ലണ്ടനിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച് ഫായിസ്
text_fieldsഎടപ്പാൾ: ഐ.ടി കമ്പനിയിലെ ജോലി രാജിവെച്ച് സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയിരിക്കുകയാണ് കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ്. ലണ്ടനിലേക്കുള്ള സൈക്കിളിൽ യാത്രക്കിടെയാണ് ഫായിസ് എടപ്പാൾ വഴി കടന്നുപോയത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് പാലക്കാട് വഴി എടപ്പാളിലെത്തിയത്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിലാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്.
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസംകൊണ്ടാണ് 2024ഓടെ ലണ്ടനിൽ എത്തുക. പാകിസ്താൻ, ചൈന എന്നിവിടങ്ങളിൽ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര. മുംബൈ വരെ സൈക്കിളിൽ സഞ്ചരിച്ച് വിമാനമാർഗം ഒമാനിലെത്തും. അവിടെ നിന്ന് സൈക്കിളിൽ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കി വഴി യുറോപ്പിലേക്ക് കടക്കും.
വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജിവെച്ചാണ് ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്. 2019ൽ കോഴിക്കോട്ടു നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്.
അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക് ട്രക്കർ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. യു.എ.ഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ലഗേജ് ആക്സസറീസ് കമ്പനിയായ പാര ജോണാണ് ലണ്ടനിലേക്കുള്ള യാത്ര സ്പോൺസർ ചെയ്തിരിക്കുന്നത്. ലോകരാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ കഴിയണമെന്ന സന്ദേശത്തോടെ ടീം എക്കോ വീലേഴ്സിന്‍റെ നേതൃത്വത്തിൽ റോട്ടറി ഇന്‍റർനാഷനൽ പിന്തുണയോടെയാണ് ഫായിസ് സൈക്കിളിൽ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.