ആരും കൊതിക്കും 'ആരോമൽ' ചിത്രങ്ങൾ
text_fieldsമല്ലപ്പള്ളി: പ്ലസ് ടു വിദ്യാർഥിയുടെ കരവിരുതിൽ വിരിയുന്നത് ജീവൻതുടിക്കും ചിത്രങ്ങളും കളിമൺരൂപങ്ങളും. കാടിക്കാവ് കുളത്തൂർ കാരുവേലിൽ കെ.ആർ. ആരോമൽ എന്ന കിച്ചുവാണ് വരയിലും ക്ലേ മോഡലിങ്ങിലും വിസ്മയം തീർക്കുന്നത്. അർജന്റീനിയൻ ഫുട്ബാൾ താരം മെസ്സിയുടെ ജീവൻ തുളുമ്പുന്ന ചിത്രമാണ് വീടിന്റെ ഭിത്തിയിൽ പൂർത്തിയാക്കിയത്. ജലച്ചായച്ചിത്രങ്ങളും എണ്ണച്ചായ ചിത്രവും ഒരുപോലെയാണ് ഈ മിടുക്കന്റെ വിരലുകളിൽ വിരിയുന്നത്.
പുരയിടത്തിൽ ആദ്യമായി എത്തുന്നവർ ഒന്നുഞെട്ടും. ഒരു വശത്ത് കൂറ്റൻ മുതല, ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പെരുമ്പാമ്പ്. ഒർജിനലിനെ വെല്ലുന്ന രൂപത്തിലാണ് ഓരോ ചിത്രങ്ങളും. 'പെരുമ്പാമ്പിനെ കണ്ട് സമീപത്തെ റോഡിലൂടെ പോയ വാഹനത്തിലെ ഡ്രൈവർ നാട്ടുകാരെ വിളിച്ചുകൂട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്.
കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ നേരംപോക്കിനായി ചെറിയ തോതിൽ ആരംഭിച്ചതാണ്. പിന്നിട് നല്ല പരിശ്രമം വേണ്ടി വന്നു ഇവിടെ വരെ എത്താനെന്നും കുടുംബത്തിന്റെയും നാട്ടുകാരുടെയും നല്ല പിന്തുണയാണ് പ്രചോദനമെന്നും ആരോമൽ പറയുന്നു. പെയിന്റിങ് തൊഴിലാളിയായ സാബുവിന്റെയും അംഗൻവാടി വർക്കറായ ആശയുടെയും മകനാണ്. വായ്പൂര് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആരോമൽ ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.