ജീവിതത്തിന് തണലേകാൻ കുട നിർമിച്ച് മാലിക്
text_fieldsകോഴിക്കോട്: ശാരീരിക പരിമിതികളിൽ തളരാതെ ജീവിതത്തോട് പൊരുതുകയാണ് പൂവാട്ടുപറമ്പ് സ്വദേശി മാലിക്. ജീവിതത്തിന് തണലാകാൻ കുട നിർമാണത്തെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ 57 ഓളം സുഹൃത്തുക്കളും നിർമാണത്തിൽ പങ്കാളികളാകുന്നുണ്ട്.
15 വർഷങ്ങൾക്ക് മുമ്പ് റോഡപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതോടെ തളർന്നതാണ് ശരീരം. എന്നാൽ മാലിക്കിന്‍റെ മനസ്സിനെ തളർത്താൻ അപകടങ്ങൾക്കായിട്ടില്ല. ശാരീരിക അവശതകൾക്കൊന്നും കീഴടങ്ങാതെ കുടുംബത്തിന്‍റെ നിലനിൽപ്പിനു വേണ്ടി മണിക്കൂറുകൾ ചെലവഴിച്ച് പലതരം കുടകൾ നിർമിക്കുകയാണ് ഇദ്ദേഹം. കുട്ടികൾക്കുള്ള കുടകൾ, രണ്ട്, മൂന്ന്, അഞ്ച് ഫോൾഡ് കുടകൾ, ഫാൻസി, കളർപ്രിന്‍റ്, കാലൻ കുടകൾ തുടങ്ങി വിവിധയിനങ്ങൾ നിർമിക്കുന്നുണ്ട്. കുടക്കിറ്റുകൾ വരുത്തി വീട്ടിൽ നിന്നാണ് നിർമാണം.
കോവിഡ് കാലത്ത് വളരെ ബുദ്ധിമുട്ടിയെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ച് സ്കൂളുകൾ തുറന്നത് പ്രതീക്ഷ നൽകുന്നുണ്ടെന്ന് മാലിക് പറഞ്ഞു. മഴക്കാലവും സ്കൂളുകൾ തുറക്കുന്നതും മൂലം കുടകൾക്ക് ആവശ്യക്കാരേറും എന്ന പ്രതീക്ഷയിലാണ് മാലിക്. വാട്സ്ആപ്പ് വഴി ഏത് ജില്ലയിലെ ആവശ്യക്കാർക്കും കുടകൾ എത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കുടകൾ ആവശ്യമുള്ളവർക്ക് 8907236410 എന്ന നമ്പറിൽ മാലിക്കിനെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.