Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഡോക്ടർ ലവ്...

ഡോക്ടർ ലവ്...

text_fields
bookmark_border
ഡോക്ടർ ലവ്...
cancel
camera_alt

ഡോ. ഗിരികുമാർ തന്റെ കരിമ്പുലിക്കും പുള്ളിപ്പുലിക്കുമൊപ്പം

യുക്രെയ്ൻ ചാരനെന്ന് കരുതി റഷ്യൻ സേന പിടിച്ചുവെച്ചതാണ് ഇന്ത്യൻ ഡോക്ടർ ഗിരികുമാർ പാട്ടീലിനെ. അവിടെ അദൃശ്യ രക്ഷകരായത് ഗിരി ഓമനിച്ചുവളർത്തിയ പുള്ളിപ്പുലിയും കരിമ്പുലിയും. അവയെ സംരക്ഷിക്കാൻ ഉള്ളതെല്ലാം വിറ്റുകിട്ടിയ 80 ലക്ഷം രൂപക്ക് യുക്രെയ്നിൽ ബോംബ് ഷെൽട്ടർ നിർമിച്ച ഗിരി ആ കഥ പറയുന്നു...

'എന്നെ വിശ്വസിക്കൂ, ഞാൻ ചാരനല്ല...'-ഡോ. ഗിരികുമാർ പാട്ടീൽ പലയാവർത്തി പറഞ്ഞിട്ടും റഷ്യൻ സൈനികർ അത് മുഖവിലക്കെടുത്തില്ല. അവർ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. യുക്രെയ്ൻ അതിർത്തിയിലെ ഒരു ഭൂഗർഭ സെല്ലിലായിരുന്നു അത്. ഗിരികുമാർ അവിടെയെത്തിയിട്ട് രണ്ടുദിവസമായി. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു മിനിബസിൽ നിന്നാണ് ആന്ധ്രപ്രദേശുകാരനായ ഗിരിയെ റഷ്യൻ പട്രോളിങ് സംഘം പിടികൂടുന്നത്. രേഖകൾ പരിശോധിച്ചപ്പോൾ 2016 മുതൽ യുക്രെയ്ൻ പൗരനാണെന്ന് കണ്ടെത്തി.യുക്രെയ്ൻ സേനയുടെ ചാരനാണെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാൻ കണ്ണുകെട്ടി രഹസ്യകേന്ദ്രത്തിലെത്തിച്ചതാണ്.

മണിക്കൂറുകൾ നീളുന്ന ചോദ്യം ചെയ്യൽ. വിശപ്പകറ്റാൻ ഒരുനേരം സൂപ്പും ബ്രഡ് കഷണവും മാത്രം നൽകും. പറയുന്നത് റഷ്യൻ സൈനികർ വിശ്വസിച്ചില്ലെങ്കിൽ ഇനി പുറംലോകം കാണാൻ പോലുമാകില്ല.എങ്കിലും അയാളുടെ ആശങ്ക മറ്റ് രണ്ടുപേരെ കുറിച്ചായിരുന്നു. താൻ ഓമനിച്ചുവളർത്തിയിരുന്ന യാഷ എന്ന ആൺ പുള്ളിപ്പുലിയെയും സബ്രീന എന്ന പെൺ കരിമ്പുലിയെയും കുറിച്ച്. കിലോമീറ്ററുകൾ അകലെ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിലെ സെവെറോഡോണിയക്സിലെ ചെറുനഗരമായ സ്‍വറ്റോവിലാണ് അവരുള്ളത്. അവയെ റഷ്യൻ ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ സ്നേഹത്തിന്റെ ഗിരിനിരയായി നിന്ന് ഗിരി നിർമിച്ച ബോംബ് ഷെൽട്ടറിൽ.

'നിങ്ങളുടെ തടവുകാരൻ ചാരനല്ല'

താൻ സ്‍വറ്റോവിൽ ഓർത്തോപീഡിക് സർജനായിരുന്നെന്നും റഷ്യൻ ബോംബിങ്ങിൽ ആശുപത്രി തകർന്നതിനെ തുടർന്ന് ജോലി തേടി പോളണ്ടിൽ പോകുകയാണെന്നും ഗിരി പറഞ്ഞത് റഷ്യക്കാർ വിശ്വസിച്ചില്ല. ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമാണ് അയാളുടെ വാക്കുകൾക്ക് അവർ അൽപമെങ്കിലും വില കൽപിച്ച് തുടങ്ങിയത്. യുദ്ധം തുടങ്ങിയപ്പോൾ യാഷയെയും സബ്രീനയെയും പിരിയാൻ കഴിയാതെ യുക്രെയ്ൻ വിടാതിരുന്ന ഗിരിയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നു.

അതും യാഷക്കും സബ്രീനക്കുമൊപ്പമുള്ള വിഡിയോകൾ JAGUAR KUMAR എന്ന തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതുമൊക്കെ ഗിരി കാട്ടിക്കൊടുത്തു. മൂന്നാം ദിവസം രാത്രി ഒരു റഷ്യൻ ഓഫിസർ ഗിരിക്കടുത്തെത്തി. 'എന്റെ ഭാര്യ താങ്കളുടെ വിഡിയോകൾ കണ്ടു. നിങ്ങൾ തടവിലാക്കിയിരിക്കുന്നത് ഒരു ചാരനയെല്ല, മൃഗസ്നേഹിയെ ആണെന്ന് പറഞ്ഞു. ഇന്ന് രാത്രി സുഖമായി ഉറങ്ങിക്കൊള്ളുക'- ആ ഉദ്യോഗസ്ഥൻ പറഞ്ഞു.


'എന്റെ ഓമനകൾ അദൃശ്യ രക്ഷകരായി വന്ന നിമിഷമായിരുന്നു അത്. പിറ്റേദിവസം രാവിലെ റഷ്യൻ സേന എന്നെ മോചിപ്പിച്ചു. എന്റെ പാസ്പോർട്ട് കണ്ടുകെട്ടി. പക്ഷേ, ഒരു തിരിച്ചറിയൽ രേഖ തന്നു. പോളണ്ട് അതിർത്തിയിൽ കൊണ്ടുവിട്ടു. അവിടത്തെ ഉദ്യോഗസ്ഥരെ എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിൽ ഞാൻ വിജയിച്ചു. അവർ എനിക്ക് അവിടെ 90 ദിവസം കഴിയാനുള്ള വിസ തന്നു. ഒരു ബസിൽ കയറി ഞാൻ പോളണ്ട് തലസ്ഥാനമായ വാർസോയിലെത്തി. യുക്രെയ്ൻ അഭയാർഥികൾക്കൊപ്പം ഒരു ഡോർമെട്രിയിലായിരുന്നു താമസം. യുക്രെയ്നിലുള്ള യാഷയുടെയും സബ്രീനയുടെയും അവസ്ഥയോർത്ത് ഉള്ളുരുകി...' -ഇപ്പോൾ ലിത്വിയയിലുള്ള ഗിരികുമാർ ആ നാളുകൾ ഓർത്തെടുക്കുന്നു.

ഉള്ളതെല്ലാം വിറ്റ് ബോംബ് ഷെൽട്ടർ

യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ മൃഗശാലയിൽ നിന്നാണ് 'ലെപ്ജാഗ്' (ആൺ പുള്ളിപ്പുലിയും പെൺ ജഗ്വാറും ചേർന്ന അപൂർവ ഹൈബ്രിഡ്) ആയ യാഷയെയും സബ്രീനയെയും 42കാരനായ ഗിരി വാങ്ങുന്നത്. യാഷക്ക് രണ്ട് വയസ്സ് കഴിഞ്ഞു. സബ്രീനക്ക് 14 മാസവും. ഇവരെ കൂടാതെ മൂന്ന് വളർത്തുനായ്ക്കളും ഗിരിക്കുണ്ട്. ഓമനമൃഗങ്ങൾക്കൊപ്പമുള്ള വിഡിയോകൾ പോസ്റ്റ് ചെയ്യാൻ JAGUAR KUMAR എന്ന യൂട്യൂബ് ചാനലും തുടങ്ങി. വിഡിയോകൾ ഹിറ്റായതോടെ ചാനലിന് 63,000ത്തിലേറെ സബ്സ്ക്രൈബർമാരായി.

അപ്പോഴാണ് യുദ്ധം തുടങ്ങുന്നത്. യുദ്ധം കടുത്തപ്പോഴും, ഒപ്പമുള്ളവരെല്ലാം യുക്രെയ്ൻ വിട്ടപ്പോഴും താൻ ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെ ഉപേക്ഷിച്ച് എവിടേക്കും പോകാൻ ഗിരി തയാറായില്ല. രണ്ട് മാസത്തിലേറെ സ്വന്തം ജീവൻപോലും പണയംെവച്ച് വളർത്തുമൃഗങ്ങൾക്ക് കാവലിരുന്നു. വെടിവെപ്പും ബോംബ് വർഷവും നടക്കുമ്പോഴും അവക്ക് ഭക്ഷണം വാങ്ങാനായി ദിവസവും മാർക്കറ്റിൽ പോകുമായിരുന്നു.

ജോലി ചെയ്തിരുന്ന ആശുപത്രി ബോംബിങ്ങിൽ തകർന്നതോടെ യുദ്ധഭൂമിയിൽ അതിജീവനം ദുഷ്‌കരമായപ്പോഴാണ്, യുകെയ്ര്ൻ വിടാൻ നിർബന്ധിതനായത്. യാഷയെയും സബ്രീനയെയും പോറ്റാനുള്ള വക കണ്ടെത്തലായിരുന്നു മുഖ്യലക്ഷ്യം. തന്റെ അസാന്നിധ്യത്തിൽ അവയുടെ സുരക്ഷ ഉറപ്പു വരുത്താൻ ബോംബ് ഷെൽട്ടർ നിർമിച്ച ശേഷമാണ് ഗിരി രാജ്യം വിട്ടത്. അതിനായി തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തിന്റെ ഭൂരിഭാഗവും രണ്ട് അപ്പാർട്മെന്റുകളും കാറുകളും ബൈക്കുകളും കാമറയുമൊക്കെ വിറ്റു.

അങ്ങനെ ലഭിച്ച ഒരു ലക്ഷം ഡോളർ (80 ലക്ഷത്തോളം രൂപ) മുടക്കിയാണ് ബോംബ് ഷെൽട്ടർ നിർമിച്ചതും വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിയതും. ആറ് തൊഴിലാളികൾ ഒരു മാസത്തിലേറെ സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. മൂന്നുമാസത്തേക്ക് അവക്കുള്ള ഭക്ഷണം കരുതി വെച്ചിട്ടാണ് സെപ്റ്റംബർ പകുതിയോടെ ഗിരി പോളണ്ടിലേക്ക് പോയത്. മൃഗങ്ങളെ നോക്കാൻ ഒരു കെയർടേക്കറെ നിയമിച്ചു. മൂന്നുമാസത്തേക്കുള്ള ശമ്പളമായി 2400 ഡോളറും നൽകി.

ചിരഞ്ജീവിയിൽനിന്ന് പ്രചോദനം

'യുക്രെയ്നിലെയും റഷ്യയിലെയും മൃഗശാലകളെ ഞാൻ സമീപിച്ചിരുന്നു. ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ ആരും തയാറാകാഞ്ഞതിനെ തുടർന്നാണ് ഷെൽട്ടർ നിർമിക്കാൻ തീരുമാനിച്ചത്. ബോംബുകളിൽ നിന്നും മിസൈലുകളിൽ നിന്നും അവയെ രക്ഷിക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. യുക്രെയ്ൻ വിടുമ്പോൾ 100 ഡോളറും ഏതാനും റൂബിൾസും വസ്ത്രങ്ങളും മാത്രമായിരുന്നു എന്റെ കൈയിലുണ്ടായിരുന്നത്. ആവശ്യമുള്ള പണം നാട്ടിൽ നിന്ന് വീട്ടുകാർ അയച്ചുതരുകയാണ് ഇപ്പോൾ' -ഗിരികുമാർ പറയുന്നു.

യാഷയെയും സബ്രീനയെയും സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസിയോട് ഗിരി അഭ്യർഥിച്ചിരുന്നു. എന്നാൽ, വന്യമൃഗങ്ങളുടെ കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു മറുപടി. വാർസോയിലെ മൃഗശാല അധികൃതരോട് ഇക്കാര്യം സംസാരിച്ചിട്ടും ഫലമുണ്ടായില്ല. അവയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സെൻട്രൽ സൂ അതോറിറ്റി വഴി ഇന്ത്യയിലെ വിവിധ മൃഗശാലകളെ സമീപിച്ചിരുന്നു. അതിൽ മൈസൂരു മൃഗശാല അധികൃതർ ഇതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.


എന്നാൽ യുദ്ധഭൂമിയിൽനിന്ന് മൃഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് നടപടികളായിട്ടില്ല. 'ഇന്ത്യൻ സർക്കാർ ഇക്കാര്യത്തിൽ ഇടപെടുമെന്ന പ്രതീക്ഷ ഞാൻ കൈവിട്ടിട്ടില്ല. നമീബിയയിൽനിന്ന് ഇന്ത്യ ചീറ്റപ്പുലികളെ കൊണ്ടുവന്നത് ശുഭപ്രതീക്ഷ നൽകുന്നുണ്ട്. യാഷയെയും സബ്രീനയെയും ഇന്ത്യയിലെത്തിച്ച് വനത്തിൽ വിട്ടയച്ചാലും എനിക്ക് സന്തോഷമേയുള്ളൂ. അവർ സുരക്ഷിതരായിരിക്കണം.

എനിക്ക് അതു മാത്രം മതി'- പറയുമ്പോൾ ഒരു കുട്ടിയുടെ കൗതുകവും സ്നേഹവും കാരുണ്യവുമെല്ലാമുണ്ട് ഗിരികുമാറിന്റെ കണ്ണുകളിൽ. ചെറുപ്പത്തിൽ ചിരഞ്ജീവി നായകനായ 'ലങ്കേശ്വരുഡു' എന്ന സിനിമ കണ്ടിരിക്കുമ്പോൾ താനൊരിക്കൽ പുലിയെ വളർത്തും എന്ന് തീരുമാനമെടുത്ത അതേ കുട്ടിയുടെ.....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UkraineRussian armyJAGUAR KUMARDr. Girikumar Patil
News Summary - Doctor Love...
Next Story