‘എന്റെ കേരളം’: കൈത്തറിയുടെ കഥയറിഞ്ഞ്
text_fieldsകൊല്ലം: ‘ഇതെങ്ങെനെയാ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത്?’ സംശയവുമായി അടുത്തെത്തിയ ദമ്പതിമാരെ നോക്കി കൈത്തറിയുടെ പിറകിലിരുന്ന ആനന്ദബാബു ഒന്നുചിരിച്ചു. പതിഞ്ഞ മറുപടി, കാണിച്ചുതരാമല്ലോ. പിന്നെ നെയ്ത്തടിയിലേക്ക് കാൽചവിട്ടി, വെതം വലിച്ചുവിട്ട്, അച്ച് വലിച്ചടുപ്പിച്ചുള്ള നെയ്ത്തിലേക്കായി ശ്രദ്ധ. നൂൽ ചുറ്റിയ താഴും കൊണ്ട് നൂലിഴകൾക്കിടയിലൂടെ ഓടം പായുന്ന കൗതുകം കാണാൻനിന്ന ദമ്പതികളുടെ മുഖത്ത് പുതിയൊരറിവ് ഇഴനെയ്ത പുഞ്ചിരിവെട്ടം.
കൈത്തറിയിലെ നെയ്ത്ത് എന്ന മനോഹര കാഴ്ചകാണാനും പ്രവർത്തനം അറിയാനും ഇങ്ങനെ പുതുതലമുറക്കാർ അടുത്തെത്തുമ്പോൾ ആനന്ദബാബുവിന് ഏറെ സന്തോഷമാണ്. പുതുതലമുറ കൈവിടുന്നതിനാൽ, ഭാവി തന്നെ നിറംകെട്ടുനിൽക്കുന്ന ഈ പരമ്പരാഗത തൊഴിലിനെ എത്രത്തോളം ആളുകളിലേക്ക് എത്തിക്കാമോ അത്രയും സന്തോഷം.
‘എന്റെ കേരളം’ മേളയിൽ വടക്കേവിള മുള്ളുവിള കൈത്തറി സൊസൈറ്റിയുടെ സ്റ്റാളിലാണ് കൈത്തറിയും ആനന്ദബാബുവും നെയ്ത്തിനെ നാടിന് പരിചയപ്പെടുത്തുന്നത്. കൈത്തറികണ്ട് ചുറ്റും കൂടുന്നവർക്കെല്ലാം നെയ്ത്ത് കാണിച്ചുകൊടുക്കുന്നതിനൊപ്പം ഊടുംപാവും ഒന്നായി വർണസുന്ദരമായൊരു തുണിപിറക്കുന്നതിന് പിന്നിലെ കഥ പറയാനും 62കാരനായ ആനന്ദബാബുവിന് പ്രിയമേറെ.
12ാം വയസ്സ് മുതൽ നെയ്ത്ത് പഠിച്ച്, 30ാം വയസ്സുവരെ കൈത്തറി ഉപജീവനമാക്കിയിരുന്ന ആനന്ദബാബു നീണ്ട 30 വർഷത്തെ ഇടവേളക്ക് ശേഷം രണ്ട് വർഷങ്ങൾക്ക് മുമ്പാണ് നെയ്ത്തിലേക്ക് തിരികെയെത്തിയത്. നെയ്ത്തുകാരുടെയെല്ലാം പ്രതിസന്ധിയായ തുച്ഛവരുമാനം വഴിമുടക്കിയപ്പോഴാണ് മറ്റൊരുതൊഴിലിലേക്ക് മാറിയത്.
അതിൽനിന്ന് വിരമിച്ചപ്പോൾ വടക്കേവിള കൈത്തറി സൊസൈറ്റിയുടെ നെയ്ത്ത്താളത്തിൽ വീണ്ടും ജീവിതം നെയ്യുകയാണ് അദ്ദേഹം. ‘ഈ പ്രായത്തിൽ മറ്റൊരു ജോലിയും സാധിക്കില്ല. നെയ്ത്ത് ആകട്ടെ ജോലി എന്നതിനപ്പുറം ശരീരത്തിന് മുഴുവൻ വ്യായാമമേകുന്ന തൊഴിലാണ്. ചെറുപ്പം മുതലുള്ള കൂട്ടാണ്.’’ അദ്ദേഹം പറഞ്ഞു. നെയ്ത്ത് മേഖല നേരിടുന്ന പ്രതിസന്ധികൾ ഇദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
സർക്കാറിൽനിന്ന് കൂടുതൽ സഹായം ലഭിക്കണം. ഏറ്റവും പ്രധാനം, ഈ പാരമ്പര്യത്തെ നിലനിർത്താൻ നെയ്ത്ത്പഠിച്ച് വിദഗ്ധരായ പുതുതലമുറ രംഗത്തുവരണം. ‘എന്റെ കേരളം’ പോലുള്ള മേളകൾ അതിന് ഗുണപരമായ വേദിയൊരുക്കുന്നുണ്ട്.
സ്കൂൾ പാഠ്യപദ്ധതിയിൽ നെയ്ത്ത് പഠിപ്പിക്കാനുള്ള വഴിയൊരുക്കണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു. ശരീരത്തിനൊപ്പം മനസ്സും തറിയിലേക്ക് ഉൾച്ചേരുന്ന, സൂക്ഷ്മതയും ശ്രദ്ധയും വൈദഗ്ധ്യവും ഒരുപോലെ വേണ്ട കൈത്തറി നെയ്ത്തിന്റെ കഥയറിയാനെത്തുന്നവരുടെ മനസ്സ് നിറച്ച് ‘എന്റെ കേരളം’ മേളയിൽ ആനന്ദബാബു നെയ്ത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.