വർഷങ്ങൾക്കു ശേഷം, ആ അച്ഛനും മകനും ഒരുമിച്ചിരുന്ന് ഓണമുണ്ടു, സങ്കടങ്ങൾ പറഞ്ഞു...
text_fieldsചെറുതോണി: വർഷങ്ങൾക്ക് ശേഷമാണ് ആ അച്ഛനും മകനും ഒരുമിച്ചിരുന്ന് ഓണമുണ്ണുന്നത്. അതിന്‍റെ സന്തോഷത്തിൽ അതുവരെ അനുഭവിച്ച സങ്കടങ്ങളെല്ലാം അവർ മറന്നു. പടമുഖം സ്നേഹമന്ദിരത്തിലെ മുന്നൂറിലേറെ അന്തേവാസികൾക്ക് അത് കണ്ണുനിറക്കുന്ന തിരുവോണക്കാഴ്ചയായി.
90 കഴിഞ്ഞ മണിയൻ നായരും മകൻ അജിത് നായരും പടമുഖം സ്നേഹമന്ദിരത്തിൽ അഭയം തേടി എത്തിയിട്ട് മാസങ്ങളായി. മണിയൻ നായരുടെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മകൻ അജിത്തിന് വിദേശത്തായിരുന്നു ജോലി. അവിടെ വെച്ചുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ജോലി നഷ്ടപ്പെട്ടു.
അജിത് സ്വന്തം അധ്വാനത്താൽ സമ്പാദിച്ച വീടും സ്വത്തുക്കളുമെല്ലാം ഭാര്യയുടെ പേരിലായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തെ പരിചരിക്കാൻ ഭാര്യ വിസമ്മതം പ്രകടിപ്പിച്ചു. അച്ഛനെ ഉപേക്ഷിച്ചാൽ ഭർത്താവിനെ നോക്കാമെന്നായിരുന്നു അവർ മുന്നോട്ടുവെച്ച വ്യവസ്ഥ. അത് അജിത്തിന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
അതോടെ അച്ഛന്‍റെ കൈപിടിച്ച് വീടുവിട്ടിറങ്ങി. തിരുവനന്തപുരം മുതൽ പലയിടങ്ങളിലും അലഞ്ഞെങ്കിലും വിശപ്പടക്കാനും തലചായ്ക്കാനും ഇടം കിട്ടിയില്ല. ഒടുവിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ സഹായത്തോടെയാണ് ഇരുവരും സ്നേഹമന്ദിരത്തിൽ എത്തിയത്.
ഇടത് കണ്ണിന് കാഴ്ചയും ഇടത് ചെവിക്ക് കേൾവിയും പൂർണമായും നഷ്ടപ്പെട്ട് ഇടത് കാലിൽ നീര് വന്ന് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് മണിയൻ നായർ. ആറ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നയാളാണ് അജിത്. വർഷങ്ങളായി നഷ്ടപ്പെട്ടിരുന്ന ഓണാഘോഷം തിരിച്ചുകിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.