കുട്ടിപ്പാട്ടുകാരി ആതിരക്ക് വീടൊരുക്കാന്‍ പ്രവാസി മോന്‍സി ബഷീര്‍
text_fieldsഎടക്കര: മനുഷ്യസ്നേഹത്തിന്റെ അതുല്യ മാതൃക തീര്‍ത്ത പോത്തുകല്ലിലെ കുട്ടിപ്പാട്ടുകാരി ആതിരക്ക് ആദരവിന്റെ ഭവനമൊരുക്കാൻ സന്നദ്ധതയറിയിച്ച് പ്രവാസി. ഖത്തറിലെ ഏബിള്‍ ഗ്രൂപ് മാനേജിങ് ഡയറക്ടറും വാഴക്കാട് എളമരം സ്വദേശിയുമായ മോന്‍സി ബഷീറാണ് വീടുവെച്ചു നല്കാന് തയാറാണെന്ന് ആതിരയുടെ കുടുംബത്തെയും ആതിര പഠിക്കുന്ന പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധികൃതരെയും അറിയിച്ചത്. തെരുവ് ഗായികക്കായി, താലോലം എന്ന് തുടങ്ങുന്ന താരാട്ടുപാട്ട് മധുരസ്വരത്തില്‍ ആലപിച്ച പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസുകാരിയാണ് ആതിര.
പാട്ട് സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് 2019 ലെ പ്രളയത്തിനിരകൂടിയായ ആതിരയുടെ കുടുംബവിശേഷം നാടറിയുന്നത്. സ്വന്തമായി വീടില്ലാത്ത ആതിരക്ക് ജനകീയ പങ്കാളിത്തത്തോടെ വീടൊരുക്കാന്‍ സ്കൂള്‍ അധികൃതർ ശ്രമം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാണ് മോന്‍സി ബഷീറിന്റെ തീരുമാനം. ആതിരയുടെ മനസ്സിനിണങ്ങിയ വീടാണ് അവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് നിര്‍മിച്ച് നല്‍കുക. വിദ്വേഷവും സ്വാർഥതയും കൂടി വരുന്ന കാലത്ത് ആതിരയുടെ കുഞ്ഞു മനസില്‍ പരപ്രേരണയില്ലാതെ ഉണ്ടായ ദയാവായ്പിനുള്ള സമ്മാനമാണ് താന്‍ നല്കുന്ന വീടെന്ന് ബഷീര്‍ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി ഖത്തറില്‍ ബില്‍ഡിങ് മെറ്റീരിയല്‍ ട്രേഡിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏബിള്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് മോന്‍സി ബഷീര്‍. വീട് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കും. ഓണത്തോടനുബന്ധിച്ച് ആതിരക്കും കുടുംബത്തിനും പുതിയ വീട്ടിൽ താമസമാക്കാന്‍ കഴിയുന്ന വിധത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നും മോൻസി ബഷീർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.