സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരം; വയനാടിന്റെ അഭിമാനമായി ഷെറിൻ ഷഹാനയും നിബിൻ മാത്യുവും
text_fieldsകൽപറ്റ: സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരത്തിൽ വയനാടിന് അഭിമാനമായി രണ്ടുപേർ. ദുരിതങ്ങളുടേയും ദുരന്തങ്ങളുടേയും തീച്ചൂളയിൽനിന്ന് സിവിൽ സർവിസിലേക്ക് ചിറകടിച്ചുയർന്ന കബ്ലക്കാട് സ്വദേശിനി ഷെറിൻ ഷഹാനയും ടെന്നിസ് കോർട്ടിൽ ബ്ലൈൻഡ് ടെന്നിസ് ചമ്പ്യനായി ഇന്ത്യയുടെ അഭിമാനമായി മാറിയ കാക്കവയൽ സ്വദേശി നിബിൻ മാത്യുവുമാണ് ഈ വർഷത്തെ സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരത്തിന് അർഹരായി വയനാടിന്റെ അഭിമാനമായത്.
ഭിന്നശേഷിക്കാരിലെ മികച്ച റോൾമോഡലിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരത്തിനാണ് ചക്രക്കസേരയിലിരുന്ന് സിവിൽ സർവിസ് പരീക്ഷയെഴുതി 913ാം റാങ്ക് നേടി ഇപ്പോൾ ലഖ്നോവിൽ ഇന്ത്യൻ റെയിൽവേസ് മാനേജ്മെന്റ് സർവിസിലെ (ഐ.ആർ.എം.എസ്) ഗ്രൂപ്പ് എ സർവിസിൽ പരിശീലനത്തിലുള്ള ഷെറിൻ ഷഹാന അർഹയായത്. 2017ൽ വീടിന്റെ ടെറസിനു മുകളിൽ നിന്നു വീണ് ചലനശേഷി നഷ്ടപ്പെട്ട ഷെറിൻ ഷഹാന ജീവിതത്തിലെ കടുത്ത വെല്ലുവിളികളെ ധീരമായി നേരിട്ടാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. പഠന സമയത്ത് തന്നെ കുട്ടികൾക്കു ട്യൂഷനെടുക്കാനും ഓൺലൈനായി ക്ലാസെടുക്കാനും ഷെറിൻ മിടുക്ക് കാണിച്ചു.
നിലവിൽ കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശാന്തി നികേതൻ എന്ന എൻ.ജി.ഒ വഴി ഭിന്നശേഷി കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ, ബോധവത്കരണ ക്ലാസുകൾ എന്നിവ നൽകിവരുന്നുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടനയായ ‘കാരവാനു'മായി സഹകരിച്ച്, കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്ന പ്രവർത്തനങ്ങളിലും ഷറിൻ ഷഹാന സജീവമാണ്.
കാക്കവയൽ സ്വദേശി നിബിൻ മാത്യുവിന് സാമൂഹികനീതി വകുപ്പിന്റെ ഭിന്നശേഷി വിഭാഗത്തിലെ മികച്ച കായിക താരത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. കാഴ്ചപരിമിതിയുള്ളവർക്കായുള്ള രാജ്യാന്തര ബ്ലൈൻഡ് ടെന്നിസ് ചമ്പ്യനായ താരമാണ് നിബിൻ മാത്യു.
ഇന്ത്യയിൽ നിന്നുള്ള ആദ്യ രാജ്യാന്തര ബ്ലൈൻഡ് ടെന്നിസ് ചമ്പ്യൻ എന്ന ബഹുമതിയും ഇദ്ദേഹത്തിനുണ്ട്. രാജ്യാന്തര ബ്ലൈൻഡ് സ്പോർട്സ് ഫെഡറേഷൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി വെങ്കലമെഡലും നേടിയിട്ടുണ്ട്. 2019മുതലാണ് നിബിൻ സൗണ്ട് ബോൾ ടെന്നിസ് പരിശീലിച്ചു തുടങ്ങിയത്. 2021ൽ ഗ്ലോബൽ ഇനിഷ്യേറ്റിവ് ഫോർ ഇൻക്ലൂസിവ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയിൽ നിന്നു സ്കോളർഷിപ് നേടി. യു.കെയിലെ ബിർമിങ്ഹാമിൽ ഈ വർഷം നടന്ന രാജ്യാന്തര ഗെയിംസിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ലണ്ടൻ ട്രിനിറ്റി കോളജ് വയലിനിൽ മൂന്നാം ഗ്രേഡ് ലഭിച്ചു. നിലവിൽ രാജ്യാന്തര ബ്ലൈൻഡ് ടെന്നിസ് ഫെഡറേഷന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് നിബിൻ. കാഴ്ചപരിമിതിയുള്ള ചെറുപ്പക്കാരെ ബ്ലൈൻഡ് ടെന്നിസ് പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് നിബിൻ. രണ്ടുപേരുടേയും പരിമിതികൾക്കിടയിലും ജീവിത പ്രയാണത്തിൽ സ്വപ്ന തുല്യമായ നേട്ടങ്ങൾ കൈവരിച്ചത് സംബന്ധിച്ച് മാധ്യമം നേരത്തേ വാർത്ത നൽകിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.