കൊട്ടിയത്തിന്റെ സ്വന്തം ഡോക്ടർക്ക് ഇനി വിദേശത്ത് സേവനം
text_fieldsകൊട്ടിയം: അപകടവേളകളിലും ആപത്ഘട്ടങ്ങളിലും സേവന സന്നദ്ധനായി ഓടിയെത്തുന്ന കൊട്ടിയത്തിന്റെ സ്വന്തം ഡോക്ടറായ ഡോ. ആതുരദാസ് സേവനത്തിനായി വിദേശത്തേക്ക്. യു.കെ.യിലെ ക്രൂസ്ഷിപ്പിൽ (കാർണിവൽ പ്രൈഡ് കപ്പൽ ) ഷിപ്പ് ഫിസിഷ്യനായാണ് അദ്ദേഹം പോകുന്നത്. സി.പി.ആർ എന്ന ജീവൻ രക്ഷാമാർഗത്തിന്റെ പ്രാധാന്യം നാട്ടിലെ സ്കൂൾ കുട്ടികൾ അടക്കമുള്ളവരെ ബോധ്യപെടുത്തിയത് ഇദ്ദേഹമാണ്. ഇതിനായി നൂറുകണക്കിന് ക്ലാസുകൾ സംഘടിപ്പിക്കുകയും ഡ്രൈവർമാർ ഉൾപ്പടെ ആയിരങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
സി.പി.ആർ പ്രഥമ ശുശ്രൂഷ പരിശീലനത്തിലൂടെ നിരവധി പേരെയാണ് ഇദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. അപകടത്തിൽപ്പെട്ട് വാഹനത്തിനുള്ളിൽ കുരുങ്ങി കിടക്കുന്നവരെ അവിടെയെത്തി ജീവൻ രക്ഷിക്കാൻ ഡോക്ടർക്കായിട്ടുണ്ട്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ എട്ടു വർഷമായി ജോലിചെയ്തിരുന്ന ഇദ്ദേഹം അപകടമെന്ന് കേട്ടാൽ അപ്പോൾ തന്നെ അവിടെ ഓടിയെത്തി പ്രഥമ ശുശ്രൂഷ നൽകും.
ഇത്തിക്കര പാലത്തിൽ ബസുമായി കൂട്ടിയിടിച്ച് തകർന്ന ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവർക്ക് ലോറിക്ക് മുകളിൽ കയറി പ്രഥമ ശുശ്രൂഷ നൽകിയത് മറക്കാൻ കഴിയാത്ത സംഭവമാണ്. കരിക്കോടു നിന്നു പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിൽ ഗർഭിണിയുടെ നില മോശമായതായി ആംബുലൻസ് ഡ്രൈവർ അറിയിച്ചതനുസരിച്ച് ഇദ്ദേഹം ഓടിയെത്തുമ്പോൾ കുട്ടിയുടെ തല പുറത്തു വന്ന നിലയിലായിരുന്നു. ഉടൻ ആവശ്യമായ സംവിധാനമൊരുക്കി കുഞ്ഞിനെയും മാതാവിനെയും രക്ഷപ്പെടുത്തി. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് പ്രഥമ ശുശ്രൂഷകളും, അപകട രക്ഷാ പരിശീലനവും നൽകുന്നത്. ഇദ്ദേഹം കോവിഡ് പ്രതിരോധ പ്രവർത്തനരംഗത്തും സജീവമായിരുന്നു.
കപ്പലിൽ നാലുമാസം ജോലിയും രണ്ടു മാസം അവധിയുമാണ്. അവധി ലഭിക്കുമ്പോൾ കൊട്ടിയത്തെത്തി സേവനം നടത്തുമെന്നാണ് ഡോക്ടർ പറയുന്നത്. ഡോക്ടർക്ക് കൊട്ടിയത്തെ നിരവധി സംഘടനകൾ യാത്രയയപ്പ് നൽകി. കൊട്ടിയം ശ്രീവസന്തത്തിൽ ഡോ. മണികണ്ഠദാസിന്റെയും വാസന്തിയുടെയും മകനായ ഡോ. ആതുരദാസ് ഈ മാസം 17 നാണ് യു.കെ.യിലേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.