ദിയാധനം നൽകി രക്ഷിച്ചത് നാല് ജീവൻ
text_fieldsപദവികളൊന്നുമില്ലാതെ രാഷ്ട്രീയപരമായി ഏതാണ്ട് വിശ്രമത്തിലായ കാലത്തും മനുഷ്യ ജീവൻ രക്ഷിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ ചില ഇടപെടലുകളെ ഏറെ അത്ഭുതത്തോടെയാണ് സൗദിയിലെ ജീവകാരുണ്യപ്രവർത്തകർ ഓർക്കുന്നത്. മണ്ടത്തരമോ എന്നുവരെ തോന്നിപ്പോകുന്ന ഇടപെടലുകളായിരുന്നു അത്. പദവികളൊന്നുമില്ലാഞ്ഞതിനാൽ സാമ്പത്തിക പിന്തുണ മറ്റിടങ്ങളിൽനിന്നുണ്ടാവാതെ വന്നപ്പോൾ സ്വന്തം കൈയിൽനിന്ന് എടുത്ത് ചെലവഴിച്ച് മരണശിക്ഷയിൽനിന്നും തടവറയിൽനിന്നുമൊക്കെ രക്ഷപ്പെടുത്തിയ സംഭവങ്ങളായിരുന്നു അത്.
ഒന്നൊരു കോട്ടയം സ്വദേശി ദമ്മാമിൽ കൊല്ലപ്പെട്ട കേസാണ്. കോട്ടമുറിക്കൽ, ചാലയിൽവീട്ടിൽ തോമസ് മാത്യുവാണ് കൂടെ താമസിച്ചിരുന്നവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത്. കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ സ്വദേശി എച്ച്.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈൻ പ്രതിയായി. വധശിക്ഷയാണ് സൗദി കോടതി വിധിച്ചത്. ശിക്ഷകാത്ത് ഒമ്പതുവർഷം ജയിലിൽ കിടന്നു.
ഇതിനിടയിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകാൻ തയാറായി. 15 ലക്ഷം രൂപയുടെ ദിയാധനം (മോചനദ്രവ്യം) വേറെ എവിടെ നിന്നും കിട്ടാതായപ്പോൾ സ്വന്തം സമ്പാദ്യത്തിൽനിന്ന് എടുത്തുനൽകിയാണ് ഉമ്മൻ ചാണ്ടി അയാളെ രക്ഷപ്പെടുത്തിയത്. 2020ലായിരുന്നു ഇത്. സമാനമായ മറ്റൊരു കേസിലും ഇതുപോലെ സ്വന്തം കൈയിൽനിന്ന് പണം കൊടുത്ത് മൂന്നു പേരുടെ ജീവൻ രക്ഷിച്ചു. റിയാദിലാണ് സംഭവം. കൊല്ലം സ്വദേശിയാണ് കൊല്ലപ്പെട്ടത്. മൂന്ന് പ്രതികൾ. മൂന്നും മലയാളികൾ. വധശിക്ഷ വിധിച്ചു.
അന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. പ്രതികളുടെ കുടുംബങ്ങൾ മുഖ്യമന്ത്രിയെ കണ്ട് സഹായം തേടി. അദ്ദേഹം ഇടപെട്ടതോടെ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകാൻ തയാറായി. 50 ലക്ഷം രൂപയായിരുന്നു ദിയാധനം. കൈയിലുണ്ടായിരുന്നത് തികയാതെ വന്നപ്പോൾ അടുപ്പമുണ്ടായിരുന്ന ചിലരിൽനിന്ന് കൂടി വാങ്ങിയാണ് അദ്ദേഹം പണം സ്വരൂപിച്ചത്. രണ്ടു കേസുകളിലും റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടാണ് ഇടപെട്ടിരുന്നത്. ഉമ്മൻ ചാണ്ടിയുടെ ഈ ഇടപെടലുകളെ കുറിച്ച് വിസ്മയത്തോടെയല്ലാതെ ശിഹാബിന് പറയാനാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.