ലക്ഷങ്ങളുടെ പിഴ എഴുതിത്തള്ളി ദുബൈ; വായ്പയിൽ ഇളവ് നൽകി ബാങ്കുകൾ: 14 വർഷത്തിന് ശേഷം കാർത്തികേയനും കുടുംബവും നാടണഞ്ഞു
text_fieldsദുബൈ: സമപ്രായക്കാരോടൊപ്പം ഇഷിത സ്കൂളിൽ പോയിരുന്നെങ്കിൽ അവളിപ്പോൾ പത്താംതരം പാസാകുമായിരുന്നു. രണ്ട് വർഷം കഴിഞ്ഞാൽ പത്താംക്ലാസ് പരീക്ഷയെഴുതേണ്ടിയിരുന്നയാളാണ് ശ്രീയ. ഒമ്പത് വയസുകാരൻ കലീഷും പത്ത് വയസുകാരൻ നമിതും ഇതുവരെ സ്കൂളിന്‍റെ പടികണ്ടിട്ടില്ല. എന്നാൽ, ഇനിയിവർക്ക് പഠനം തുടങ്ങാം. സുഹൃത്തിന്‍റെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് കേസിലകപ്പെട്ട് ദുബൈയിൽ കുടുങ്ങിയ തമിഴ് കുടുംബം നീണ്ട 14 വർഷത്തിന് ശേഷം നാടണഞ്ഞു. തമിഴ്നാട് മധുര ശിവംഗഗൈ സ്വദേശി കാർത്തികേയനും ഭാര്യ കവിതയും നാല് മക്കളുമാണ് പുതിയൊരു ജീവിതത്തിനായി നാട്ടിലെത്തിയത്. ലക്ഷങ്ങളുടെ പിഴ എഴുതിത്തള്ളിയ ദുബൈ എമിഗ്രേഷന്‍റെ കാരുണ്യവും വായ്പയിൽ ഇളവ് നൽകിയ ബാങ്കുകളുടെ ദയയും സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിന്‍റെയും അഭിഭാഷകരുടെയും ഇടപെടലുമാണ് ഇവരെ നാട്ടിലെത്തിച്ചത്.
'ദുരിതത്തിലായ തമിഴ് കുടുംബം നാട്ടിലേക്ക് മടങ്ങുന്നു' എന്ന് ഏഴ് വർഷം മുൻപ് യു.എ.ഇയിലെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. 2008 മുതൽ നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിൽ കഴിഞ്ഞ കാർത്തികയേനും കുടുംബത്തിനും നാട്ടിലേക്ക് തിരിക്കാൻ അവസരമൊരുങ്ങുന്നുവെന്ന സന്തോഷവർത്തമാനമാണ് അന്ന് മാധ്യമങ്ങൾ പങ്കുവെച്ചത്. ഔട്ട്പാസ് വരെ അടിച്ചെങ്കിലും ദുരിതകാലം അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. കേസും നിർഭാഗ്യവും വീണ്ടും തടസംതീർത്തതോടെ അന്ന് മുടങ്ങിയ യാത്രയാണ് ഇപ്പോൾ നടന്നത്.
കാർത്തികേയന്‍റെയും കുടുംബത്തിന്‍റെയും ദുരിത കഥ തുടങ്ങിയത് 2008ലാണ്. പാർട്ണർഷിപ്പിൽ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശിയായ പി.ആർ.ഒ വിശ്വാസവഞ്ചന കാണിച്ചതോടെയാണ് ഇവർ പെരുവഴിയിലായത്. മറ്റൊരു സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന കവിത തന്‍റെ രേഖകൾ ഉപയോഗിച്ച് 11 ബാങ്കിൽ നിന്ന് നാല് ലക്ഷം ദിർഹം (80 ലക്ഷം രൂപ) വായ്പയെടുത്ത് ഇയാൾക്ക് നൽകിയിരുന്നു. എന്നാൽ, പണം തിരികെ നൽകുകയോ രേഖകൾ ശരിയാക്കുകയോ ചെയ്യാതെ ഇയാൾ വഞ്ചിച്ചു. വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ ബാങ്കുകൾ കേസ് കൊടുത്തു. ജയിൽശിക്ഷ ഉൾപെടെ നിയമനടപടികൾ നേരിടേണ്ടി വന്നു. പണമില്ലാത്തതിനാൽ കുട്ടികളെ സ്കൂളിൽ പോലും ചേർക്കാൻ കഴിയാത്ത അവ്ഥയിലായി. ഇതിനിടയിലാണ് ഇളയ രണ്ട് കുട്ടികളുണ്ടായത്. വീട്ടിലായിരുന്നു പ്രസവം. ഭക്ഷണവും താമസ സ്ഥലവുമില്ലാതെ പെരുവഴിയിലായി. പാസ്പോർട്ട് പിടിച്ചുവച്ചതിനാൽ നാട്ടിൽ പോകാനും കഴിയാത്ത അവസ്ഥയായിരുന്നു.
പാസ്പോർട്ടിന്റെയും വിസയുടെയും കാലാവധി കഴിഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ സുമനസുകൾ നൽകിയ സഹായമായിരുന്നു ഏക വരുമാനമാർഗം. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് 2015ൽ ഇവർക്ക് നാട്ടിലേക്ക് പോകാൻ വഴിതെളിഞ്ഞു. എന്നാൽ, കൃത്യസമയത്ത് എൻ.ഒ.സി കിട്ടാത്തതിനാൽ യാത്രവൈകി. ഇതിനിടെ ബാങ്കുകൾ വീണ്ടും കേസ് കൊടുത്തു. അൽകെത്ബി അഡ്വക്കേറ്റ്സിലെ അഡ്വ. അജ്മലിന്റെ നേതൃത്വത്തിലായിരുന്നു കാർത്തികേയനെ രക്ഷിക്കാനുള്ള നിയമസഹായം ചെയ്തത്. ബാങ്കുകളുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ വായ്പയിൽ വൻ ഇളവ് നൽകി. ചാരിറ്റി സംഘടനകൾ വഴിയും വിവിധ അസോസിയേഷനുകൾ വഴിയും കിട്ടിയ തുക ബാങ്കിൽ അടച്ചു. വിസയും പാസ്പോർട്ടുമില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങിയതിന് ലക്ഷങ്ങൾ പിഴയുണ്ടായിരുന്നു. എന്നാൽ, ദുബൈ എമിഗ്രേഷൻ ഇതെല്ലാം എഴുതിത്തള്ളി. ജനന സർട്ടിഫിക്കറ്റ് പോലുമില്ലാത്ത കുട്ടികൾക്ക് രേഖകൾ ശരിയാക്കി നൽകി ഇന്ത്യൻ കോൺസുലേറ്റും സഹായിച്ചു. ഏത് നിമിഷവും യാത്രമുടങ്ങിയേക്കാം എന്ന ആശങ്കയുള്ളതിനാൽ അധികമാരോടും യാത്രപറയാതെയാണ് കാർത്തികേയനും കുടുംബവും വിമാനത്തിൽ കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.