ശുദ്ധജല കർഷക അവാർഡ്: ദിലീപ് കുമാറിനിത് അർഹിച്ച അംഗീകാരം
text_fieldsകൊല്ലങ്കോട്: 15 വർഷമായി ചെയ്യുന്ന മത്സ്യകൃഷിയിൽ ദിലീപ് കുമാറിനെയിപ്പോൾ തേടിയെത്തിയത് മികവിനുള്ള അംഗീകാരം. ശുദ്ധജല മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡിന് അർഹനായ പയലൂർ പടിഞ്ഞാറെത്തറ പുഷ്പ വിലാസിൽ ദിലീപ് കുമാർ കൊല്ലങ്കോട് പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനാണ്. അരുവന്നൂർ പറമ്പിലെ അഞ്ചേക്കർ വരുന്ന കുളത്തിൽ ശാസ്ത്രീയ രീതിയിൽ ബണ്ട് കനപ്പിക്കൽ, കുളമൊരുക്കൽ, സമയബന്ധിതമായി വളപ്രയോഗം നടത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തി ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് ശുദ്ധജല മത്സ്യകൃഷി ചെയ്യുന്നത്.
ആട്, താറാവ്, കോഴി എന്നിവയും കൂട് മത്സ്യകൃഷിയും ഇതോടൊപ്പം ചെയ്യുന്നു. ശാസ്ത്രീയ സമ്മിശ്ര കാർപ്പ് മത്സ്യകൃഷിയുടെ ഗുണഭോക്താവായിരുന്നു ദിലീപ് കുമാർ. നിലവിൽ ജനകീയ മത്സ്യകൃഷിയുടെ കാർപ്പ് മത്സ്യകൃഷി പദ്ധതിയിലും ഉണ്ട്. കുളത്തിൽ ഹാപ്പ നിർമിച്ച് അതിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഒരു മാസത്തോളം നഴ്സറി പരിചരണം നൽകിയാണ് കുളത്തിലേക്ക് തുറന്നുവിടുന്നത്. മത്സ്യകൃഷി പദ്ധതി പ്രകാരം കട്ല, രോഹു മൃഗാൽ ഇനങ്ങളിൽപെട്ട പതിനായിരം മത്സ്യകുഞ്ഞുങ്ങളെ വീതമാണ് നിക്ഷേപിക്കുന്നത്. സൈപ്രിനസ്, ഗ്രാസ്സ് കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ നിക്ഷേപിച്ച് കൃഷി ചെയ്തുവരുന്നുണ്ട്. മത്സ്യത്തിന് സമയബന്ധിതമായി പെല്ലറ്റ് തീറ്റയാണ് നൽകുന്നത്. ചെറിയ രീതിയിൽ തവിടും നൽകുന്നുണ്ട്. ഇടക്കിടെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഫിഷറീസ് വകുപ്പിന്റെ ശാസ്ത്രീയമായ സഹായം ലഭ്യമാകുന്നുണ്ട്.
2023-‘24 സാമ്പത്തിക വർഷത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതിയിലൂടെ 10 ടൺ ഓളം മത്സ്യം ലഭിച്ചു. വലിയ കുളം ആയതിനാലും വർഷം തോറും ജല ലഭ്യത ഉള്ളതിനാലും തുടർച്ചയായ വിളവെടുപ്പ് സാധ്യമാക്കുന്നതാണ് വിജയത്തിന് പ്രധാന കാരണം. ഒരു സീസണിൽ 11 ടണ്ണിൽ കൂടുതൽ മത്സ്യവിളവെടുപ്പ് നടത്താൻ കഴിയുമെന്ന് ദിലീപ് കുമാർ പറയുന്നു. വിളവെടുപ്പിലൂടെ പിടിച്ചെടുക്കുന്ന മത്സ്യം പ്രാദേശികമായി മൊത്തമായും ചില്ലറയായും വിപണനം നടത്തിവരുന്നു. ഫിഷറീസ് വകുപ്പിലൂടെ നൽകിയ 2400 ഗിഫ്റ്റ് തിലാപ്പിയ ശാസ്ത്രീയമായ രീതിയിൽ പരിപാലനം നടത്തി അതിൽനിന്നും ഒരു ടണ്ണോളം മത്സ്യം ഉൽപാദിപ്പിക്കാൻ ദിലീപിന് സാധിച്ചു. 2022-‘23 വർഷത്തെ മികച്ച ശുദ്ധജല കർഷകനുള്ള ജില്ലതല അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ആട്, താറാവ്, കോഴി എന്നിവയുടെ വളർത്തലിലും മുന്നേറുന്ന ദിലീപ് കുമാർ മറ്റു കർഷകർക്ക് മാതൃകയാണെന്ന് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.