മരുഭൂമിയിലെ നോമ്പുകാലം
text_fieldsപശ്ചാത്താപത്തിന്റെ ഈ കാലം അമൂര്‍ത്തമല്ല, മൂര്‍ത്തമാണ്. യാഥാർഥ്യങ്ങളിലേക്ക് കണ്ണു തുറക്കാനുള്ള നമ്മുടെ പ്രാപ്തിയെ ആണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ സഹനങ്ങളെ ലഘൂകരിക്കാനുള്ള അന്വേഷണത്തില്‍ കേന്ദ്രീകൃതമാണ് നോമ്പ് എന്ന യാഥാർഥ്യം. പ്രാർഥനയും ദാനധര്‍മ്മവും ഉപവാസവുമാണ് നോമ്പിന്റെ മൂന്ന് സ്തംഭങ്ങള്‍. അവ മൂന്നും പരസ്പരം വേറിട്ടു നില്ക്കുന്നതല്ല. ‘ദൈവസാന്നിധ്യത്തില്‍ നാം സഹോദരങ്ങള്‍ ആകുന്നു. അവരോട് കൂടുതല്‍ കരുതല്‍ ഉള്ളവരാകുന്നു. ഭീഷണികളുടെയും ശത്രുക്കളുടെയും സ്ഥാനത്ത് നാം സഹയാത്രികരെ കണ്ടെത്തുന്നു.’ വ്രതത്തിന്റെ സൗന്ദര്യത്തിലേക്ക് ഇറങ്ങിതിരിച്ച സഹോദരങ്ങൾക്ക് മാർപ്പാപ്പ നൽകിയ ആശംസയാണിത്.
നോമ്പിന്റെ മുഖങ്ങൾ പലതായി മാറുന്നത് കാണാൻ യാത്രകൾ നടത്തണം. അഹങ്കാരങ്ങളെ മനസ്സിൽ നിന്ന് ആട്ടി പുറത്താക്കാൻ യാത്രയോളം പോന്ന മരുന്നില്ല. പട്ടണത്തിന്റെ നിലക്കാത്ത തിരക്കിൽ നിന്ന് ജോലി ഭാരങ്ങളെല്ലാം ഇറക്കി വെച്ച് ശാന്തമായി വിശ്രമിക്കുന്ന ഗ്രാമങ്ങളിലേക്ക് എത്തുമ്പോൾ നോമ്പിന്റെ മുഖം മാറുന്നത് കാണാം.
ഇഫ്താറുകൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്ന് മലഞ്ചെരുവിലെ പുൽമെത്തകളിലേക്ക് മാറുന്നതും ലോകം ഒരു സുപ്രയിലേക്ക് ലയിക്കുന്നതും അറേബ്യൻ ഗ്രാമീണതയുടെ തക്കാരങ്ങളുടെ സൗഭാഗ്യം അലിഞ്ഞ സൗന്ദര്യമാണ്.
ഒരുവട്ടമെങ്കിലും ബദുവിയൻ ഗ്രാമങ്ങളിൽ ഇഫ്താറിനെത്തിയാൽ അതുവരെ നാം കേട്ടറിഞ്ഞ അറബ് ഗോത്ര കഥകൾ വിട്ടകലും. ആട്ടിൻ പാലിൽ തീർത്ത ചായയുടെ കടുപ്പത്തിലെ മധുരത്തെയാണല്ലോ ഇക്കണ്ടകാലം ആരോ പറഞ്ഞു പറ്റിച്ച കാട് വെച്ച പേരു വിളിച്ച് അവഹേളിച്ചതെന്ന പശ്ചതാപം മനസിനെ വലയം ചെയ്യും. ചെയ്ത തെറ്റുകൾ ഏറ്റുപ്പറഞ്ഞ് മനസും ശരീരവും കഴുകി വൃത്തിയാക്കുക എന്നതും നോമ്പിന്റെ മഹത്തായ സന്ദേശമാണല്ലോ.
ചുട്ടുപഴുത്ത മരുഭൂമികളുടെ ആഴത്തിലേക്ക് പോകും തോറും വെള്ളത്തിന്റെ കാലൊച്ച കേൾക്കുന്നത് പതിവാണ്. ഉടമകളും മസറകളും ഇല്ലാത്ത മൃഗങ്ങൾക്കായി മരുഭൂമി വെയിലിൽ നിന്ന് കടഞ്ഞെടുത്ത് മണൽ പാറകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച കുളിരൻ കുളങ്ങൾ ലോകരക്ഷിതാവായ ദൈവം തമ്പുരാനെ കുറിച്ച് നമുക്ക് വിസ്തരിച്ച് പറഞ്ഞുതരും. മരുഭൂമിക്കിടയിൽ ഒറ്റപ്പെട്ടുപ്പോയ തുരുത്തുകളിൽ കുടുംബം പുലർത്താൻ ഏകാന്തവാസത്തിൽ കഴിയുന്ന ആട്ടിടയൻമാരുടെ മനസ്സിലെ മലർവാടികളിൽ നമ്മൾ പൂമ്പാറ്റകളായി മാറും. ഒറ്റക്ക് ഒരു തോട്ടത്തെ നെഞ്ചിലേറ്റുന്ന ഉദ്യാനപാലകൻ പുരാതന ചരിത്രങ്ങളുടെ ഗുഹകളുടെ മൗനങ്ങളിലേക്ക് നമ്മെ കൊണ്ടുപോകും.
ഈത്തപ്പഴത്തിന്റെ മധുരം ആസ്വദിച്ചവർക്ക് ഒരിക്കലും വെയിലിനെ കുറ്റപ്പെടുത്താൻ തോന്നില്ല. വെയിലിന്റെ മധുരമാണല്ലോ ഈത്തപ്പഴം. വെയിലും കാറ്റും ശരവേഗതയിൽ പൊടിപ്പറത്തി നടത്തിയ തീർഥാടനങ്ങളാണ് ഈത്തപ്പഴത്തിലെ മധുരമായി പരിണമിച്ചത്. അറബ്യേൻ ഗ്രാമത്തിലെ ആലീസയുടെ രുചി പട്ടണത്തിൽ ഒരിക്കലും കിട്ടില്ല. പ്രകൃതി സ്വയം ഇറങ്ങിവന്ന് ചേരുവകളായി മാറിയ കലർപ്പില്ലാത്ത സ്വാദാണത്.
മലകളുടെ മഹാമൗനത്തിൽ തനിച്ചായി പോയ ചില പള്ളികളുണ്ട് മരുഭൂമികളിൽ. തോട്ടിലെ നീറുറവകളിൽ നിന്ന് അംഗശുദ്ധി വരുത്തി, പള്ളിക്കുള്ളിലെ മൗനം ഭേദിക്കുമ്പോൾ പറന്നകലുന്ന പറവകൾ ദിക്റുകൾ ചൊല്ലുന്നത് കേൾക്കാം.
നോമ്പ് കാലത്തിന്റെ പവിത്രതയിൽ പരസ്പരം പങ്ക് വെക്കുക, ദാനങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ശീലങ്ങൾ നമ്മുക്ക് തൊട്ട് കാണിച്ചുതരുന്ന നിരവധി ഗ്രാമങ്ങൾ യു.എ.ഇയിലുണ്ട്. വടക്കും പടിഞ്ഞാറുമാണ് ഇത്തരം ഗ്രാമങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ആട്ടിടയൻമാരോടൊത്ത് ഇഫ്താറിൽ പങ്കെടുക്കാൻ കാതങ്ങൾ താണ്ടിവരുന്ന തോട്ടം ഉടമകളിൽ നിന്ന് ഗ്രാമീണ സൗന്ദര്യം വായിച്ചെടുക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.