അഞ്ച് പതിറ്റാണ്ട് പ്രവാസത്തിന് വിരാമം; മത്രക്കാരുടെ രാജേട്ടൻ നാടണഞ്ഞു
text_fieldsമത്ര: അഞ്ച് പതിറ്റാണ്ടത്തെ പ്രവാസജീവിതം നൽകിയ ഓർമകളുമായി തൃശൂർ മാള അഷ്ടമിച്ചിറ സ്വദേശി രാജൻ സ്നേഹത്തണലിലലിഞ്ഞു. 52 വര്‍ഷക്കാലം നീണ്ടുനിന്ന പ്രവാസത്തിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്. മസ്കത്തിലെ വിവിധ തൊഴിൽ മേഖലകളിലും ബിസിനസിലും കഴിവും പ്രാപ്തിയും തെളിയിച്ചാണ് പ്രവാസം അവസാനിപ്പിക്കുന്നത്. 1971ല്‍ മഹാരാഷ്ട്രയിലെ പുണെയിലേക്ക് വണ്ടി കയറിയാണ് പ്രവാസത്തിന് തുടക്കം കുറിച്ചത്. പത്താം ക്ലാസിന് ശേഷം നേടിയ ഐ.ടി.ഐ ബിരുദമായിരുന്നു കൂട്ട്. 1974ലാണ് മസ്കത്തിലേക്കുള്ള വിസ പുണെയില്‍ ജോലി ചെയ്ത കമ്പനിതന്നെ ശരിയാക്കി നല്‍കിയത്. മൂന്നു ദിവസം ദുറ എന്ന കപ്പലിലേറിയാണ് മത്ര തുറമുഖത്ത് വന്നിറങ്ങിയത്. പിന്നീട് നീണ്ട 49 വര്‍ഷക്കാലം മസ്കത്തിലെ വിവിധ ഭാഗങ്ങളിലെ ജോലികളില്‍ ഏർപ്പെട്ടു.
എൻജിനീയറിങ് വര്‍ക്സ്, വെല്‍ഡര്‍ ലിഫ്റ്റ് നിർമാതാവ്, ഐസ് പ്ലാന്റ് നിർമാണം, കണ്‍സ്ട്രക്ഷന്‍ കമ്പനി, ഇലക്ട്രോണിക്സ് സെയില്സ്മാന്, ബിസിനസ് സംരംഭകന് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. മസ്കത്ത് പാലസ്, ഒമാന്‍ ഹൗസ് പോലുള്ള സുൽത്താനേറ്റിന്റെ പ്രധാന ലാൻഡ് മാര്‍ക്കുകളുടെ നിർമാണ പ്രവൃത്തികളിലും പങ്കാളിത്തം വഹിച്ചത് ഒമാന്‍ ജീവിതത്തെ അടയാളപ്പെടുത്തുന്നു.
ഒമാനില്‍ വന്നിറങ്ങിയപ്പോള്‍ ഒട്ടുമിക്ക സ്ഥലങ്ങളും മലകളാൽ ചുറ്റപ്പെട്ട, വിജനവും മരുഭൂമിപോലെ തോന്നിക്കുന്ന സമതല പ്രദേശങ്ങളുമായിരുന്നു. വികസന വഴിയില്‍ കുതിക്കുമ്പോള്‍ അത് കണ്‍കുളിര്‍ക്കെ കാണുകയും ചെറിയ തോതിലെങ്കിലും അതില്‍ പങ്കാളിയാകാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രാജന് പറഞ്ഞു. ഇവിടത്തെ നല്ലവരായ സ്വദേശി ജനസമൂഹം നല്കിയ സ്നേഹവും ബഹുമാനവും കരുതലുകളും മറക്കാന്‍ പറ്റാത്തവിധം മനസ്സില്‍ കൊത്തിവെച്ചിരിക്കുകയാണ്. ’94ല്‍ ഡ്രൈവിങ് ജോലിക്കിടെ വാഹനാപകടത്തില്‍പെട്ട് മൂന്നു മാസം ഹോസ്പിറ്റൽ വാസം അനുഭവിച്ചതും, തുടങ്ങിയ കണ്‍സ്ട്രക്ഷന്‍ കമ്പനി നഷ്ടത്തിലായി ദിവസങ്ങളോളം സാമ്പത്തിക ഞെരുക്കത്തില്‍പെട്ട് പട്ടിണി കിടന്നതുമൊക്കെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ്.
വിവിധ മേഖലകളില്‍ ജോലിയും ബിസിനസും നടത്തി സാമാന്യം നല്ല രീതിയില്‍ സമ്പാദ്യവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഒരുക്കാൻ കഴിഞ്ഞതിൽ ഒമാന്‍ സമൂഹത്തോട് നന്ദിയും കടപ്പാടുമുണ്ടെന്ന് രാജൻ പറഞ്ഞു. ഇക്കാലയളവില്‍ സ്പോണ്‍സര്‍മാരായ മുര്‍തസ മുഹമ്മദ് ത്വാലിബ്, ഹാജി ഹസന് ഉബൈദ് എന്നിവരോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ബിസിനസ് രംഗത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് സുഹൃത്തും സിനിമ നിർമാതാവുംമായ ഉബൈദാണ്. 24 വര്‍ഷം ഉബൈദുമായി ചേര്‍ന്ന് നടത്തിയ ലുങ്കി, ബനിയന്, ഒമാനി വസ്ത്രങ്ങൾ എന്നിവയടങ്ങിയ മൊത്ത വ്യാപാരം നടത്തിയ ശേഷമാണ് മത്രക്കാര്‍ക്കിടയില്‍ ലുങ്കി രാജേട്ടന് എന്ന് അറിയപ്പെടുന്ന ഇദ്ദേഹം പ്രവാസം നിര്‍ത്തി മടങ്ങുന്നത്. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.