീരകർഷക സംഘടനയായ മലബാർ ഡയറി ഫാർമേഷ്സ് അസോസിയേഷൻ എറണാകുളം പ്രതിനിധി കൂടിയാണ്. അടിക്കടി ഉണ്ടാകുന്ന കാലിത്തീറ്റയുടെ വിലവർധന കർഷകരെ ദുരിതത്തിലാക്കുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നു മൂല്യ വർധിത ഉൽപന്ന നിർമാണ കോഴ്സ് പൂർത്തിയാക്കിയ ഭാര്യ ശബ്നയുടെ പിന്തുണയോടെ കൂടുതൽ പാൽ ഉൽപന്നങ്ങൾ നിർമിച്ച് മിൽക്ക് ഹൗസിനെ വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഹുസൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.