വെറൈറ്റിയല്ലേ...?
text_fieldsഒഴുക്കുന്ന ബന്ദിപ്പൂന്തോട്ടം മുതൽ ഇസ്രായേൽ തുരങ്കകൃഷിയിൽ വരെ വിജയം കണ്ട സുജിത്ത്
യൂട്യൂബിൽ ‘വെറൈറ്റി ഫാർമർ’ എന്ന് പരതിയാൽ ആലപ്പുഴയിലെ യുവകർഷകൻ വിജയം കണ്ട വ്യത്യസ്ത കൃഷിരീതികൾ കാണാം. കഞ്ഞിക്കുഴി സ്വാമി നികർത്തലിൽ എസ്.പി. സുജിത്തിന്റെ (37) ഒറ്റയാൾ പോരാട്ടവും കഠിനാധ്വാനവുമാണ് നേട്ടത്തിന് പിന്നിൽ. വേമ്പനാട്ട് കായലിൽ ഒഴുകിനടക്കുന്ന ബന്ദിപ്പൂന്തോട്ടം മുതൽ ഇസ്രായേൽ മാതൃകയിലെ തുരങ്കകൃഷിവരെ എത്തിനിൽക്കുന്ന പുതുമ നിറഞ്ഞ കൃഷിരീതികളാണ് ഏറെയും. പുതിയ ആശയങ്ങളിലൂടെ വിദേശരാജ്യങ്ങളിലടക്കമുള്ള ‘ഹൈടെക്’ കൃഷി സംവിധാനം സ്വന്തം കൃഷിയിടത്തിൽ പ്രാവർത്തികമാക്കി അവിടേക്ക് ആളുകളെ എത്തിക്കുന്ന വിപണനതന്ത്രം വിജയിച്ചതിന്റെ ത്രില്ലിലാണ് സുജിത്ത്.
ഏറ്റവുമൊടുവിൽ വിജയം കണ്ടത് ഇസ്രായേൽ മോഡൽ കൃഷിയാണ്. കേരളത്തിൽനിന്ന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൃഷിപഠിക്കാനും മാതൃകതീർക്കാനും ഇസ്രായേൽ സന്ദർശിച്ച 27 അംഗസംഘത്തിലെ ഒരാളായിരുന്നു സുജിത്ത്. സംസ്ഥാനത്ത് ആദ്യമായി ഇസ്രായേൽ ടിഷ്യൂകൾച്ചർ വാഴകൃഷിയും പിന്നീട് തുരങ്കകൃഷിയിലൂടെ തക്കാളിയും പച്ചമുളകും പരീക്ഷിച്ചാണ് വിജയം നേടിയത്. ഇതിനായി കൃഷിയിടത്തിൽ പ്രത്യേക പ്ലാസ്റ്റിക് ടണൽ തീർത്ത് ചൂട് നിലനിർത്താനും കീടങ്ങളുടെ ആക്രമണം ഒഴിവാക്കാനും സംവിധാനമുണ്ടാക്കി.
പിതാവ് പവിത്രന്റെ മരണത്തോടെ ചെറുപ്രായത്തിൽതന്നെ കൃഷിയിലേക്കിറങ്ങി. കുടുംബത്തിന്റെ കാര്യം കൂടി നോക്കാനായിരുന്നു ഇത്. ആകെയുള്ള ഒന്നര ഏക്കറിൽ മാതാവ് ലീലാമണിക്കൊപ്പം സുജിത്തും കൃഷിക്കൊപ്പം ചേർന്നു. പിന്നീട് ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി പലയിടത്തും ജോലി ചെയ്തു. എറണാകുളത്ത് ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്നപ്പോഴാണ് ജോലിയിൽനിന്ന് വിട്ട് കൃഷിയെക്കുറിച്ച് ആലോചിച്ചത്. ഇപ്പോഴത്തെ കാലത്ത് കൃഷിയൊക്കെ ചെയ്ത് എങ്ങനെ കുടുംബം പോറ്റുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം.
നെല്ല്, പച്ചക്കറികൾ, പശു, മുയൽ, താറാവ് എന്നിവയൊക്കെ കൃഷിചെയ്യുന്നുണ്ട്. പച്ചക്കറിയാണ് പ്രധാന വരുമാന മാർഗം. മാർക്കറ്റിൽ ഏതിനാണ് ആവശ്യം വരാൻപോകുന്നതെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞാണ് കൃഷിചെയ്യുന്നത്. ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത് കഞ്ഞിക്കുഴി ബ്രാൻഡിലാണ്. ഓണത്തിന് പൂക്കളും വിഷുവിന് വെള്ളരിയും മത്തനും കുമ്പളവുമുണ്ടാകും. ഇടവിളയായി കുക്കുംബറും വെണ്ടയും ചീരയും അടക്കമുള്ള വിവിധങ്ങളായ പച്ചക്കറികൾ. തമിഴ്നാട്ടിൽനിന്ന് വിത്തുകളിറക്കി ചെയ്ത ഉള്ളികൃഷിയും വൻ ഹിറ്റായി. ഓരോ സീസണിലും വ്യത്യസ്ത കൃഷിയെന്നതാണ് സുജിത്തിന്റെ മാർക്കറ്റിങ് തന്ത്രം. അതിലൊന്നായിരുന്നു സൂര്യകാന്തി പൂക്കളുടെ പാടം. കണ്ണിനും മനസ്സിനും കുളിർമയേകിയ ‘സൂര്യകാന്തിപ്പൂക്കൾ’ കാണാൻ വിവിധ ജില്ലകളിൽനിന്നടക്കം നിരവധി പേർ എത്തുന്നു. പൂക്കൾക്കൊപ്പം ജൈവപച്ചക്കറിയും വാങ്ങുമെന്ന വിപണനതന്ത്രത്തിന്റെ വിജയംകൂടിയായിരുന്നു അത്. വേമ്പനാട്ട് കായലിലെ ഓളപ്പരപ്പിൽ ചലിക്കുന്ന സൂര്യകാന്തി പൂന്തോട്ടമൊരുക്കിയും വിസ്മയം തീർത്തു.
കുട്ടനാട്ടിൽ ആളുകൾ ചെയ്യാൻ മടിച്ചിരുന്ന തണ്ണിമത്തനും തോട്ടത്തിൽ വിളഞ്ഞു. പച്ച, മഞ്ഞ നിറത്തിലുള്ള തണ്ണിമത്തൻ ബാർകോഡ് പതിപ്പിച്ചാണ് വിൽപന. ബാർ കോഡ് സ്കാൻ ചെയ്താൽ സുജിത്തിന്റെ കൃഷിത്തോട്ടത്തിലെ ചിത്രങ്ങൾ കാണാൻ സാധിക്കും. സമൂഹമാധ്യമങ്ങളെ ശരിക്കും ഉപയോഗപ്പെടുത്തിയാൽ നല്ലരീതിയിൽ വിപണി കണ്ടെത്താമെന്നാണ് സുജിത്ത് പറയുന്നത്. സൂര്യകാന്തി പൂക്കളുടെ വിഡിയോയിലൂടെ സമൂഹമാധ്യമങ്ങൾവഴി ഒട്ടേറെ പേരെ കൃഷിയിടത്തിലെത്തിക്കാൻ സാധിച്ചു. കൃഷിയിൽമാത്രം ശ്രദ്ധിക്കാതെ വിപണി കണ്ടെത്താൻ പുത്തൻ തന്ത്രങ്ങൾ ആവിഷ്കരിച്ചാൽ കേരളത്തിൽ കൃഷിയിലൂടെ നല്ലൊരു വരുമാനം കണ്ടെത്തി ജീവിക്കാൻ സാധിക്കുമെന്നാണ് ഈ യുവകർഷകൻ തെളിയിക്കുന്നത്.
കേരളത്തിലെ പച്ചക്കറിക്കൃഷിയിൽ ‘കഞ്ഞിക്കുഴി’ എന്ന സ്ഥലത്തിന്റെ പേരുതന്നെയാണ് സുജിത്തിനെ തുണച്ചത്. കൃഷിയിലേക്കിറങ്ങുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പണം കണ്ടെത്താൻ വാങ്ങിയ ഓട്ടോ അധികകാലം ഓടിക്കേണ്ടി വന്നില്ല. അതിനുമുമ്പ് തന്നെ സുജിത്തിന്റെ അധ്വാനത്തിന് പ്രതിഫലം ലഭിക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ 12വർഷമായി കാർഷിക മേഖലയാണ് സുജിത്തിന്റെയും കുടുംബത്തിന്റെയും ഉപജീവനമാർഗം. കുട്ടനാട്ടിലെ പുളിങ്കുന്നിലാണ് വെള്ളത്തിലൂടെ ഒഴുകുന്ന ബന്ദിപ്പൂ കൃഷി ആരംഭിച്ചത്. പാകമായി പൂത്തുനിൽക്കുമ്പോൾ സഞ്ചാരികളടക്കം അവിടേക്കെത്തും.
ചേർത്തല നഗരസഭയിലും ചേർത്തല സൗത്ത്, കഞ്ഞിക്കുഴി, തണ്ണീർമുക്കം, മുഹമ്മ പഞ്ചായത്തുകളിലായി 30 ഏക്കർ സ്ഥലത്താണ് വിവിധങ്ങളായ കൃഷി. 2014ൽ മികച്ച യുവകർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. 2022ൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദ പുരസ്കാരവും 2023ൽ യൂത്ത് ഐക്കൺ അവാർഡും സുജിത്തിനെ തേടിയെത്തി. ഭാര്യ: അഞ്ജു. മകൾ: കാർത്തിക (പുത്തനമ്പലം ഗവ. സ്കുൾ, ഒന്നാംക്ലാസ് വിദ്യാർഥിനി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.