ചാർട്ടേഡ് അക്കൗണ്ടന്റായ കൃഷിക്കാരൻ
text_fields60-65 വയസ്സ് ആവുന്നതോടെ കട്ടയും പടവും മടക്കി കളിനിർത്തി കളംവിടുന്നവർ ഏറെയുള്ള നാട്ടിൽ അതിനൊരപവാദമാണ് റഹീം എന്ന 72 കാരൻ. ഫലവൃക്ഷങ്ങൾ, കുരുമുളക്, കശുമാവ്, മലവേപ്പ്, ചോലമരങ്ങൾ, പശുക്കൾ, ആട് എല്ലാമായി 35 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ചേതോഹരമായ ഒരു സമ്മിശ്ര സംരംഭം; എല്ലാത്തിനും വിഗഹ വീക്ഷണമൊരുക്കി സുന്ദരമായ ഒരു ഫാം വീടും ! എറണാകുളത്ത് ചാർട്ടേർഡ് അക്കൗണ്ടൻറായ സി.എച്ച്. റഹീമിന്റെയും അദ്ദേഹത്തിന്‍റെ കാസർകോട് ബായാറിലുള്ള സമ്മിശ്ര കാർഷിക സംരംഭത്തിന്റെയും കാര്യമാണ് പറയുന്നത്.
ടൗണിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള തരിശു സ്ഥലം 2011ലാണ് റഹീം സ്വന്തമാക്കുന്നത്. സ്ഥലം അതിര് തിരിച്ച് വേലികെട്ടി റോഡ് ഉണ്ടാക്കിയ ശേഷം ആദ്യം നടുന്നത് തെങ്ങും ചില ഫലവൃക്ഷങ്ങളും. ആദ്യം 300 കുരുമുളക് തൈകൾ നട്ടെങ്കിലും പല കാരണങ്ങൾ കൊണ്ടും അധികവും പിടിച്ചു കിട്ടിയില്ല. അതിൽ പതറാതെ നിശ്ചയദാർഢ്യത്തോടെ കൂടുതൽ തൈകൾ നടുകയാണ് റഹീം ചെയ്തത്.
ഇന്ന് എട്ട് ഇനങ്ങളിലായി (തേവം, മലബാർ എക്സൽ, കരിമുണ്ട, ശ്രീകര, ശുഭകര, പഞ്ചമി, പന്നിയൂർ - 1& പന്നിയൂർ -3) വിവിധ പ്രായത്തിലുള 1000 കൊടി കുരുമുളക് ചെടി ഇവിടെയുണ്ട്. ഏതാനും കൊടികൾ തിരിയിട്ടു തുടങ്ങി. കൃഷി കൂടുതൽ വ്യാപിക്കുന്നതിന്റെ ഭാഗമായി തോട്ടത്തിനോട് ചേർന്ന് ഒരു ഏക്കർ കൂടി വാങ്ങിയതോടെ 300 കമുകും (മംഗള& ഇന്റേർസ് - സി.പി.സി.ആർ.ഐ, കിടു ) നൂറ് റംബൂട്ടാനും നട്ടിട്ടുണ്ട്. കൃഷി കൂടുതൽ വാണിജ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി കുരുമുളക് നഴ്സറിയും തുടങ്ങി. ഉടനെ തന്നെ മഷ്റൂം യൂനിറ്റും പ്രാവർത്തികമാക്കും.
കുരുമുളക് കൂടാതെ 775 തെങ്ങ് (കുറ്റിയാടി - 650; സി.പി.സി.ആർ.ഐ -125), റംബൂട്ടാൻ 750 (ഹോം ട്രോൺ എൻ 18) കശുമാവ് (1000), കമുക് (2000) എന്നിവയാണ് മറ്റു പ്രധാന വിളകൾ. ഇതിൽ തെങ്ങും റബൂട്ടാനും കമുകും കശുമാവും ആദായം ലഭിച്ചുതുടങ്ങി. റംബൂട്ടാൻ തെങ്ങിന് ഇടവിളയായും തനിവിളയായും കാണാം. ഇതിന് പുറമെ ഫാമിലെ റോഡുകളുടെ അരികിലായി ചോലമരങ്ങളിലായി വിവിധ ഇനം ഫലവൃക്ഷങ്ങൾ (വിയറ്റ്നാം ഏർലി പ്ലാവ് -5 , ലോങ്ങാൻ-5, സാന്റോൽ - 5,അഭിയു - 5, കാരമ്പോള -5, ചെമ്പടക് -5), മലവേപ്പ് (1000), ഇലഞ്ഞി (40) മുതലായവയും നട്ടുപിടിച്ചിട്ടുണ്ട്. ഹൃദ്യമായ പരിമളത്തിനും, തണലിനും വേണ്ടിയാണ് ഇലഞ്ഞി ചോലമരമായി നട്ടിരിക്കുന്നത്. മലവേപ്പ് ഒരു സോഫ്റ്റ് വുഡ് നാണ്യവിള എന്ന നിലയിലും ഭാവിയിൽ ഒരു മികച്ച ഫാം ടൂറിസം പദ്ധതി മുന്നിൽ കണ്ടാണ് റോസുകൾ ലേ ഔട്ട് ചെയ്തിരിക്കുന്നതും ചോലമരങ്ങൾ നട്ടുപിടിപ്പിച്ചതും.
സമ്മിശ്രകൃഷി സംരംഭത്തിന്റെ അവിഭാജ്യ ഘടകമാണ് കന്നുകാലികളും കോഴികളും. എച്ച്.എഫ്, ജഴ്സി ഇനങ്ങളിലായി 20 കറവ പശുക്കളും 30 ആടുകളും (മലബാറി - സിറോഹി - ബീറ്റൽ ), ഒരു ഡബിൾ ഡക്കർ ഷെഡ് അടക്കം പല ഷെഡുകളിലായി 12,000 ഇറച്ചി കോഴികളും ഉൾപ്പെടുന്നതാണ് ആ മേഖല. അതിഥിതൊഴിലാളികളടക്കം മൊത്തം 18 ജോലിക്കാരുണ്ട്. മൂന്ന് കുളങ്ങളും മറ്റു കുഴൽ കിണറുമാണ് വെള്ളത്തിന്റെ സ്രോതസ്സ്. കൃഷി സ്നേഹം റഹീമിന് ജന്മസിദ്ധമാണ്. റഹീമിന്റെ പിതാവായ യശഃശരീരനായ അബ്ദുൾ ജലീൽ കാസർകോട്ടെ ആദ്യകാല കുരുമുളക്-അടക്ക കർഷകനും അറിയപ്പെടുന്ന പൊതുപ്രവർത്തകനും ആയിരുന്നു. ഭാര്യ കാസർകോട്ട് സി.പി.സി.ആർ.ഐ ശാസ്ത്രജ്ഞയായിരുന്ന സുബൈദ (അന്തരിച്ച മുൻ സിനിമ നടൻ സുധീറിന്റെ സഹോദരി) പിന്തുണയായി റഹീമിന്റെ കൂടെയുണ്ട്.
എറണാകുളത്ത് നിന്നും എല്ലാ മാസവും നിശ്ചിത ദിവസങ്ങളിൽ മാത്രമാണ് കാസർകോട്ട് എത്തുന്നതെങ്കിലും റഹീമിന്റെ വിജയ രഹസ്യത്തിന്റെ കാരണങ്ങളിൽ മുഖ്യം കൃഷിയോടുള അദമ്യമായ സ്നേഹം, പുതിയ പുതിയ അറിവുകൾ സ്വായത്തമാക്കാനും അവ പ്രാവർത്തികമാക്കാനും ഉള്ള ആഗ്രഹം. സി.പി.സി.ആർ.ഐയിലെ ഡോ. സി. തമ്പാൻ, കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. ബി.ശശികുമാർ, കാസർകോട്ടെ കർഷക പ്രതിഭ ഡോ. ചൗട്ട, ഹോം ഗ്രോൺ ലെ ശാസ്ത്രജ്ഞൻ, തമിഴ് നാട് പ്ലാനി ഗ് കമീഷൻ മുൻ മെമ്പർ ഡോ. ജി. കുമാരവേലു കാസർകോട് ജില്ല മൃഗസംരക്ഷണ മേധാവി എന്നിവരാണ് മാർഗനിർദേശങ്ങൾ നൽകുന്നത്. പാല്, കോഴി, ആട് ഉൾപ്പെടെ എല്ലാ കാർഷിക ഉൽപന്നങ്ങളും ഫാമിൽ തന്നെയാണ് വിപണനം (ഫാം ഗേറ്റ് സെയിൽ). വ്യാപാരികൾ ഫാമിൽ നേരിട്ടെത്തി ഉൽപന്നങ്ങൾ വാങ്ങുന്നതിനാൽ മാർക്കറ്റിങ് ഇവിടെ പ്രശ്നമേയല്ല. റഹീമിനെ പോലെ പ്രബുദ്ധരായ കർഷകർക്കൊപ്പം ചേരുക എന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്ന് ഡോ. ബി. ശശികുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.