മരുന്നിന് ആവശ്യക്കാർ ഏറുന്നു; മെഡിസിൻ ബാങ്ക് പദ്ധതി വിപുലീകരിക്കാൻ ഹംസക്കോയ
text_fieldsആലുവ: നിർധന രോഗികൾക്ക് ആശ്വാസമേകാൻ സൗജന്യ മരുന്ന് വിതരണം എന്ന ആശയവുമായി ഇറങ്ങിത്തിരിച്ചയാളാണ് ഹംസക്കോയ. സാഹിത്യകാരനും ജീവകാരുണ്യ പ്രവർത്തകനുമായ അദ്ദേഹം ഇതിനായി കണ്ടെത്തിയതാണ് മെഡിസിൻ ബാങ്ക് പദ്ധതി. ഒരു നേരത്തെ മരുന്നുപോലും വാങ്ങാൻ കഴിയാതെ വേദന കടിച്ചിറക്കുന്നവർക്ക് സാന്ത്വനമേകാൻ ആലുവ തോട്ടക്കാട്ടുകരക്കാരനായ അദ്ദേഹം സ്ഥാപിച്ച മരുന്ന് ശേഖരണപ്പെട്ടികൾ വിവിധ ഭാഗങ്ങളിൽ ഇന്ന് നിറഞ്ഞുനിൽക്കുന്നുണ്ട്.
2017 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച ഈ മരുന്ന് ശേഖരണം 10 പെട്ടിയിൽ തുടങ്ങി ഇപ്പോൾ 64 പെട്ടിയിൽ എത്തി നിൽക്കുകയാണ്. ഇതുവരെ ഏകദേശം മൂന്നുകോടി വില വരുന്ന മരുന്നുകൾ ഇതിലൂടെ സ്വരൂപിക്കാനായി. വിവിധ പാലിയേറ്റിവ് യൂനിറ്റുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയിലൂടെയാണ് ഇത്തരത്തിലുള്ള മരുന്നുകൾ അർഹരുടെ കൈകളിലെത്തിക്കുന്നത്. പദ്ധതിയിലെ ആദ്യ 10 പെട്ടികൾ അന്നത്തെ ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടനാണ് സ്പോൺസർ ചെയ്തത്. പിന്നീട്, ഡോ. ടോണി ഫെർണാണ്ടസ്, അർജുന കുഞ്ഞച്ചൻ, കെ.ഇ. ഉണ്ണി തുടങ്ങിയ ജീവകാരുണ്യ പ്രവർത്തകർ സഹായവുമായി രംഗത്തെത്തിയിരുന്നു.
പെട്ടികളിൽ മനുഷ്യസ്നേഹികൾ നിക്ഷേപിക്കുന്ന മരുന്നുകൾ ഹംസക്കോയ തന്നെയാണ് ശേഖരിക്കാറുള്ളത്. പലപ്പോഴും അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കൾ ഇതിനായി സഹായിക്കാറുണ്ട്. പ്രായാധിക്യമടക്കം പ്രശ്നങ്ങൾ കാരണം പദ്ധതി വിപുലമാക്കേണ്ടെന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാൽ, വിവിധ ഭാഗങ്ങളിൽനിന്ന് സൗജന്യമരുന്നിനായി ആവശ്യക്കാർ ഏറിവരുകയാണ്. മരുന്ന് ആവശ്യപ്പെടുമ്പോൾ നൽകാതിരിക്കാൻ ഹംസക്കോയക്ക് മനസ്സ് വരുന്നില്ല.
കൂടുതൽ മരുന്ന് ശേഖരണപ്പെട്ടികൾ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. 100 പെട്ടികളെങ്കിലും സ്ഥാപിക്കണമെന്നാണ് ആഗ്രഹം. നഗരത്തിലെ മുഖ്യമായ സ്ഥലങ്ങളിലും പൊതുജന സമ്പർക്കമുള്ള പ്രദേശങ്ങളിലുമാണ് മരുന്ന് ശേഖരണപ്പെട്ടികൾ സ്ഥാപിച്ചിട്ടുള്ളത്. ആദ്യതവണ ലഭിച്ച മരുന്നുകൾ ആലുവ ജില്ല ആശുപത്രിക്കും പിന്നീട് ലഭിച്ചത് വെളിയത്തുനാട് വെൽഫെയർ ട്രസ്റ്റ് അഗതി മന്ദിരത്തിനുമാണ് നൽകിയത്.
തണൽ പാലിയേറ്റിവ് കെയറിന്‍റെ വിവിധ യൂനിറ്റുകൾക്ക് മരുന്ന് നൽകുന്നുണ്ട്. കൊടുങ്ങല്ലൂരിലെ പുന്നക്കാബസാറിലെ പാലിയേറ്റിവ് കെയർ സെന്‍ററാണ് ഏറ്റവും കൂടുതൽ മരുന്ന് കൊണ്ടുപോകുന്നത്. ശ്രീനാരായണ മെഡിക്കൽ കോളജ്, പറവൂരിലെ ചൈതന്യ ഹോസ്പിറ്റൽ എന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകളിലും മരുന്ന് വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.