തിയറ്റർ തിരശ്ശീലക്കപ്പുറം
text_fieldsസത്യാനന്തര കാലത്ത് നാടകമെന്ന കലാരൂപത്തിലൂടെ പ്രതിരോധം തീർത്തുകൊണ്ടിരിക്കുന്ന, അരങ്ങിന്റെ ഭാഷയും ലാവണ്യവും മാറ്റിപ്പണിയുന്ന ദീപൻ ശിവരാമൻ നാടകവും അതിജീവനവും ജീവിതവും സംസാരിക്കുന്നു
വർഷങ്ങൾക്കുമുമ്പ് ആദ്യ പ്രദര്‍ശനം നടന്നശേഷം ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ ആളുകള്‍ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം കണ്ടുകൊണ്ടേയിരിക്കുന്നു. ഒ.വി. വിജയനൊപ്പം ദീപൻ ശിവരാമൻ എന്ന പേരു കൂടി ആസ്വാദകർ കൂട്ടിവായിച്ചുതുടങ്ങി. മലയാളിയുടെ രാഷ്ട്രീയബോധം തന്നെ കെട്ടിപ്പടുത്ത നാടകം എന്ന കലാരൂപത്തിന്റെ തിരിച്ചുവരവായിരുന്നു ആ ഖസാക്ക്. അരങ്ങിന്റെ ഭാഷയും ലാവണ്യവും അയാൾ മാറ്റിപ്പണിതു. ആൾക്കൂട്ടത്തിൽ കസേരയിലിരുന്ന് കണ്ടിരുന്ന, കർട്ടൻ കെട്ടിയ സ്റ്റേജിൽ നടന്നിരുന്ന സംഭാഷണ പ്രാധാന്യമേറിയ പതിവ് നാടകരീതികളെ ദൃശ്യഭാഷകൊണ്ട് മാറ്റിയെഴുതിയ അവതരണം. കാണികളും അരങ്ങും കലാകാരനും ഒന്നാകുന്ന, അന്നേവരെ മലയാളി കാണാത്ത കാഴ്ചാനുഭവം.
മറ്റൊരു നാടകവുമായി ദീപൻ ശിവരാമൻ വീണ്ടും കാണികളെ തേടിയെത്തി. 127 വർഷം മുമ്പ് പാരിസിൽ ആദ്യം അരങ്ങേറിയ ‘ഉബുറോയി’. ഇരു വശങ്ങളിലുമായി കെട്ടിയ ഗാലറിക്ക് നടുവിൽനിന്ന് അയാൾ തന്റെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞത് ലോകത്തെക്കുറിച്ചുതന്നെയായിരുന്നു. തൃശൂർ കൊടകരക്കടുത്ത് വാസുപുരത്തെ നാട്ടിൻപുറത്തുകാരൻ. ഗ്രാമീണ സാംസ്കാരിക കൂട്ടായ്മകളിലും നാടക പ്രവർത്തനത്തിലും സജീവമായിരുന്ന, സത്യാനന്തര കാലത്ത് നാടകമെന്ന കലാരൂപത്തിലൂടെ പ്രതിരോധം തീർത്തുകൊണ്ടിരിക്കുന്ന ദീപൻ ശിവരാമൻ നാടകവും അതിജീവനവും ജീവിതവും സംസാരിക്കുന്നു.
നാടകയാത്ര
വേനലവധിക്കാലത്ത് സാംസ്കാരിക കൂട്ടായ്മകൾക്കൊപ്പം ചേർന്ന് നാടകം കളിച്ചും ഫിലിം സൊസൈറ്റികളിൽ പ്രവർത്തിച്ചുമാണ് ഇവിടെവരെ എത്തിയത്. എൺപതുകളുടെ അവസാനത്തിൽ നാട്ടിൽ ഗ്രാമീണ സാംസ്കാരിക സംഘടന എന്ന സൊസൈറ്റി ഉണ്ടായിരുന്നു. അങ്ങനെയാണ് നാടകം ജീവിതത്തിന്റെ ഭാഗമാകുന്നത്. വർഷം തോറും ഒരു നാടകം ചെയ്യുക. 15 മുതൽ 20 വയസ്സ് വരെയുള്ള പ്രായത്തിൽ സജീവ നാടക പ്രവർത്തകനായിരുന്നു. തുടർച്ചയായി എല്ലാ വർഷവും നാടകം കളിക്കും. ആദ്യമൊക്കെ പുറത്തുനിന്നാണ് സംവിധായകരെ കൊണ്ടുവന്നിരുന്നത്. പിന്നീട് സ്വയം സംവിധാനം ചെയ്ത് തുടങ്ങി.
തൃശൂർ കോടാലിക്ക് സമീപമുള്ള വിശ്വസംസ്കാര ഫിലിം സൊസൈറ്റിയിൽ അംഗമായിരുന്നു. നല്ല സിനിമകൾ കൊണ്ടുവന്ന് കാണിക്കുകയായിരുന്നു ഇതിന്റെ പ്രവർത്തനം. അന്നൊക്കെ നോട്ടീസ് വിതരണം ചെയ്തും കൂപ്പൺ വിറ്റുമെല്ലാം എങ്ങനെ നാടകത്തിന് കാശ് പിരിക്കാം എന്നായിരുന്ന ചിന്ത. ആ കാലത്തെ സാംസ്കാരിക പ്രവർത്തനത്തിന്റെ ഊർജം ഇപ്പോഴുമുണ്ട്.
പണത്തിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല അത്. വായനശാലയിലെ പുസ്തകങ്ങൾ സൈക്കിളിൽ വീടുകളിൽ കൊണ്ടുക്കൊടുക്കുമായിരുന്നു. വായനശാലയിലേക്കു വരാൻ പറ്റാത്തവർക്ക് അവരവരുടെ വീടുകളിൽനിന്ന് ആവശ്യമുള്ള പുസ്തകം തെരഞ്ഞെടുത്ത് വായിക്കാം. അങ്ങനെയൊരു സാംസ്കാരിക അന്തരീക്ഷത്തിൽനിന്നാണ് വളർന്നുവന്നത്.
1997ല്‍ 22ാം വയസ്സിൽ തൃശൂര്‍ അരണാട്ടുകരയിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് തിയറ്റര്‍ ആര്‍ട്സില്‍ ബിരുദമെടുത്തു. പിന്നീട്, പോണ്ടിച്ചേരി സെൻട്രല്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് തിയറ്റര്‍ ആൻഡ് ഡ്രമാറ്റിക് ആര്‍ട്സില്‍ പി.ജിയും 2002ല്‍ എം.ജി സര്‍വകലാശാല കാമ്പസിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്ന് തിയറ്റര്‍ ആര്‍ട്സില്‍ എം.ഫിലും നേടി. ഡി. വിനയചന്ദ്രൻ, പി. ബാലചന്ദ്രൻ തുടങ്ങി പ്രമുഖരൊക്കെ ഉണ്ടായിരുന്നു അപ്പോഴവിടെ. അവിടെനിന്ന് ലണ്ടനിലേക്കു പോയി.
2004ല്‍ ലണ്ടനിലെ സെന്‍ട്രല്‍ സെന്റ് മാര്‍ട്ടിന്‍സ് കോളജ് ഓഫ് ആര്‍ട്സ് ആൻഡ് ഡിസൈനില്‍നിന്ന് സീനോഗ്രഫിയില് എം.എ നേടി. ലണ്ടനിലെ യൂനിവേഴ്സിറ്റി ഓഫ് ദ ആര്‍ട്സിലെ വിംബിള്‍ഡണ്‍ കോളജ് ഓഫ് ആര്‍ട്സിലാണ് ‘Spatial identities and visual language in Indian theatre’ എന്ന വിഷയത്തില്‍ പിഎച്ച്.ഡി ചെയ്തത്. അതിനുശേഷം അധ്യാപകനായി ജോലിചെയ്തു. ഇപ്പോള്‍ ഡൽഹി അംബേദ്കര്‍ സര്‍വകലാശാലയില്‍ പെര്‍ഫോമന്‍സ് സ്റ്റഡീസില്‍ അസോസിയറ്റ് പ്രഫസറാണ്. ഇങ്ങനെയൊക്കെയാണ് നാടകയാത്ര. ആരും അടിച്ച് പഠിപ്പിച്ചതല്ല, സ്വന്തം താൽപര്യപ്രകാരം ജോലിചെയ്ത് ഇഷ്ടവിഷയം പഠിച്ചു എന്നതിന്റെ ഒരു സുഖമുണ്ട്.
‘ഖസാക്കിന്റെ ഇതിഹാസ’ത്തിനും ‘ഉബുറോയി’ക്കുമെല്ലാം മുന്നേ 1998ല്‍ ചെയ്ത ‘ലോര്‍ഡ് ഓഫ് ൈഫ്ലസ്’ ആണ് എന്റെ ആദ്യ നാടകം. പിന്നീട് ‘കമല’ (2002), ‘ഡ്രീം ഓഫ് ഡെത്ത്’ (2004), ‘ദ സര്‍ക്കിള്‍ ഓഫ് ദ സീസണ്‍സ്’ (2004), ‘സ്പൈനല്‍ കോര്‍ഡ്’ (2009), ‘പീര്‍ ഗിന്റ്’ (2010), ‘ലിറ്റില്‍ പ്രിന്‍സ്’ (2013), ‘േപ്രാജക്ട് നൊസ്റ്റാൾജിയ’ (2014), ‘ഇറ്റ്സ് കോള്‍ഡ് ഇന്‍ ഹിയര്‍’ (2018), ‘ദ കാബിനറ്റ് ഓഫ് ഡോ. കാലിഗരി’ (2015), ‘നാഷനലിസം േപ്രാജക്ട്’ (2018), ‘ഡാര്‍ക് തിങ്സ്’ (2018) എന്നിങ്ങനെ. മുപ്പതോളം രാജ്യാന്തര ചലച്ചിത്രമേളകളില്‍ നാടകം അവതരിപ്പിച്ചു. തൃശൂരില്‍ നടന്ന ഇറ്റ്ഫോക് ഇന്റര്‍നാഷനല്‍ തിയറ്റര്‍ ഫെസ്റ്റിവലിന്റെ ക്യുറേറ്റര്‍ ആയിരുന്നു.
അരങ്ങുണർവ്
കേരളത്തിൽ നാടകത്തിന് പൊതുവാ യൊരു ഉണർവുണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്തിരുപത് വർഷമായി കേരളത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നാടക വളർച്ചയുടെ അനന്തരഫലമായാണ് ഇറ്റ്ഫോക് പോലുള്ള മേളകൾ ഉണ്ടാകുന്നത്. കേരളത്തിൽ നാടകത്തിന് നല്ല വളർച്ചയുടെ സമയമാണിപ്പോൾ. ‘ഖസാക്കിന്റെ ഇതിഹാസവും’, ‘ഉബുറോയി’യുമെല്ലാം കാണാൻ 2500-3000 ആളുകളൊക്കെ വരാറുണ്ട്. അത്ര വലിയ സദസ്സിനു മുന്നിൽ നാടകം കളിച്ച ചരിത്രം നമുക്കില്ല.
ഉത്സവപ്പറമ്പുകളിലൊക്കെ പോയി സൗജന്യമായി നാടകം കണ്ടിരുന്ന മലയാളികൾ പൈസ മുടക്കി നാടകം കാണാൻ തുടങ്ങുമ്പോൾ അവതരണത്തിലും ആവിഷ്കാരത്തിലും അതിനനുസൃതമായ മാറ്റം വരും. അങ്ങനെയൊരു നാടക സംസ്കാരം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് പുതിയ കാല നാടകത്തിന്റെ സവിശേഷത. അങ്ങനെയാവുമ്പോൾ നാടകം അഭിനയിക്കുന്ന ആളുകളുടെ ജീവിത സാഹചര്യവും അവസ്ഥയുമൊക്കെ മാറും.
കേരളത്തിലെ നാടകത്തിന്റെ മാർക്കറ്റിനെക്കുറിച്ച് സംസാരിക്കണമെങ്കിൽ 50 വർഷമെങ്കിലും കഴിയേണ്ടിവരും. കേരളത്തിൽ നാടകത്തെ സാംസ്കാരിക പ്രവർത്തനം എന്ന നിലയിൽ മാത്രമാണ് ഇപ്പോഴും കാണുന്നത്. സ്വാഭാവികമായും നാടകം സാംസ്കാരിക പ്രവർത്തനമാണ്. എന്നാൽ അതുമാത്രമല്ല, അതിനൊപ്പംതന്നെ ഒരുപാട് ആളുകൾക്ക് അതൊരു പ്രഫഷൻകൂടിയാണ്. മറ്റു കലാരൂപങ്ങളെ വെച്ചു നോക്കുകയാണെങ്കിൽ, അവക്കെല്ലാം അതിേന്റതായ വിപണന സാധ്യതയുണ്ട്. നാടക കലാകാരന്മാർക്കും ജീവിക്കണ്ടേ. മുഴുവൻ സമയവും കല ചെയ്തുകൊണ്ടിരിക്കുന്ന കലാകാരന് ജീവിക്കണമെങ്കിൽ കലയിൽനിന്നുതന്നെ പണം കിട്ടേണ്ടിയിരിക്കുന്നു.
നാടക മാർക്കറ്റ് ശരിക്കുമൊരു പ്രശ്നമാണ്, അതുകൊണ്ടാണല്ലോ ഇപ്പോഴും അതിനെക്കുറിച്ചു തന്നെ സംസാരിക്കേണ്ടിവരുന്നത്. അടുത്തകാലത്തുണ്ടായ പോസിറ്റിവായ ഒരു മാറ്റം ഇവിടെയുള്ള ഇന്റർനാഷനൽ ഫെസ്റ്റിവലുകളാണ്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ കുറിച്ച് തന്നെ പറയുകയാണെങ്കിൽ കുറേ ആളുകൾ ടിക്കറ്റെടുത്ത് അത് കണ്ടു. നാടകം ഉണ്ടാക്കുക എന്നതുമാത്രമല്ല അതിന്റെ വിതരണം, അത് എങ്ങനെ ആളുകളുമായി സംവദിക്കുന്നു, എങ്ങോട്ടൊക്കെ സഞ്ചരിക്കുന്നു അതെങ്ങനെ പെർഫോം ചെയ്യണം എന്നൊക്കെയുള്ള കാര്യത്തിൽ കൃത്യമായി പദ്ധതികൾ ഉണ്ടായിട്ടുണ്ട്. ‘ഉബുറോയി’യുടെ ഷോ മുഴുവൻ ടിക്കറ്റ് വെച്ചായിരിക്കും.
മലയാളികൾ പൊതുവെ ടിക്കറ്റെടുത്ത് നാടകം കാണുന്ന തരത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ടി.വി ചാനലുകളോ സിനിമയോ ഒക്കെ ആണ് ഇവരിൽ പലർക്കും കാണാൻ കഴിഞ്ഞിരുന്ന കലാരൂപം. അവിടേക്കാണ് തുറന്ന അരങ്ങുമായി വ്യത്യസ്ത ദൃശ്യഭാഷയുള്ള തിയറ്റർ വരുന്നത്.
വീഴുന്ന തിരശ്ശീല
നാടകവേദിയെന്നാൽ സ്റ്റേജും കർട്ടനുമൊക്കെയാണല്ലോ പരിചിതം. കേരളത്തിലും പുറത്തുമുള്ള പല സംവിധായകരും നേരത്തേതന്നെ നാടകത്തിന്റെ പല വ്യത്യസ്ത വശങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. 1970കളുടെ അവസാനത്തിൽ കാവാലം നാരായണപ്പണിക്കരുടെ ‘അവനവൻ കടമ്പ’ ഇത്തരമൊരു പരീക്ഷണ അവതരണമായിരുന്നു. പിന്നീടും ഇത്തരത്തിൽ നിരവധി അരങ്ങുകൾ ഉണ്ടായി. ജോസ് ചിറമ്മൽ, ജി. ശങ്കരപ്പിള്ള തുടങ്ങിയവരൊക്കെ അരങ്ങിന്റെ വിവിധ സാധ്യതകൾ ഉപയോഗപ്പെടുത്തിയവരാണ്. പക്ഷേ, ആ നാടകങ്ങളെല്ലാം എത്രമാത്രം ജനങ്ങളിലേക്ക് എത്തിയെന്ന് ചിന്തിക്കണം. നാടകം തുറന്ന അരങ്ങിലേക്ക് വരുകയും ജനകീയമായി കാണികളിലേക്ക് എത്തുകയും ചെയ്യുന്നത് ഇപ്പോഴായിരിക്കും.
കെ.പി.എ.സി നാടകങ്ങളൊക്കെ നൽകിയ കാഴ്ചാശീലത്തെ മറികടക്കുന്ന രീതിയിലുള്ള ഇടപെടലുണ്ടായത് ഇപ്പോഴാണ്. ഒബ്ജക്ട് തിയറ്റർ, സീനോഗ്രാഫ് തിയറ്റർ തുടങ്ങിയവയൊക്കെ കാണികളിൽ വളരെ ആഴത്തിലുള്ള അനുഭവമാണ് ഉണ്ടാക്കുന്നത്. നാടകത്തിന്റെ കാഴ്ച മാത്രമല്ല, മണം, രുചി ഇങ്ങനെയൊരുപാട് കാര്യങ്ങളുണ്ട്. പുതിയ ഘടന പരീക്ഷിക്കാനുള്ള കാരണംതന്നെ അതാണ്. കസേരയിൽ ഇരുന്ന് സ്റ്റേജിൽ നടക്കുന്നത് കാണുന്നതിന് പകരം കാണികൾക്കിടയിൽ നടക്കുന്ന തരത്തിലേക്ക് മാറി. ജീവിതവുമായി തൊട്ടടുത്ത ബന്ധമുള്ള ആവിഷ്കാരങ്ങൾ. ഇങ്ങനെ ഉണ്ടാകുമ്പോഴാണ് ആളുകൾക്ക് എക്സൈറ്റ്മെന്റ് ഉണ്ടാകുക.
ട്രാവലിങ് തിയറ്റർ
വേദി ഇല്ലാത്ത ഇടങ്ങളിൽ ചെന്ന് സെറ്റൊരുക്കിയും ക്യാമ്പ് ചെയ്തും യാത്ര ചെയ്യുന്ന തിയറ്ററാണ് ‘ഉബുറോയി’യുടേത്. ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്രചെയ്ത് കേരളത്തിന്റെ പലഭാഗത്തും കളിക്കും. യൂറോപ്പിലൊക്കെ ‘ട്രാവലിങ് തിയറ്റർ’ സാധാരണമാണ്. അങ്ങനെയൊക്കെ ചെയ്താലേ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്ക് സ്ഥിരവരുമാനം ലഭിക്കൂ.
കല, കാലം, സംവാദം
കല കാലത്തോട് സംവദിക്കുക എന്നത് എല്ലാ കാലത്തും പ്രാധാന്യമുള്ള ഒന്നാണ്. ഗ്രീക്, സംസ്കൃതം, ഷേക്സ്പിയർ നാടകങ്ങളെല്ലാം അത് എഴുതിയ കാലത്തോട് സംവദിച്ചുകൊണ്ട് ഉണ്ടായവയാണ്. 127 കൊല്ലം മുമ്പെഴുതിയ ‘ഉബുറോയി’ എന്ന നാടകം അന്ന് ഫ്രാൻസിലുള്ള നാടക മേഖലയിലും മറ്റും ഉണ്ടായിട്ടുള്ള മൂല്യച്യുതിയെ കുറിച്ചാണ്. ജാരി എന്ന 23 വയസ്സുകാരന്റെ വളരെ ശക്തമായ ഇടപെടലാണ് ഈ നാടകം. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’, ‘ഇത് ഭൂമിയാണ്’, ‘ജ്ജ് നല്ല മനുഷ്യനാകാൻ നോക്ക്’, ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’, ‘പാട്ടബാക്കി’ തുടങ്ങി മലയാളത്തിലും ഒരുപാട് നാടകങ്ങൾ ഉദാഹരണമായി പറയാനുണ്ട്. ഓരോ കാലത്തോടും സംവദിച്ചവയാണ് ഇവയെല്ലാം. നാടകത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. അതേസമയം, എല്ലാ നാടകങ്ങളും രാഷ്ട്രീയ നാടകങ്ങൾ ആയിരിക്കണമെന്ന അഭിപ്രായവുമില്ല.
വീണ്ടും ‘ഉബുറോയി’
ഉബുറോയിയിൽ വിഷയപരമായ മാറ്റങ്ങളില്ല. പഴയ അതേ േപ്ലാട്ട് തന്നെയാണ് ഇപ്പോൾ ചെയ്യുന്നത്. 2023ൽ ഇത് സംഭവിക്കുന്നത് മലയാള ഭാഷയിലേക്കുള്ള അഡാപ്ഷനായാണ്. സ്വാഭാവികമായും ഭാഷാപരമായ മാറ്റമുണ്ട്. 126 വര്‍ഷം മുമ്പ് ആൽഫ്രഡ് ജാരി ‘ഉബുറോയി’ നാടകം ആദ്യമായി പാരിസിൽ അവതരിപ്പിച്ചപ്പോൾ അത് നാടകരംഗത്തെ എല്ലാ സാമ്പ്രദായികതകളെയും സമൂഹത്തിലെ പല പൊതുധാരണകളെയും പിടിച്ചുലച്ചു. അന്ന് 23 വയസ്സായിരുന്നു ആല്‍ഫ്രഡ് ജാരിക്ക്. ആദ്യ വേദിയിൽതന്നെ അരങ്ങൊഴിയേണ്ടിവന്ന നാടകമായിരുന്നു അത്.
11 വര്‍ഷത്തിനുശേഷം തന്റെ 34ാം വയസ്സില്‍, നാടകകൃത്ത് ആല്‍ഫ്രഡ് ജാരി ജീവിതത്തോട് വിടപറഞ്ഞു. ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന് സാമൂഹികമായ അംഗീകാരമൊന്നും കിട്ടിയില്ല. ‘ഉബുറോയി’ അടക്കം ആറു നാടകങ്ങളും പിന്നീട് പ്രശസ്തമായ ‘ദ സൂപ്പർ മെയില്‍’ അടക്കം ഏഴ് നോവലുകളും വിവിധ ജനുസ്സുകളിലായി ആറ് കൃതികളും ജാരിയുടേതായുണ്ട്. സാധാരണ നാടകത്തിൽ സാഹിത്യത്തിന് (സംഭാഷണത്തിന്) കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. ഡയലോഗ്, കോൺവർസേഷൻ എന്നിവക്കൊപ്പംതന്നെ പ്രാധാന്യമുണ്ട് ‘ഉബുറോയി’യിൽ ഉപയോഗിക്കുന്ന വസ്ത്രം, വസ്തുവകകൾ, സെറ്റ്, സബ്ജക്ടുകൾ, സ്മോക്, നൈറ്റ്, മ്യൂസിക്, ഫീൽ ഇവക്കെല്ലാം. നാടകം ടോട്ടൽ എക്സ്പീരിയൻസ് ആയിരിക്കും. വ്യത്യസ്ത കാഴ്ചാനുഭവമുണ്ട്.
ഓക്സിജൻ തിയറ്റർ കമ്പനി അവതരിപ്പിക്കുന്ന നാടകത്തിന്റെ നിർമാണം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ആണ്. ജെയിംസ് ഏലിയ, കെ. ഗോപാലൻ, കല്ലു കല്യാണി, സി.ആർ. രാജൻ, ജോസ് പി. റാഫേൽ തുടങ്ങിയ പ്രമുഖ അഭിനേതാക്കൾ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്ന നാടകത്തിൽ 18 കഥാപാത്രങ്ങളുണ്ട്.
നാടകം വെറും കഥപറച്ചിലല്ല
മനുഷ്യനും മനുഷ്യനും തൊട്ടടുത്ത് ഇരിക്കുന്ന കലാരൂപം തിയറ്റർ മാത്രമാണ്. സാഹിത്യം വായിച്ചെടുക്കണമെങ്കിൽ അതെഴുതിയ ആൾ കൂടെ ഇരിക്കണമെന്നില്ല. ചിത്രകല കാണണമെങ്കിൽ ചിത്രകാരൻ കൂടെ വേണമെന്നില്ല. സിനിമയും അങ്ങനെതന്നെ. തിയറ്റർ അങ്ങനെയല്ല, അഭിനയിച്ചുകൊണ്ടിരിക്കുന്ന കലാപ്രവർത്തകർ കൂടെ ഉണ്ടാകണം. എന്നാൽ മാത്രം സാധിക്കുന്ന സംഗതിയാണ് തിയറ്റർ. അതുകൊണ്ട് തിയറ്ററിനകത്ത് അതിനുവേണ്ടി ഉപയോഗിക്കുന്ന ടെക്സ്റ്റ് ആയാലും വിഷയമായാലും ഈ പറയുന്ന ലൈവായിട്ടുള്ള പെർഫോമൻസ് അനുഭവവേദ്യമാക്കുന്ന തരത്തിലായിരിക്കണം.
വെറുമൊരു കഥപറച്ചിലിൽ പോരായ്മ വന്നേക്കാം. അതിനകത്ത് കുറച്ചുകൂടി അടരുകളുള്ള, സാധ്യതയുള്ള ടെക്സ്റ്റാണ് തിയറ്ററിനായി തിരഞ്ഞെടുക്കാറുള്ളത്. എന്റെ രാഷ്ട്രീയം, എന്റെ സാമൂഹികബോധം, കാലിക പ്രസക്തമായ വിഷയം, പ്രാദേശികത –ഇങ്ങനെയൊക്കെ– എവിടെയാണ് നാടകം ചെയ്യുന്നത് ആ പ്രദേശത്തിന്റെ മണ്ണുമായുള്ള ബന്ധമുണ്ട്. ഇങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങൾ ഒരു നാടകം തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ വരാറുണ്ട്. അതൊക്കെ സ്വാധീനിക്കാറുമുണ്ട്.
ചാള്‍സ് വാലസ് ഇന്ത്യ ട്രസ്റ്റ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, തുടര്‍ച്ചയായ രണ്ടു വര്‍ഷം മഹീന്ദ്ര എക്സലന്‍സ് ഇന്‍ തിയറ്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച വ്യക്തികൂടിയാണ് ദീപൻ ശിവരാമൻ.
(ചിത്രങ്ങൾ പി.ബി. ബിജു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.