മൊയ്തുട്ടി ഇനി നാടിന്റെ തണലിൽ...
text_fieldsകുവൈത്ത് സിറ്റി: പ്രായാധിക്യവും രോഗവും കൊണ്ടുള്ള അവശതകളും വിസ കാലാവധി തീർന്നതും മൂലം പ്രയാസപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി മൊയ്തൂട്ടി ഇനി നാടിന്റെ തണലിൽ. 63 കാരനായ മൊയ്തൂട്ടിയെ പ്രവാസി വെൽഫെയർ കുവൈത്ത് പ്രതിനിധികൾ ഇടപെട്ട് നാട്ടിലേക്കയച്ചു.
വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ബേക്കറി ജോലികൾ ചെയ്തുവരുകയായിരുന്നു. 2020ൽ വിസ കാലാവധി അവസാനിച്ചതോടെ പുതുക്കാനായില്ല. സാൽമിയയിലായിരുന്നു ആദ്യകാലത്ത് താമസം. നാട്ടിലേക്ക് പോകാൻ ഔട്ട് പാസിനു ശ്രമിച്ചെങ്കിലും പലകാരണങ്ങളാൽ നടന്നില്ല.
പ്രായാധിക്യംകൊണ്ടും ഉയർന്ന പ്രമേഹം മൂലവും കാഴ്ചക്കും തടസ്സം നേരിട്ടു തുടങ്ങി. ഇതിനിടെ, മങ്കഫിലേക്കു താമസം മാറ്റി. കാഴ്ച മങ്ങിയത് മൂലം ഭക്ഷണ സാധനങ്ങൾപോലും പാചകം ചെയ്യാൻ കഴിയാതെയായി.
ഈ ഘട്ടത്തിലാണ് പ്രവാസി വെൽഫെയർ ഇദ്ദേഹത്തിന്റെ വിവരങ്ങൾ അറിഞ്ഞത്. തുടർന്ന് ടീം വെൽഫെയർ അസിസ്റ്റന്റ് ക്യാപ്റ്റൻ ഷംസീർ, തൃശൂർ ജില്ല പ്രസിഡന്റ് ജോയ് ഫ്രാൻസിസ്, ഷാജി, കെ.എം. ഹാരിസ്, സമീർ തിരൂർ എന്നിവരും മറ്റു പ്രവർത്തകരും അടങ്ങുന്ന ടീം മെയ്തൂട്ടിയുടെ കാര്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു. മെയ്തൂട്ടിക്ക് ആവശ്യമുള്ള ഭക്ഷണം തൊട്ടടുത്തുള്ള ഗ്രീൻ പെപ്പർ ഹോട്ടലിന്റെ സഹകരണത്തോടുകൂടി ഏർപ്പാടാക്കി. നാട്ടിൽ അയക്കാനുള്ള നടപടികളും ആരംഭിച്ചു.
ദീർഘനാളത്തെ ശ്രമങ്ങൾക്കുശേഷം പേപ്പറുകൾ എല്ലാം ശരിയാക്കി ചൊവ്വാഴ്ച മൊയ്തൂട്ടിയെ നാട്ടിൽ അയച്ചു. ജോയ് ഫ്രാൻസിസ് യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. കുവൈത്തിലെ കനിവ് ചാരിറ്റി പ്രവർത്തകരാണ് മൊയ്തൂട്ടിക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് സ്പോൺസർ ചെയ്തത്.
കൊച്ചി വിമാനത്താവളത്തിൽ ഇദ്ദേഹത്തെ വെൽഫെയർ പാർട്ടി കൈപ്പമംഗലം പ്രസിഡന്റ് റഷീദ് മാസ്റ്റർ, സെക്രട്ടറി അമീർ അലി, മതിലകം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് സഈദ്, സെക്രട്ടറി വി.എം. ഇസ്ഹാഖ്, എറണാകുളം ജില്ല ടീം വെൽഫെയർ പ്രതിനിധികൾ എന്നിവർ സ്വീകരിച്ചു വീട്ടിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.