ആഗ്രഹം പൂവണിഞ്ഞു; മുഹമ്മദ് സൽമാൻ ഒറ്റനാൾ 'കമ്മീഷണറാ'യി
text_fieldsബംഗളൂരു: മൂന്നു വർഷം മുമ്പാണ് ഒരു പ്രളയത്തിൽ കോട്ടയം ജില്ലയിലെ തിരുവാർപ്പ്- ഇല്ലിക്കൽ റോഡ് തകരുന്നത്. റോഡിന്റെ ദുരവസ്ഥ കാണാൻ കുതിച്ചെത്തിയ കോട്ടയം എസ്.പിയുടെ വരവും വാഹനവ്യൂഹവും കണ്ട അന്നത്തെ 10 വയസ്സുകാരനായ മുഹമ്മദ് സൽമാന്റെ മനസ്സിൽ ഐ.പി.എസുകാരനാവണമെന്ന ആഗ്രഹം മൊട്ടിട്ടു. ഒന്നര വയസ്സുമുതൽ തലാസീമിയ രോഗം കീഴ്പ്പെടുത്തിയെങ്കിലും തെല്ലും തോൽക്കാനിട നൽകാതെയാണ് അവൻ മനസ്സിനെ പരുവപ്പെടുത്തിയത്.
ഒടുവിൽ വ്യാഴാഴ്ച ബംഗളൂരുവിൽ ഐ.പി.എസ്സുകാരന്റെ കസേരയിൽ ഒരു ദിവസത്തേക്കെങ്കിലും അവനിരിക്കുമ്പോൾ, അകലെ കോട്ടയത്ത് അന്ന് ഐ.പി.എസ് ആഗ്രഹത്തിന്റെ വിത്തു മനസ്സിലിട്ട സംഭവത്തിന് നിമിത്തമായ തിരുവാർപ്പ്- ഇല്ലിക്കൽ റോഡ് ജനങ്ങൾക്കായി തുറന്നു നൽകുന്ന ചടങ്ങ് നടക്കുകയായിരുന്നു.
ആകസ്മികമായി രണ്ടു ചടങ്ങും ഒരേ ദിനമായതിലെ സന്തോഷവും സൽമാൻ പങ്കുവെച്ചു. ബംഗളൂരു സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമീഷണർ ഓഫിസിലാണ് കോട്ടയം ഇല്ലിക്കൽ മുജീബുറഹ്മാൻ- ജാരിമോൾ ദമ്പതികളുടെ മകൻ മുഹമ്മദ് സൽമാൻ ഒരു ദിവസം ഐ.പി.എസ്സുകാരനായത്. മേക്ക് വിഷ് ഫൗണ്ടേഷനും ബംഗളൂരു സിറ്റി പൊലീസും ചേർന്ന് സംഘടിപ്പിക്കുന്ന 'കമീഷണറായി ഒരു ദിനം' പദ്ധതിയുടെ ഭാഗമായാണ് ഈ 14 കാരന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
ബൊമ്മസാന്ദ്ര നാരായണ ഹോസ്പിറ്റലിൽ ചികിത്സ തേടുന്നതിനിടെയാണ് സൽമാനെ തേടി അസുലഭാവസരം എത്തിയത്. വ്യാഴാഴ്ച രാവിലെ ബൊമ്മസാന്ദ്ര ചന്താപുരയിലെ വാടക ഫ്ലാറ്റിൽനിന്ന് മാതാപിതാക്കൾക്കും ചേച്ചി സുമയ്യക്കുമൊപ്പം ടാക്സിയിൽ പുറപ്പെട്ട് 10.30 ഓടെ മേക്ക് വിഷ് ഫൗണ്ടേഷന്റെ ഓഫിസിലെത്തി. അവിടെ നിന്ന് ഐ.പി.എസ്സുകാരന്റെ യൂനിഫോം അണിഞ്ഞ് കോറമംഗലയിലെ ഡി.സി.പി ഓഫിസിലേക്ക്. സല്യൂട്ടോടെ സ്വീകരിച്ച് ഡി.സി.പിയുടെ കസേരയിലിരുത്തി.
സന്തോഷമായോ എന്ന് ഡി.സി.പി സി.കെ. ബാബയുടെ ചോദ്യം. മനംനിറഞ്ഞെന്ന് സൽമാന്റെ മറുപടി. ഐ.പി.എസ് എന്ന സ്വപ്നം മുറുകെ പിടിക്കണമെന്ന് ഡി.സി.പിയുടെ ഉപദേശം. കൂടെ ഒരു സമ്മാനവും നൽകി. ഫ്രാൻസസ്ക് മിറാലസ് എഴുതിയ 'ഇകിഗായ് ഫോർ ടീൻസ്: ഫൈൻഡിങ് യുവർ റീസൺ ഫോർ ബീയിങ്' എന്ന പ്രചോദനാത്മക പുസ്തകവും ഒരു പേനയുമാണ് അദ്ദേഹം സമ്മാനമായി നൽകിയത്. ഡി.സി.പി ബാഡ്ജ് കുത്തി നൽകി. അർബുദ രോഗത്തിന് ചികിത്സ തേടുന്ന മൈസൂരു സ്വദേശി മിഥിലേഷ് എന്ന 14 കാരനും സൽമാനൊപ്പം യൂനിഫോമണിഞ്ഞെത്തിയിരുന്നു.
പിന്നീട് കോറമംഗല പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസുകാർ സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. തന്റെ ജീവിതത്തിൽ ഏറെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇതെന്ന് സൽമാൻ പറഞ്ഞു. കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് സൽമാൻ. മേക്ക് എ വിഷ് ഭാരവാഹികളായ അരുൺകുമാർ, ഭാസ്കോ, ക്രസ് ലി, മലയാളി കൂട്ടായ്മയായ സാന്ത്വന ഭാരവാഹി ഷൈൻ മുഹമ്മദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.