ദമ്മാമിന്റെ പ്രിയ റസാക്ക് തെക്കേപ്പുറവും സൈനുവും നാലുപതിറ്റാണ്ടിനുശേഷം നാട്ടിലേക്ക്
text_fieldsദമ്മാം: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം കഴിഞ്ഞ് കിഴക്കൻ പ്രവിശ്യയിലെ കാൽപന്തുകളി മേഖലയിലെ കാരണവർ അബ്ദുൽ റസാഖ് തെക്കേപ്പുറവും പ്രിയതമ സൈനു റസാഖും നാട്ടിലേക്ക് മടങ്ങുന്നു. കായികമേഖലക്കൊപ്പം ദമ്മാമിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ തന്റെ കൈയൊപ്പു ചാർത്തിയാണ് ഇരുവരുടെയും മടക്കം. കോഴിക്കോട് തെക്കേപ്പുറം സ്വദേശിയായ അബ്ദുൽ റസാഖിന് ചുറ്റും കാൽപന്തുകളിയുടെ ആവേശം എന്നുമുണ്ടായിരുന്നു.
തൊട്ടയൽക്കാരൻ കോഴിക്കോടിന്റെ എക്കാലത്തെയും അഭിമാനം ഒളിമ്പ്യൻ റഹ്മാൻ, മൂത്ത സഹോദരൻ ഫുട്ബാൾ പരിശീലകനും കളിക്കാരനുമായ സി. ഉമ്മർ സ്വന്തം വീട്ടിൽ, തൊട്ടടുത്ത പത്തു വീടുകളിൽ നാലു സന്തോഷ് ട്രോഫി താരങ്ങൾ, ഫുട്ബാൾ മാന്ത്രികരായ ഉസ്മാൻ കോയയും സി.എം.പി റഷീദും, അബൂബക്കർ കടാക്കിയുമൊക്കെ എന്നും കാണുന്നവർ. ഇതിനിടയിൽ കളിയെ സ്നേഹിക്കാതിരിക്കാനാവില്ലായിരുന്നു. നാട്ടിലെ ക്ലബുകൾക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കേയാണ് 1982ൽ വീട്ടുകാർ ഗൾഫിലേക്ക് അയക്കുന്നത്. അന്ന് ഇന്നത്തെ ദമ്മാമല്ല, പരിമിതികൾ ധാരാളം. പക്ഷേ, ലോകത്തിന്റെ ഏതതിരിൽ ചെന്നാലും ഒന്നിച്ചുനിൽക്കുന്ന തെക്കേപ്പുറം കൂട്ടത്തിൽ എത്തപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അസീസിയയിലെ ഫ്ലാറ്റിന് താഴെ കുറെപ്പേർ ചേർന്ന് പന്തു തട്ടിക്കളിച്ചു തുടങ്ങി.
ചുക്കാൻ പിടിക്കാൻ അബ്ദുൽ റസാഖും. രാത്രി വൈകിയും ജോലി കഴിഞ്ഞെത്തിയവർ പോലും പതിയെ പതിയെ അതിലെ കണ്ണികളായി. ക്രമേണ അത് തെക്കേപ്പുറം ഫുട്ബാൾ ടൂർണമെൻറിലേക്കെത്തി. മറ്റു ക്ലബുകളൊന്നുമില്ല. തെക്കേപ്പുറത്തുകാരായ 70 കളിക്കാർ വിവിധ ടീമുകളായി തിരിഞ്ഞ് കളിക്കളത്തിൽ ഏറ്റുമുട്ടി. ഈ കളികൾ പിന്നീട് ഇവിടത്തെ വിലക്കുകളെ മറികടന്ന് മൈതാനങ്ങളിലേക്ക് വളർന്നു.
കളിക്കാർ മാത്രമല്ല, അവർക്ക് പിന്തുണയുമായി കോഴിക്കോടൻ വിഭവങ്ങളുണ്ടാക്കി സ്ത്രീകളും പിന്തുണയുമായി എത്തി. മറ്റു നാട്ടുകാർ ഇതെല്ലാം കൗതുകത്തോടെ നോക്കിനിന്നു. ഇതിന്റെയെല്ലാം പിന്നിൽ അബ്ദുൽ റസാഖ് എന്ന കളിപ്രേമിയുണ്ടായിരുന്നു. പതിയെ അദ്ദേഹം ക്ലബുകളെ ഒരുക്കാൻ തുടങ്ങി. പ്രമുഖരായ പല കളിക്കാരേയും ദമ്മാമിലെത്തിച്ചു. മികച്ച ടൂർണമെൻറുകൾക്ക് നേതൃത്വം നൽകി. ദമ്മാമിൽ ആദ്യമായി ഫുട്ബാൾ അസോസിയേഷൻ നിലവിൽ വന്നപ്പോഴും അതിന്റെ ഏറ്റവും തലപ്പത്ത് ഉപദേശകനായി കണ്ടെത്തിയത് റസാഖിനെയായിരുന്നു. ഒ.ഐ.സി.സിയെ ദമ്മാമിൽ സംഘടിപ്പിക്കുന്നതിന്റെ മുന്നിൽ റസാഖ് ഉണ്ടായിരുന്നു.
27 കൊല്ലങ്ങൾക്കുമുമ്പ് കല്യാണം കഴിഞ്ഞയുടനെ ഭാര്യ സൈനുവും ദമ്മാമിലെത്തി. ഭർത്താവിന്റെ വഴിയെ സാമൂഹിക പ്രവർത്തന രംഗത്തേക്ക് സൈനുവും അതിവേഗമെത്തി. പെൺകൂട്ടായ്മകളുടെ തലപ്പത്ത് അവർ എല്ലാവർക്കും പ്രിയപ്പെട്ട സൈനുതാത്തയായി. ഹജ്ജിന് പോയപ്പോൾ മക്കയിലെ തിക്കിലും തിരക്കിലും പെട്ടുപോയ സൈനു ഭാഗ്യത്തിന്റെ നൂലിഴയിലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സൗദിയിൽ നിന്ന് തിരികെ മടങ്ങുമ്പോൾ ഇരുവർക്കും മനസ്സ് നിറഞ്ഞ തൃപ്തി മാത്രം. "ഈ രാജ്യത്തോട്, ഇവിടത്തെ ഭരണകർത്താക്കളോട് എങ്ങനെയാണ് നന്ദി പറയുക.
നല്ലതല്ലാത്ത ഒരനുഭവവും ഞങ്ങൾക്കില്ല. ഇവിടവുമായുള്ള ബന്ധം വിച്ഛേദിക്കാനാവില്ല. ഇവിടെയുള്ള മക്കളുടെ അടുത്തേക്ക് വല്ലപ്പോഴും മടങ്ങിയെത്താമെന്ന സന്തോഷമാണ് ഞങ്ങൾക്ക്" -ഇരുവരും പറഞ്ഞു. മൂന്നു മക്കളും അറിയപ്പെടുന്ന കാൽപന്തുകളിക്കാർ തന്നെ. മൂത്തമകൻ വാസിൽ റസാഖ് ദുബൈയിൽ, രണ്ടാമത്തെയാൾ ജുനൈദ് ബേക്കർ ഹ്യൂജിൽ, മൂന്നാമത്തെയാൾ അഖിൽ റസാഖ് നാട്ടിൽ കെ.എസ്.ഇ.ബിയുടെ അതിഥിതാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.