പാട്ടച്ഛന്റെ കരോൾ
text_fieldsമാപ്പിളപ്പാട്ടുകളിലൂടെ ഖൽബിലേറിയ ആ പാട്ടുകാരൻ പാട്ടും പ്രാർഥനയുമായി വീണ്ടുമൊരു ക്രിസ്മസ് കാലത്തെ വരവേൽക്കുകയാണ്. പത്തനംതിട്ട നിരണം യാക്കോബായ സുറിയാനി സഭയിൽ മാർ ഗ്രിഗോറിയോസ് ഭദ്രാസനത്തിലെ ഫാ. സേവാറിയോസ് എൻ. തോമസ് മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട പാട്ടച്ചനാണ്. സോഷ്യൽ മീഡിയ ബഹളങ്ങളിൽനിന്നു മാറി എഴുത്തിലും സേവന പ്രവർത്തനങ്ങളിലും തിരക്കിലാണെങ്കിലും ഗാനങ്ങൾ അദ്ദേഹത്തിന്റെ ചുണ്ടിൽ ഈണമിട്ടുകൊണ്ടേയിരിക്കുന്നു. പാട്ട് വർത്തമാനങ്ങളും ക്രിസ്മസ് വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കുന്നു.
പുരോഹിതന്റെ മാപ്പിളപ്പാട്ടുകൾ
മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കാന്‍ എന്നും ഇഷ്ടമാണ്. ഒരുവിധം പാട്ടുകളെക്കുറിച്ചൊക്കെ മനസ്സിലാക്കിയിട്ടുമുണ്ട്. ഞങ്ങൾക്ക് ‘ഗോള്‍ഡന്‍ ബെല്‍സ്’ എന്ന പേരിൽ സമിതിയുണ്ടായിരുന്നു. സുറിയാനികളുടെയൊക്കെ പള്ളിയിലെ കല്യാണ കൊയര്‍ പാടുന്നൊരു സമിതി. ഞാനും അതിന്റെ ഭാഗമായി പാട്ടുകൾ പാടും. കൂടുതലും ഭക്തിഗാനങ്ങൾ. കല്യാണപ്പന്തിയിലും പാടുന്നൊരു ട്രെന്‍ഡ് ഇവിടെ രണ്ടായിരത്തിലൊക്കെ തുടങ്ങിയിട്ടുണ്ട്. ഇവിടെ ട്രൂപ് നടത്തിയിരുന്ന ബെന്നി ചേട്ടൻ നിര്‍ബന്ധിച്ചപ്പോൾ അന്ന് അവിചാരിതമായി ഒരു പാട്ട് പാടി. അന്ന് എന്റെ ടോണ്‍ കേട്ടിട്ട് അദ്ദേഹമാണ് നിനക്ക് മാപ്പിളപ്പാട്ടുകളും നന്നായി പാടാന്‍ കഴിയുമെന്ന് പറയുന്നത്. അന്നദ്ദേഹം കുറെ മാപ്പിളപ്പാട്ടുകളുടെ കാസറ്റുകള്‍ അയച്ചുതന്നു. അങ്ങനെയാണ് മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കാനും പാടാനുമൊക്കെ തുടങ്ങിയത്.
സുറിയാനിക്കാര്‍ക്ക് ചന്തം ചാര്‍ത്തിന്റെ പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളുമൊക്കെയുണ്ടല്ലോ. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലെ ക്നാനായ സമുദായം അത് വളരെ കൃത്യമായിട്ട് ഫോളോ ചെയ്യുന്നുണ്ട്. ക്നാനായക്കാരുടെ ഈ പാട്ടുകളുമായി ബന്ധപ്പെട്ടായിരുന്നു മാപ്പിളപ്പാട്ടുകളും പാടിയിരുന്നത്. അവിടന്നാണ് ട്രഡീഷനല്‍ മാപ്പിളപ്പാട്ടുകളും ഇത്തരം മൈലാഞ്ചിപ്പാട്ടുകളും തമ്മിലുള്ള കമ്പാരിറ്റീവ് സ്റ്റഡിയെക്കുറിച്ചു ചിന്തിക്കുന്നതും സെറാംപുര്‍ യൂനിവേഴ്സിറ്റിയുടെ കീഴില്‍ മ്യൂസിക്കില്‍ ഒരു ഡിഗ്രി ഡിപ്ലോമ കോഴ്സ് ചെയ്തതും.
സംഗീത പഠനം, എഴുത്ത്, ഗവേഷണം
ഇഷ്ടമുള്ള കാര്യം പാട്ടുകള്‍ കേള്‍ക്കുക പാട്ടുകള്‍ പഠിക്കുക എന്നതാണ്. എല്ലാം ഭംഗിയായിട്ടു പോകുന്നു. നിലവില്‍ അന്പ് ഓള്‍ഡ് ഏജ് ഹോമിന്റെ ഡയറക്ടര്‍ കൂടിയായതുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ കൂടുതലാണ്. ഒന്നു രണ്ടു പുസ്തകങ്ങളുടെ പണിപ്പുരയിലുമാണ്.
മതപുരോഹിതനെന്ന നിലയില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ നിയന്ത്രണങ്ങളുമുണ്ട്. ഒരു മത പശ്ചാത്തലത്തില്‍ പുരോഹിതനായിരിക്കുമ്പോള്‍ ഒരു കാര്യത്തെ മതത്തിലുള്ള എല്ലാവരും കാണുന്നത് ഒരേ വീക്ഷണകോണില്‍ ആയിരിക്കില്ലല്ലോ.
ക്രിസ്മസ് ഒരുക്കങ്ങള്‍
ക്രിസ്മസ് ഒരുക്കങ്ങളൊക്കെ ഒരു പുരോഹിതന് എന്ന നിലയിലും വിശ്വാസി എന്ന നിലയിലും കൂടുതലുള്ളത് നോമ്പ് കാലത്താണ്. ഡിസംബര്‍ മാസം ഒന്നുമുതല്‍ അഞ്ചുവരെ ക്രിസ്മസിന്റെ ഒരുക്ക നോമ്പ് കാലമാണ്. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും ക്രിസ്മസ് കരോള്‍ നൈറ്റുകളും ക്രിസ്മസ് കരോള്‍ സര്‍വിസുണ്ട്. ഗായകസംഘങ്ങള്‍ നിരയായിട്ടു പാടുന്ന പ്രവണതയാണ് ക്രിസ്മസിന് കാണുക. എല്ലാ വീടുകളിലും യേശുമിശിഹ എന്ന രക്ഷകന്റെ തിരുപ്പിറവിയെ ഉദ്ഘോഷിച്ചുകൊണ്ടുള്ള ഒരുക്കങ്ങളുമുണ്ട്. ഈ വര്‍ഷം പുതിയ മൂന്നു പാട്ടുകള്‍ ഞങ്ങള്‍ റിലീസു ചെയ്യുന്നുണ്ട്. അതിന്റെ പരിശീലനങ്ങളും റെക്കോഡിഗ്സുമൊക്കെ നടക്കുന്നു.
നോമ്പായതുകൊണ്ടും പള്ളിയുടെ ഉത്തരവാദിത്തങ്ങളുള്ളതുകൊണ്ടും ക്രിസ്മസിന് മിക്കവാറും നാട്ടില്തന്നെയായിരിക്കും. ഒന്നുകില്‍ ക്രിസ്മസിനു മുമ്പ് അല്ലെങ്കില്‍ ശേഷമൊക്കെയാണ് പ്രോഗ്രാമുകള്‍ക്കായി പോവുക. ജി.സി.സി രാജ്യങ്ങളിലൊക്കെ ക്രിസ്മസ് വരെ ഓണാഘോഷമായിരിക്കും. ക്രിസ്മസ് ഒരുക്കങ്ങളും ആഘോഷവും അടുത്ത ഫെസ്റ്റിവല്‍വരെ പിന്നെയും നീളും. അതൊക്കെ നല്ല ഓർമകള്‍തന്നെയാണ്.
വീട്ടിലെ ക്രിസ്മസ്
പണ്ടത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ കുറച്ചുകൂടി ഗൃഹാതുരുത്വമുണര്ത്തുന്നതായിരുന്നു. ഡിസംബര്‍ ഒന്നോടുകൂടിത്തന്നെ അല്ലെങ്കില്‍ നവംബര്‍ മുപ്പതോടുകൂടി മുറ്റത്ത് ക്രിസ്മസ് ട്രീ തയാറാക്കും, നക്ഷത്രങ്ങള്‍ തൂക്കും, പുല്‍ക്കൂടൊരുക്കും. അന്ന് മുളങ്കമ്പ് വെട്ടി അത് കീറി പാകപ്പെടുത്തി പശതേച്ച് ഒട്ടിച്ച് നമ്മള് തന്നെയാണ് ക്രിസ്മസ് ട്രീ ഉണ്ടാക്കിയിരുന്നത്. ഇന്നതൊക്കെ എല്ലാം ഇൻസ്ന്റായിട്ട് കിട്ടും. കൊണ്ടുവന്ന് വെച്ചാൽമതി. കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം കൈമാറിയിരുന്ന കാര്‍ഡുകളൊക്കെ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതെനിക്കിപ്പോഴും ഹൃദ്യമായ അനുഭവമാണ്. എത്രത്തോളം സൗകര്യങ്ങള്‍ ഉണ്ടെങ്കിലും എല്ലാം വിരല്‍ത്തുമ്പില്‍ കിട്ടുമെങ്കിലും ആ പഴമക്കെന്നും പ്രത്യേക സൗന്ദര്യമുണ്ട്. ഗൃഹാതുരുത്വമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.