അര മണിക്കൂറിൽ വിരിഞ്ഞ അത്ഭുതവിപ്ലവം
text_fieldsഎം.എസ്. സ്വാമിനാഥനും ദേവീന്ദർ ശർമയും
ഭക്ഷ്യോൽപാദനം വർധിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്ന കർഷക സമൂഹത്തിന്റെ ദുരവസ്ഥയിൽ അദ്ദേഹം ഏറെ നിരാശനായിരുന്നു
‘‘ഹരിത വിപ്ലവത്തിന്റെ ചരിത്രം രചിക്കപ്പെട്ടത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമൊത്തുള്ള അര മണിക്കൂർ കാർ യാത്രക്കിടയിലാണ്’’- കാർഷിക വിപ്ലവത്തിന് പിന്തുണയേകുന്ന രാഷ്ട്രീയ ഇച്ഛാശക്തി ഉറപ്പാക്കുക എന്നത് എത്രമാത്രം ദുഷ്കരമായിരുന്നു എന്ന ചോദ്യത്തിന് പ്രഫ. എം.എസ്. സ്വാമിനാഥൻ എന്ന ഇതിഹാസം എന്നോടു പറഞ്ഞ മറുപടിയാണിത്.
ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കെ ഒരു മന്ദിര ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ദിര ഗാന്ധിയെ അനുഗമിച്ച വേളയിലായിരുന്നു ആ ചരിത്ര വഴിത്തിരിവ്. യാത്രക്കിടെ ഇന്ദിര ചോദിച്ചു- സ്വാമീ, താങ്കൾ സൂചിപ്പിച്ച കുള്ളൻ ഗോതമ്പ് വിത്തിനങ്ങളെ സ്വീകരിക്കാൻ ഞാൻ തയാറാണ്. പക്ഷേ, രണ്ടു വർഷംകൊണ്ട് പത്ത് മില്യൺ ടൺ ഗോതമ്പ് മിച്ചം പിടിക്കാൻ സാധിക്കുമെന്ന ഉറപ്പുനൽകാൻ താങ്കൾക്കാകുമോ? എനിക്ക് ഈ വൃത്തികെട്ട അമേരിക്കക്കാരുടെ ശല്യമൊന്ന് ഒഴിവാക്കിയേ തീരൂ.
സ്വാമിനാഥൻ ആ ഉറപ്പ് നൽകി, ബാക്കിയെല്ലാം ചരിത്രം! ദശലക്ഷക്കണക്കിനാളുകൾക്കുള്ള ഭക്ഷണത്തിനായി കപ്പലിൽ കൊണ്ടുവന്നിറക്കുന്ന ഭക്ഷ്യധാന്യങ്ങളെ ആശ്രയിച്ചുപോന്ന ഘട്ടത്തിൽ കാർഷിക മേഖലയിൽ കൈവരിച്ച ശ്രദ്ധേയമായ നേട്ടം ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക മാത്രമല്ല, ഒടുവിൽ ഒരു കയറ്റുമതി രാഷ്ട്രമായി പരിവർത്തിപ്പിക്കുകയും ചെയ്തു. ആവശ്യമായ നയങ്ങളുടെ പിൻബലത്തോടെ ആവിഷ്കരിച്ച ഹരിതവിപ്ലവം രാജ്യത്തെ പട്ടിണിക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. 1943ലെ ബംഗാൾ ക്ഷാമം നടമാടി ഏതാനും വർഷങ്ങൾക്കകം സ്വാതന്ത്ര്യം കൈവരിച്ച രാജ്യം വിശപ്പ് എന്ന വെല്ലുവിളിയെ മറികടക്കാനുള്ള വിദ്യയൊന്നും സ്വായത്തമാക്കിയിരുന്നില്ല. പതിറ്റാണ്ടുകളായി, വടക്കേ അമേരിക്കയിൽ നിന്ന് പി.എൽ.480 പദ്ധതി പ്രകാരം മിച്ചംവരുന്ന ധാന്യശേഖരമായിരുന്നു ഭക്ഷണത്തിനുള്ള ഉപാധി. പട്ടിണിക്കെതിരെ പോരാടാൻ പ്രഫസർ സ്വാമിനാഥൻ നടത്തിയ ഉദ്യമം ലോകം കണ്ട ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വികസനമായി ചരിത്രം രേഖപ്പെടുത്തും. രാജ്യത്തെ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ പരിവർത്തിപ്പിക്കുക മാത്രമല്ല, മുഴുലോകത്തിനും പ്രചോദിപ്പിക്കുകയും ചെയ്തു ആ മുന്നേറ്റം.
ഹരിത വിപ്ലവത്തിന്റെ ശിൽപിയാണെന്നിരിക്കിലും കടുംകൃഷിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രഫ. സ്വാമിനാഥന് നല്ല ബോധ്യമുണ്ടായിരുന്നു. വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് പലവുരു മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഹരിത വിപ്ലവം നടപ്പിലായി ഏതാനും വർഷങ്ങൾ പിന്നിടവെ 1968ൽ അദ്ദേഹമെഴുതി. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഘടനയും സംരക്ഷിക്കാതെ, മുന്നുംപിന്നും നോക്കാതെയുള്ള കടുംകൃഷിരീതി ആത്യന്തികമായി മരുഭൂമികളെയാണ് സൃഷ്ടിക്കുക. കീടനാശിനികളും കുമിൾ-കളനാശിനികളും വിവേചനരഹിതമായി പ്രയോഗിക്കുന്നത് അർബുദത്തിന്റെയും മറ്റു രോഗങ്ങളുടെയും വരവിന് വഴിവെക്കും, സംഭവങ്ങളിൽ പ്രതികൂലമായ മാറ്റങ്ങൾക്ക് കാരണമാകും. ഭൂഗർഭ ജലത്തിന്റെ അശാസ്ത്രീയ ഉപയോഗം അമൂല്യമായ ഈ മൂലധന വിഭവത്തെ ദ്രുതഗതിയിൽ ഇല്ലാതാക്കുന്നതിലേക്ക് നയിക്കും.
ഫിലിപ്പീൻസിലെ അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പദവിയിലിരിക്കെയാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് സുഹാർതോയിൽ നിന്ന് അസാധാരണമായ ഒരു സന്ദേശം അദ്ദേഹത്തിന് ലഭിക്കുന്നത്. തന്റെ രാജ്യത്തെ നെൽകൃഷിയാകെ പ്രാണികൾ നശിപ്പിച്ചിരിക്കുന്നുവെന്നും അതിനെ മറികടക്കാൻ മാർഗം നിർദേശിക്കണമെന്നുമായിരുന്നു സ്വാമിനാഥനോട് സുഹാർതോ ആവശ്യപ്പെട്ടത്. കൂടുതൽ കടുപ്പമേറിയ കീടനാശിനികൾ നിർദേശിക്കുകയല്ല അദ്ദേഹം ചെയ്തത്, പകരം ഒരു സംഘം ശാസ്ത്രജ്ഞരെയും കൂട്ടി ഇന്തോനേഷ്യയിലേക്കുപോയ അദ്ദേഹം നെൽകൃഷിയിൽ പ്രയോഗിക്കുന്ന കീടനാശിനികൾ നിരോധിക്കണമെന്ന് സുഹാർതോയെ ഉപദേശിച്ചു, ഒപ്പം സംയോജിത കീടനിയന്ത്രണവും ആരംഭിക്കുകയും ചെയ്തു. 57 കീടനാശിനികൾ നിരോധിച്ച് ഉത്തരവിറക്കാൻ തയാറായി പ്രസിഡന്റ് സുഹാർതോ.
സാങ്കേതിക വിദ്യയുടെ പ്രയോഗങ്ങളെ കണ്ണടച്ചുവിശ്വസിച്ചിരുന്ന ഒരാളായിരുന്നില്ല പ്രഫ. സ്വാമിനാഥനെന്ന കാര്യം ഒരുപാടുപേർക്ക് അറിയണമെന്നില്ല. ജനിതക മാറ്റം വരുത്തിയ വിളകൾക്കെതിരായ കാമ്പയിനുകൾ കൊടുമ്പിരി കൊള്ളവെ, പ്രഫ. സ്വാമിനാഥൻ നടത്തിയ പ്രതികരണമാണ് ബി.ടി. വഴുതനയുടെ വാണിജ്യവൽക്കരണത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കാൻ അന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേശിനെ പ്രേരിപ്പിച്ച മുഖ്യ ഘടകം. ചെന്നൈയിൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ മുരിങ്ങയുടെ ഗുണഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിച്ച ശേഷം അദ്ദേഹം ചോദിച്ചു- വിറ്റമിൻ എ അടങ്ങിയ, ജനിതകമാറ്റം വരുത്തിയ അരി നമുക്ക് ആവശ്യമുണ്ടോ? അരിയും മുരിങ്ങയിലയും ഒരുമിച്ചിട്ട് വേവിച്ച് കഴിക്കുന്നത് നമ്മുടെ പരമ്പരാഗത ആഹാരശീലത്തിന്റെ ഭാഗമാണെന്നിരിക്കെ നമുക്കാവശ്യമായ വിറ്റമിൻ എ നൽകാൻ ആ ഭക്ഷണം പര്യാപ്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ദേശീയ കാർഷിക കമീഷൻ അധ്യക്ഷനായി 2004ൽ അദ്ദേഹം നിയമിതനായ വേളയിൽ രാജ്യമൊട്ടുക്ക് വിശദമായി ചർച്ച ചെയ്യുന്നതിനായുള്ള കരട് റിപ്പോർട്ട് തയാറാക്കുന്നതിനായി അദ്ദേഹം എന്നെ ക്ഷണിച്ചു. കർഷകരുടെ വരുമാന സുരക്ഷ ഉറപ്പാക്കുന്നതിലായിരുന്നു പ്രഫസർ സ്വാമിനാഥന്റെ സമ്പൂർണ ശ്രദ്ധ.ഭക്ഷ്യോൽപാദനം വർധിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്ന കർഷക സമൂഹത്തിന്റെ ദുരവസ്ഥയിൽ അദ്ദേഹം ഏറെ നിരാശനായിരുന്നു.
ഇന്ത്യൻ കാർഷിക മേഖലയുടെ ഉൽപാദനക്ഷമത, ലാഭക്ഷമത, സുസ്ഥിരത എന്നിവ ലക്ഷ്യമിട്ട് 2004നും 2006നുമിടയിൽ അഞ്ചു ഭാഗങ്ങളായി സമർപ്പിച്ച സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക എന്നത് രാജ്യത്തുടനീളമുള്ള കർഷക സംഘടനകളുടെ സംഘടിത ആവശ്യമായി ഇന്നും തുടരുന്നു. ഈ ദാർശനികനായ പ്രതിഭക്ക് നൽകാനാവുന്ന ഏറ്റവും വലിയ ആദരം സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് അതിന്റെ സത്തചോരാത്തവിധം നടപ്പിലാക്കുക എന്നതു മാത്രമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.