യന്ത്രയുഗത്തിലും വട്ടത്തിൽ ചവിട്ടി നീളത്തിൽ പാഞ്ഞ് സുനിൽ
text_fieldsകൊടുങ്ങല്ലൂർ: ഈ ഹിന്ദി മാഷിന്റെ അധ്യാപനജീവിതത്തിൽ സൈക്കിളിനെ വേർതിരിച്ചു നിർത്താനാവില്ല. രണ്ടും പരസ്പരപൂരകമാണ്. യന്ത്രയുഗത്തിലും പ്രകൃതിയെ മലിനമാക്കാതെ ദൈനംദിന സൈക്കിൾ യാത്ര തുടരുകയാണ് ഈ അധ്യാപകൻ. സമഗ്രശിക്ഷ തൃശൂർ-കൊടുങ്ങല്ലൂർ ബി.ആർ.സിയിലെ ട്രെയിനറാണ് കെ.എൻ. സുനിൽകുമാർ. അധ്യാപക പരിശീലനങ്ങൾക്കും സ്കൂൾ സന്ദർശനങ്ങൾക്കും കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നടക്കുന്ന വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുക്കാനും പതിവായി സൈക്കിൾ ഉപയോഗിക്കുന്നു. വടക്കൻ പറവൂർ താലൂക്കിലെ ആലങ്ങാട് സ്വദേശിയാണ്. 33 വർഷമായി അധ്യാപകനും സൈക്കിൾ സഞ്ചാരിയുമാണ്.
1990ൽ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ പ്രധാനാധ്യാപകനായിരിെക്കയാണ് സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഇപ്പോഴും ദിവസവും 22 കി.മീ. സൈക്കിൾ ചവിട്ടിയാണ് കൊടുങ്ങല്ലൂർ ബി.ആർ.സിയിൽ എത്തുന്നത്. പ്രകൃതിമലിനീകരണത്തിന് ആക്കംകൂട്ടാൻ താനില്ലെന്നാണ് മാഷിന്റെ നിലപാട്. 51 വയസ്സിനിടയിൽ രോഗബാധിതനായി ആശുപത്രിയിൽ കിടക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും പറയുന്നു. ആരാധ്യ സാഹിത്യകാരനായ പ്രേംചന്ദിന്റെ ജന്മദേശമായ വാരാണസി ലമഹിയിലേക്കുള്ള സൈക്കിൾ യാത്രയാണ് ജീവിതസ്വപ്നം.
വിവിധ അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. 2001ൽ എറണാകുളം ജില്ലയിലെ സർവശ്രേഷ്ഠ ഹിന്ദിപ്രചാരക പുരസ്കാരം, 2007ൽ ബിഹാറിൽ നടന്ന കമ്യൂണിക്കേറ്റിവ് ഹിന്ദി അധ്യാപക പരിശീലനത്തിൽ എ വൺ ഗ്രേഡ്, 2011ൽ കേരള സ്റ്റേറ്റ് ഖാദി-ഹിന്ദി പ്രചാരക സമിതി ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച ഹിന്ദി അധ്യാപകനുള്ള പുരസ്കാരം, 2014ൽ എറണാകുളം ജില്ലയിലെ മികച്ച ക്രിയാഗവേഷകനുള്ള പുരസ്കാരം, 2018ൽ കേരളത്തിലെ സർവശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള സംസ്ഥാന അവാർഡ്, 2019ൽ എറണാകുളം മൂഴിക്കുളം ശാലയുടെ പ്രകൃതിസൗഹൃദ അംഗീകാരമായ കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ്, 2022ൽ കേരളത്തിലെ ശ്രേഷ്ഠ ഹിന്ദിപ്രചാരകനുള്ള സംസ്ഥാന അവാർഡ്, 2022ൽ കേരളത്തിലെ മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡ്, 2023ൽ പത്തനംതിട്ട മലങ്കര ഓർത്തഡോക്സ് സഭ കവി സി.പി. ചാണ്ടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ആചാര്യ അവാർഡ് എന്നിവ പുരസ്കാരങ്ങളിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.