അതിജീവനത്തിന്റെ തുടക്കം...
text_fieldsസഹോദരങ്ങൾ പകർന്നു കൊടുത്ത അക്ഷരങ്ങൾ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ അർധരാത്രിയിലും ആവർത്തിച്ചു പഠിച്ചു. കുട്ടിക്കാലത്ത് ആകെ സ്കൂളിന്റെ പടികടന്നത് ഏഴു മാസം മാത്രം
അഞ്ചു പതിറ്റാണ്ടു മുമ്പ് മമ്പാട് പഞ്ചായത്തിലെ നടുവക്കാട് എന്ന കുഗ്രാമത്തിലായിരുന്നു പി.പി. റഷീദിന്റെ ജനനം. പിറവിയിൽതന്നെ ഇരു കൈകൾക്കും സ്വാധീനമുണ്ടായിരുന്നില്ല. റഷീദ് ജനിച്ച് അഞ്ചുമാസം ആയപ്പോഴായിരുന്നു ഉപ്പയുടെ വേർപാട്. അതോടെ റഷീദ് ഉൾപ്പെടെ ആറുമക്കളുടെയും ഉമ്മ അലീമയുടെയും ജീവിതം ദുരിതത്തിലേക്ക് നീങ്ങി. വാസയോഗ്യമായ വീടോ വെള്ളമോ വൈദ്യുതിയോ വേണ്ടത്ര ആഹാരമോ ഇല്ലാത്ത അവസ്ഥ.
സഹോദരങ്ങളും അയൽവാസികളും സുഹൃത്തുക്കളും സ്കൂളിലേക്കുപോകുന്നതും കളിക്കുന്നതും നോക്കിനിൽക്കേണ്ടിവന്ന ബാല്യകാലം. പുല്ലുമേഞ്ഞ കൊച്ചു മൺവീടിന്റെ നാലു ചുവരുകൾക്കുള്ളിൽ റഷീദിന്റെ ജീവിതം ഒരു ചോദ്യചിഹ്നമായി. ഇവിടെനിന്നാണ് ഇച്ഛാശക്തികൊണ്ട് മുന്നേറിയ മറ്റൊരു റഷീദ് ജനിക്കുന്നത്.
എന്തുകൊണ്ട് പഠിച്ചുകൂടാ?
സ്കൂളിൽ പോകാതെതന്നെ എന്തുകൊണ്ട് പഠിച്ചു കൂടാ എന്ന ചോദ്യമാണ് ആദ്യം മനസ്സിൽ തോന്നിയത്. അതിനുത്തരം സ്വയം കണ്ടെത്തുകയും ചെയ്തു. സഹോദരങ്ങൾ പകർന്നുകൊടുത്ത അക്ഷരങ്ങൾ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ അർധരാത്രിയിലും ആവർത്തിച്ചു പഠിച്ചു. അതോടൊപ്പം മൂത്ത സഹോദരൻ നൽകിയ ഇംഗ്ലീഷ്-മലയാളം ഭാഷ സഹായി നോക്കി ഇംഗ്ലീഷ് പഠനം. ഇതേ രീതിയിൽ തന്നെ ഹിന്ദിയും മദ്രസ പഠനവും. കുട്ടിക്കാലത്ത് ആകെ സ്കൂളിന്റെ പടികടന്നത് ഏഴുമാസം മാത്രം.
പിന്നിലേക്ക് തിരിഞ്ഞിരിക്കുന്ന കൈവിരലുകൾക്കിടയിൽ പേന പിടിച്ച് സ്വയം പരിശീലിച്ച് പതിയെ എഴുത്ത് തുടങ്ങി. വീട്ടുകാരും കുടുംബക്കാരും നൽകിയ നാണയങ്ങൾ സ്വരൂപിച്ച് എഴുതാനുള്ള പേനയും പേപ്പറും വായിക്കാനുള്ള മാഗസിനും വാരികയും വാങ്ങി. കൂടെ സഹോദരങ്ങളുടെ പാഠപുസ്തക വായനയും.
എഴുത്തിനോടും വായനയോടും ചെറുപ്പം മുതലേ അഭിനിവേശമായിരുന്നു റഷീദിന്. അതോടൊപ്പം ചിത്രരചനയും. ഏട്ടാമത്തെ വയസ്സിലാണ് ‘പുള്ളിക്കുയിലിനോട്’ എന്ന ആദ്യ കവിത എഴുതുന്നത്. പത്താം വയസ്സിൽ ‘അനാഥ ബാലനും അത്ഭുതപക്ഷിയും’ എന്ന നോവൽ.
കുഞ്ഞുണ്ണി മാഷിന്റെ ഇഷ്ടം
‘കുഞ്ഞുണ്ണി മാഷും കുേട്ട്യാളും’ എന്ന പംക്തി സ്ഥിരമായി വായിച്ചപ്പോൾ കുഞ്ഞുണ്ണി മാഷിന് കത്തെഴുതാൻ ആഗ്രഹം. അങ്ങനെ തന്റെ ഒരു കവിതയും കൊച്ചുകഥയും ഒരു ചിത്രവും ഉൾപ്പെടുത്തി കുഞ്ഞുണ്ണി മാഷിന് കത്തെഴുതി. അദ്ദേഹം കഴിവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മറുപടിയയച്ചത് പ്രചോദനമായി. പിന്നീടങ്ങോട്ട് റഷീദ് ഒരുപാടെഴുതിത്തുടങ്ങി. ധാരാളം കഥകളും കവിതകളും നോവലും നോവലെറ്റും നാടകങ്ങളുമെല്ലാം വായനക്കാരിലെത്തി.
കുഞ്ഞുണ്ണി മാഷ് ഒരു ആഴ്ചപ്പതിപ്പിലെ ബാല്യപംക്തി കൈകാര്യം ചെയ്യുന്ന സമയത്ത് റഷീദിന്റെ തിരഞ്ഞെടുത്ത കത്തുകളിലൊന്ന് ‘ഒരു കത്ത്’എന്ന് തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മമ്പാട് പി.പി. റഷീദ് എന്നാണ് പേര് കൊടുത്തത്. അന്ന് മുതൽ തന്റെ തൂലികാനാമം മമ്പാട് പി.പി. റഷീദ് എന്നാക്കി.
കുഞ്ഞുണ്ണി മാഷിൽനിന്നും ലഭിച്ച വിലമതിക്കാനാവാത്ത ഒരു അംഗീകാരമായി അതിനെ കാണുന്നുവെന്ന് റഷീദ് പറയുന്നു. കുഞ്ഞുണ്ണിമാഷ് പലതവണ റഷീദിനെ കാണാൻ വീട്ടിലെത്തിയിട്ടുണ്ട്. റഷീദും കുടുംബവും കുഞ്ഞുണ്ണി മാഷിന്റെ വീട്ടിലും പലകുറി പോയിട്ടുണ്ട്.
പ്രതിസന്ധികളിൽ തളരാതെ
വീട്ടിലിരുന്ന് പഠിച്ച് പത്താംതരം എഴുതിയെങ്കിലും ഒന്നുരണ്ടു തവണ അസുഖത്തെ തുടർന്ന് പരീക്ഷ മുഴുവനാക്കാൻ സാധിച്ചില്ല. എന്നാൽ തന്റെ 28ാം വയസ്സിൽ വീണ്ടും പത്താം ക്ലാസ് പരീക്ഷ എഴുതി പാസായി. പിന്നീട് 2017ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മലയാളത്തിൽ ഡിഗ്രിയെടുത്തു. 2021ൽ കൗൺസലിങ് സൈക്കോളജിയിൽ ഡിപ്ലോമയും ചൈൽഡ് റെമഡിയൽ എജുക്കേഷൻ ഡിപ്ലോമയും കരസ്ഥമാക്കി.
19ാം വയസ്സിൽ ഭിന്നശേഷി ക്ഷേമ രംഗത്തേക്കിറങ്ങിയ റഷീദ് ഇതിനകം അനേകം സംഘടനകളുടെ നേതൃസ്ഥാനം ഏറ്റെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മമ്പാട് പാലിയേറ്റിവിന്റെ കീഴിൽ ‘ചുവടുകൾ’ എന്ന ഭിന്നശേഷി കൂട്ടായ്മക്ക് അദ്ദേഹമാണ് മുൻകൈ എടുത്ത് രൂപംനൽകിയത്.
വീടുകളിൽനിന്നുപോലും പുറത്ത് ഇറങ്ങാൻ കഴിയാത്ത ഭിന്നശേഷിക്കാരെ മമ്പാട് പാലിയേറ്റിവിൽ എത്തിച്ച് അവർക്ക് സുഖദുഃഖങ്ങൾ പങ്കുവെക്കാനും കലാവിഷ്കാരം നടത്താനും ഉള്ളുതുറന്ന് സമയം ചെലവഴിക്കാനും അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു ആദ്യം ചെയ്തത്.
ഡേ കെയറും സാക്ഷരതാ ക്ലാസും മോട്ടിവേഷൻ ക്യാമ്പും കൗൺസലിങ്ങും എല്ലാം സജീവമാക്കി. ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിന്റെ ഭാഗമായി തൊഴിൽ പരിശീലനവും കൂടാതെ കുട, അച്ചാർ, പേപ്പർ പേന, സോപ്പ്, സോപ്പുപൊടി, വാഷിങ് ലിക്വിഡ്, ഫിനോയിൽ തുടങ്ങിയവയുടെ നിർമാണവും നടത്തുന്നുണ്ട്. ഇതിനെല്ലാം ചുക്കാൻപിടിക്കുന്നത് റഷീദ് തന്നെയാണ്.
അതിജീവനത്തിന്റെ ആദ്യ പാഠം
നിരവധി പുസ്തകങ്ങൾ എഴുതിയ റഷീദിന്റെ ‘അതിജീവനത്തിന്റെ ആദ്യ പാഠം’ എന്ന പുസ്തകം ഒരു മോട്ടിവേഷനൽ കൃതിയായി പരിഗണിക്കേണ്ട ഒന്നാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലും ഈ പുസ്തകം ശ്രദ്ധനേടിയിരുന്നു. ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് 2023ൽ ‘Embarking on Survival’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു.
പട്ടിക്കാട് ചുങ്കം സ്വദേശിയും മമ്പാട് എം.ഇ.എസ് കോളജിലെ ബി.എ വിദ്യാർഥിയുമായ യാസീം ഫയാദാണ് കൃതി മൊഴിമാറ്റിയത്. സ്വന്തം ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ ആവിഷ്കാരമാണ് പുസ്തകത്തിലൂടെ റഷീദ് വരച്ചുകാട്ടുന്നത്. ദൃഢനിശ്ചയവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ വിജയത്തിന്റെ നെറുകയിൽ എത്താമെന്ന് തെളിയിക്കുകയാണ് പി.പി. റഷീദ്.
2018ൽ ചാലിയാർ പഞ്ചായത്തിലെ കോണമുണ്ട ജി.എൽ.പി സ്കൂളിൽ പാർട്ട് ടൈം ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച റഷീദ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിൽ പാണ്ടിക്കാട് റസ്റ്റ് ഹൗസിൽ ജോലി ചെയ്തുവരുകയാണ്. അദ്ദേഹത്തിന്റെ ഓരോ നേട്ടത്തിന്റെയും പിന്നിൽ ഭാര്യ സഫിയയുടെയും മക്കളായ ജൗഹർ ജിനാന്റെയും ലിൻസ പർവിയുടെയും പിന്തുണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.