ദേശീയ ദിനത്തിൽ ജനിച്ച കുട്ടികൾക്ക് പേര്; ഇമാറാത്ത്, ഖലീഫ, റാശിദ്...
text_fieldsദുബൈ: വെള്ളിയാഴ്ച പുലർച്ചെ 12.20ന് സിറിയൻ ദമ്പതികളായ റീം അൽ സലാഹ്, യൂസുഫ് അലി അൽ ഹുസൈൻ എന്നിവർക്ക് അബൂദബിയിൽ തങ്ങളുടെ എട്ടാമത്തെ കുട്ടി പിറന്നു. പെൺകുട്ടിയായിരുന്നു. സ്വന്തം മണ്ണിനോളം യു.എ.ഇയെ സ്നേഹിക്കുന്ന ആ ദമ്പതികൾക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല.
അവർ കുട്ടിക്ക് 'ഇമാറാത്ത്'എന്ന് പേരു വിളിച്ചു. കുട്ടി പെണ്ണാണെന്ന് അറിഞ്ഞതു മുതൽ 'ഇമാറാത്ത്'എന്ന പേര് കണ്ടുവെച്ചിരുന്നെന്ന് പിതാവ് ഹുസൈൻ പറയുന്നു. 20 വർഷം മുമ്പ് എത്തിച്ചേർന്ന ഈ നല്ല നാടിനോടുള്ള നന്ദിസൂചകമായിട്ടാണീ പേരു വിളിക്കൽ. എനിക്ക് അഭിവൃദ്ധിയും പിന്തുണയും സുരക്ഷയും നൽകിയ യു.എ.ഇയോടുള്ള സ്നേഹം തെളിയിക്കാൻ ഏറ്റവും നല്ല മാർഗം ഇതാണെന്ന് ഞാൻ കരുതി -അദ്ദേഹം പറഞ്ഞു.
ദേശീയ ദിനത്തിന്റെ ആഹ്ലാദാവസരത്തിൽ പിറന്ന നിരവധി കുട്ടികൾക്കാണ് ഇത്തരത്തിൽ രാഷ്ട്രത്തിന് ആദരവർപ്പിക്കുന്ന രീതിയിൽ പേരു വിളിക്കപ്പെട്ടത്. അബൂദബിയിലെ തന്നെ മറ്റൊരു ആശുപത്രിയിൽ ജനിച്ച കുട്ടിക്ക് പേരു നൽകിയത് 'ഖലീഫ'എന്നാണ്. അന്തരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ സ്മരണാർഥമാണ് ഈ പേരു വിളിച്ചത്.
പുലർച്ചെ 1.39നാണ് 'ബേബി ഖലീഫ'ജനിച്ചത്. ഷാർജയിൽ ഇമാറാത്തി പൗരന് ജനിച്ച ഇരട്ട ആൺകുട്ടികളിൽ ഒരാൾക്കാണ് 'റാശിദ്'എന്നു പേരു വിളിച്ചത്. മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സയീദ് ആൽ മക്തൂമിലേക്ക് ചേരുന്ന 'റാശിദ്'എന്ന നാമം യു.എ.ഇയുടെ പല പദ്ധതികളിലും കാണാവുന്നതാണ്.
അറബ് ലോകത്തെ തന്നെ ആദ്യ ചന്ദ്രദൗത്യത്തിന് 'റാശിദ് റോവർ'എന്നാണ് പേരിട്ടത്. ദേശീയ ദിനത്തിൽ ഇത്തരത്തിൽ നിരവധി മാതാപിതാക്കൾ മക്കൾക്ക് യു.എ.ഇയുടെ പൈതൃകത്തെയും സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്ന പേരുകൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.