സ്നേഹത്തിന്റെ വിലയുണ്ട് കുരുന്നുകളുടെ ഈ ഉരുളക്ക്
text_fieldsസുൽത്താൻ ബത്തേരി: സ്കൂളിൽ നിന്ന് മാറിപ്പോകുന്ന അധ്യാപകന് സദ്യയൊരുക്കി, അത് വാരിക്കൊടുത്ത് കുരുന്നുകൾ. പൂതാടി പഞ്ചായത്തിലെ അരിമുള എ.യു.പി. സ്കൂളിലെ അധ്യാപകൻ എസ്. സനലിലാണ് വിദ്യാർഥികൾ സർപ്രൈസായി സ്നേഹത്തിൽ പൊതിഞ്ഞ യാത്രയയപ്പ് നൽകിയത്. സർക്കാർ യു.പി സ്കൂളിൽ അധ്യാപകനായി പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചതോടെയാണ് സനൽ സ്കൂളിൽ നിന്ന് വിടപറയുന്നത്.
അഞ്ചാം ക്ലാസ് എ ഡിവിഷനിലെ ക്ലാസ് ടീച്ചറാണ് സനൽ. തങ്ങളുടെ പ്രിയ അധ്യാപകൻ സ്കൂളിൽ നിന്ന് അടുത്തുതന്നെ പോകുന്നുവെന്നറിഞ്ഞതോടെയാണ് ക്ലാസിലെ മുപ്പതോളം വിദ്യാർഥികൾ അദ്ദേഹത്തിന് മാത്രമായി വിഭവ സമൃദ്ധമായ ഉച്ചയൂൺ ഒരുക്കാൻ തീരുമാനിച്ചത്. ഇലയിട്ട് അതിൽ ചോറും കറികളുമൊരുക്കി. കറികൾ കുട്ടികൾ വീട്ടിൽ നിന്നും ഒരുക്കിക്കൊണ്ടുവരുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ച സമയത്ത് കുട്ടികൾ സനൽ മാഷിനോട് സദ്യയുടെ കാര്യം അറിയിച്ചു.
അദ്ദേഹത്തിനും സന്തോഷമായി. ക്ലാസിൽ അധ്യാപകന്റെ മേശക്ക് മുകളിൽ ഇല വിരിച്ച് കുട്ടികൾ നിമിഷം നേരം കൊണ്ട് സദ്യ വിളമ്പി. അധ്യാപകൻ ഓരോ ഉരുള ഓരോരുത്തർക്കായി നൽകി. പിന്നീട് കുട്ടികളും അധ്യാപകന് ഓരോ ഉരുള നൽകുകയായിരുന്നു. ഇതിന്റെ വിഡിയോ അഞ്ചാം ക്ലാസിന്റെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് കുട്ടികളും അധ്യാപകനും തമ്മിലുള്ള ഊഷ്മളമായ സ്നേഹം പുറം ലോകം അറിഞ്ഞത്. അഞ്ച് എയിലെ കുട്ടികളിൽ പകുതിയിലേറെയും ആദിവാസി കോളനിയിൽ നിന്നുള്ളവരാണ്.
രണ്ടാഴ്ച മുമ്പ് ചെറിയ ക്ലാസിലെ ഒരു കുട്ടിയോട്, ഭാവിയിൽ നിനക്ക് ആരാകണമെന്ന ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയാണ് കിട്ടിയതെന്ന് സനൽ 'മാധ്യമ'ത്തോട് പറഞ്ഞു. ബീഫും പൊറോട്ടയും വാങ്ങാൻ കഴിയുന്ന എന്തെങ്കിലും ജോലി കിട്ടിയാൽ മതിയെന്നായിരുന്നു കുട്ടിയുടെ മറുപടി. അന്ന് വൈകീട്ട് അവൻ വീട്ടിൽ പോകുമ്പോൾ ബീഫും പൊറോട്ടയുമടങ്ങിയ പാർസൽ മാഷ് അവനു നൽകി. വീട്ടിൽ ചെന്നല്ലാതെ തുറന്നു നോക്കരുതെന്നും പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ കണ്ടപ്പോൾ അവൻ ഓടിവന്ന് സനലിന്റെ കൈയിൽ രണ്ടുമൂന്ന് മുത്തം കൊടുത്തു. പൂതാടി നെല്ലിക്കര സ്വദേശിയായ സനൽ അഞ്ചു വർഷമായി അരിമുള സ്കൂളിൽ അധ്യാപകനായിട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.