ശാസ്ത്രി എന്ന ദാമോദരൻ; ബാലുശ്ശേരിയിൽ നാടകത്തിന് വിത്തുപാകിയ കലാകാരൻ
text_fieldsബാലുശ്ശേരി: അരങ്ങൊഴിഞ്ഞത് ബാലുശ്ശേരിയിൽ നാടകത്തിന് വിത്തുപാകിയ കലാകാരൻ. ശാസ്ത്രി എന്നറിയപ്പെടുന്ന ബാലുശ്ശേരി പൊന്നരംതെരു പാടമ്പത്ത് ദാമോദരൻ (93) ഏഴരപ്പതിറ്റാണ്ട് മുമ്പ് ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി നാടകകലയെ ജനങ്ങളിലെത്തിച്ചവരിൽ പ്രമുഖനായ കലാകാരനാണ്. 1947ൽ ദേശഭക്തി പ്രചോദനമുളവാക്കുന്ന വന്ദേമാതരം നാടകത്തിലൂടെയാണ് രംഗത്തുവന്നത്. പിന്നീട് മലബാർ സുകുമാരൻ ഭാഗവതരുടെ മേൽനോട്ടത്തിൽ അവതരിപ്പിച്ച സ്വാമി ബ്രഹ്മവ്രതന്റെ പ്രഫുല്ല ഹൃദയം എന്ന നാടകത്തിൽ പ്രധാന വേഷമണിഞ്ഞു. ഇതിൽ നായകവേഷത്തിന് പുറമെ സ്ത്രീവേഷവും കെട്ടി. സി. കൊമ്പിലാടിന്റെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ രൂപംകൊടുത്ത ഗണേശ് കലാസമിതിയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടം എന്ന നാടകം പേരുമാറ്റി അവതരിപ്പിച്ചപ്പോൾ അതിൽ രാമൻ നായരെന്ന ഹാസ്യ കഥാപാത്രത്തെയാണ് ശാസ്ത്രി അവതരിപ്പിച്ചത്. 1964-65 കാലഘട്ടത്തിൽ ന്യൂ കേരള ഫൈൻ ആർട്ടിന്റെ ബാനറിൽ സി.എൽ. ജോസിന്റെ ഭൂമിയിലെ മാലാഖ, പി. ഗംഗാധരന്റെ ചിലങ്ക, പ്രേതത്തിന്റെ പ്രേമലേഖനം തുടങ്ങിയ നാടകങ്ങൾ ബാലുശ്ശേരിയിൽ അവതരിപ്പിക്കുകയും ഇവയിലെല്ലാം വ്യത്യസ്തമാർന്ന വേഷങ്ങൾ ചെയ്യുകയും ചെയ്തു. രാജ്യരക്ഷാ നിധിയിലേക്ക് പണം സ്വരൂപിക്കാനായി ഇന്ത്യ-ചീന ഭായി ഭായി എന്ന നാടകം അവതരിപ്പിച്ചത് ഇന്ത്യ-ചൈന യുദ്ധകാലത്തായിരുന്നു. തുടർന്ന് ഒരാൾകൂടി കള്ളനായി, വെളിച്ചം വരുന്നു, തൂവലും തൂമ്പയും, ദിവ്യബലി, ഭൂമിയിലെ മാലാഖ, ചിലങ്ക, സിനിമാനടി, ഹോട്ടൽക്കാരി തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടു. 1997ൽ നിരീശ്വരവാദിയായ അപ്ഫൻ നമ്പൂതിരിയെ അവതരിപ്പിച്ചുകൊണ്ടാണ് ശാസ്ത്രി എന്ന ദാമോദരൻ നാടകസ്റ്റേജിനോട് വിടപറഞ്ഞത്. പൊന്നരംതെരുവിലെ ശിവരാത്രി ഉത്സവകാലത്തും ദാമോദരൻ ഒട്ടേറെ നാടകങ്ങളിലൂടെ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. നാടക-സിനിമ നടി സരസ ബാലുശ്ശേരിയെ നാടകരംഗത്തേക്ക് കൈപിടിച്ചുയർത്തിയതിനുപിന്നിലും ദാമോദരന്റെ പങ്കുണ്ട്. ജ്യോതിഷത്തിലും ഹസ്തരേഖയിലും പ്രാഗത്ഭ്യം തെളിയിച്ചതിനാൽ നാട്ടുകാർക്കിടയിൽ ശാസ്ത്രി എന്ന പേരിലായിരുന്നു ദാമോദരൻ അറിയപ്പെട്ടിരുന്നത്. നാടക കലാകാരന്മാരുടെ സംഘടനയായ നന്മയുടെ നേതൃത്വത്തിൽ 2007ൽ ദാമോദരനെ ആദരിച്ചിരുന്നു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെ പൊന്നരംതെരുവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.