അക്ഷര നഗരിയിൽനിന്നെത്തി വെള്ളൂരിനെ അക്ഷരം പഠിപ്പിച്ച മാഷ് ഇനി ഓർമ
text_fieldsപയ്യന്നൂർ: വെള്ളൂരിന്റെ നാട്ടുവഴികളിൽ എപ്പോഴും പുസ്തകക്കെട്ടുമായി ബീഡിയും പുകച്ച് നടക്കുന്ന മാഷ് ഇനിയില്ല. വെള്ളൂരിലെ ശാസ്ത സാഹിത്യ പരിഷത്തിന്റെ മറുവാക്ക് എന്ന നിലയിൽ പ്രസിദ്ധനായ വാസുക്കുട്ടൻ മാസ്റ്റരുടെ വിയോഗം നാടിനുണ്ടാക്കിയ നഷ്ടം വലുതാണ്.
നാലു പതിറ്റാണ്ട് മുമ്പാണ് വാസുക്കുട്ടൻ മാസ്റ്റർ അധ്യാപകനായി അക്ഷരനഗരമായ കോട്ടയത്തുനിന്ന് വെള്ളൂരിൽ എത്തുന്നത്. യുക്തിവാദി സംഘടനയിലൂടെയായിരുന്നു പൊതു രംഗത്തേക്കുള്ള ചുവടുവെപ്പ്.
1980 ൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന കലാജാഥക്ക് വെള്ളൂർ ജവഹർ വായനശാലയിൽ സ്വീകരണം നൽകിയിരുന്നു. സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പരിപാടിയായിരുന്നു അത്. തുടർന്ന് വെള്ളൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ വേണമെന്ന ആവശ്യം ഉയരുകയും യൂനിറ്റ് രൂപവത്കരിക്കുകയുമുണ്ടായി.
ആയിടക്കാണ് ആലക്കാട് സ്കൂളിൽ അദ്ധ്യാപകനായ വാസുക്കുട്ടൻ മാസ്റ്റർ പരിഷത്ത് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി യൂനിറ്റുമായി സഹകരിച്ച് വന്നത്. പുസ്തക വിൽപ്പനയായിരുന്നു മാഷുടെ മറ്റൊരു പ്രവർത്തനം. പരിഷത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്ക് പ്രീപബ്ലിക്കേഷൻ വ്യവസ്ഥയിൽ വരിക്കാരെ ചേർക്കാൻ വീടുകളും ഓഫിസുകളും കയറിയിറങ്ങി നടത്തിയ പ്രവർത്തനം സ്മരണീയമാണ്.
കൂടാതെ ഓരോ സമ്മേളനങ്ങളോടനുബന്ധിച്ചും കലാജാഥാ പര്യടനത്തിന്റെ ഭാഗമായും പുസ്തക കെട്ടുമായി വീട് വീടാന്തരം കയറി വിൽപന നടത്തി ജില്ലയിൽ മറ്റ് എങ്ങുമില്ലാത്ത വിധം പുസ്തക പ്രചാരണം സജീവമാക്കുന്നതിൽ മാഷുടെ പങ്ക് അനന്യമാണ്. മാഷുടെ പ്രവർത്തനത്തെ പരിഷത്തിന്റെ സംസ്ഥാന കമ്മിറ്റി പോലും ശ്ലാഘിക്കുമായിരുന്നു.
വെള്ളൂരിലെ ജവഹർ വായനശാല ആൻഡ് ലൈബ്രറി, സെൻട്രൽ ആർട്സ് ക്ലബ്, യുക്തിവാദി സംഘടന തുടങ്ങിയ മേഖലകളിലെ നേതൃപരമായ സവിശേഷ സംഘാടനവും പൊതു ശ്മശാനത്തിന്റെ മുഖ്യ നടത്തിപ്പുകാരനായുമെല്ലാമുള്ള മാഷിന്റെ ഇടപെടലുകൾ വെള്ളൂരിന്റെ ഇന്നലെകൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ്. മികച്ച അധ്യാപകനായ മാഷ് കാർഷിക മേഖലയിലും തന്റേതായ ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.