ചരിത്രം പറയുന്ന കറൻസികൾ
text_fieldsവിവിധ ലോക രാജ്യങ്ങളുടെ സാമ്പത്തികമായ ചരിത്രം പറയുന്ന അപൂർവ മ്യൂസിയത്തിന്റെ ഉടമയായ ഒരു പ്രവാസി മലയാളിയുണ്ട് യു.എ.ഇയിൽ. ദുബൈ അൽഖൂസിലെ താജ് അൽ മദീന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ നിസാമുദ്ദീനാണ് ചരിത്ര മ്യൂസിയം കൊണ്ടു നടക്കുന്നത്. ഇദ്ദേഹത്തിന്റെ പക്കലുള്ള അപൂർവ നാണയങ്ങളിലൂടെയും കറൻസികളിലൂടെയും സഞ്ചരിക്കുന്നവർക്ക് ആ രാജ്യങ്ങളുടെ സാമ്പത്തിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത് കാണാനാവും.
ലോകത്തെ അപൂർവ നാണയങ്ങളും കറൻസികളും നിസാമുദ്ദീന്റെ ശേഖരത്തിലുണ്ട്. തന്റെ ജോലി സ്ഥലത്ത് വരുന്ന വിദേശ രാജ്യങ്ങളിൽനിന്നുള്ള പൗരൻമാരിൽനിന്നും പ്രവാസി സുഹൃത്തുക്കളുടെ സഹകരണം കൊണ്ടുമാണ് ഈ നാണയങ്ങളുടെ അപൂർവ ശേഖരം ഒരുക്കാനായതെന്ന് നിസാം പറഞ്ഞു. ഇറാഖ്, യു.എ.ഇ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന കറൻസികളും നാണയങ്ങളും ഈ ശേഖരത്തിലുണ്ട് ഓരോ രാജ്യങ്ങളെപ്പറ്റി മനസ്സിലാക്കാനും അവിടുത്തെ കറൻസികളുടെ മൂല്യത്തെപ്പറ്റി അറിയാനുമുള്ള ആകാംഷയാണ് നിസാമിനെ നാണയ ശേഖരത്തിലെത്തിച്ചത്.
നാണയങ്ങൾ ശേഖരിക്കുന്ന ശീലമുണ്ടെന്നറിഞ്ഞു താജ് മദീനയിൽ വരുന്ന മിക്കവരും തങ്ങളുടെ പക്കലുള്ള വിവിധ കറൻസികളും നാണയങ്ങളും നിസാമിന് നൽകാറുണ്ടത്രെ. നാണയ ശേഖരം പുതിയ തലമുറക്ക് കാണിച്ചുകൊടുക്കാനും അവയുടെ മൂല്യത്തെക്കുറിച്ചു അറിവ് പകർന്ന് കൊടുക്കുന്ന പ്രദർശനങ്ങളും നിസാം സംഘടിപ്പിക്കാറുണ്ട്. നീണ്ട വർഷത്തെ ദുബൈ ജീവിതമാണ് നാണയ ശേഖരത്തിനു പ്രേരിപ്പിച്ചതെന്നാണ് നിസുമാദ്ദീൻ പറയുന്നത്. സൗജന്യമായും പണം നൽകിയും ശേഖരിച്ചതാണ് ഈ അപൂർവ നാണയ ശേഖരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.