നീന്തലിൽ മിന്നുംതാരങ്ങളായി ഫിദയും ഫവാസും
text_fieldsകാഞ്ഞിരപ്പള്ളി: നീന്തൽ പഠിക്കാൻ ആഗ്രഹിച്ച രണ്ട് കുട്ടികൾ ചുരുങ്ങിയ കാലത്തിനുള്ളിൽ കാഞ്ഞിരപ്പള്ളിക്കാരുടെ നീന്തൽതാരങ്ങളായി മാറി. കാഞ്ഞിരപ്പള്ളി ആനക്കല്ല് ഇല്ലിച്ചുവട് ഭാഗത്ത് പുതുപ്പറമ്പിൽ അജി സലീം-സുർജി ദമ്പതികളുടെ മക്കളായ ഫവാസ് അജിയും (13), ഫിദ ഫാത്തിമയുമാണ് (11) നീന്തലിൽ വിസ്മയം തീർക്കുന്നത്.
വീടിനു പിന്നാമ്പുറത്തെ ചിറ്റാർ പുഴയിൽ കമഴ്ന്നുകിടന്ന് നീന്തിയായിരുന്നു ആദ്യ പരിശീലനം. വൈകാതെ മലർന്നുകിടന്ന് നീന്താൻ തുടങ്ങി. പിന്നെ, എത്രനേരം വേണമെങ്കിലും വെള്ളത്തിനു മുകളിൽ നിശ്ചലമായി മലർന്നുകിടക്കാമെന്നായി. കേട്ടറിഞ്ഞവർ പുതുപ്പറമ്പിൽ വീട്ടിലേക്ക് എത്തുകയാണ് ഈ അഭ്യാസം നേരിൽ കാണാൻ. പുഴയോരത്ത് വീട് നിർമിക്കുകയെന്നത് ഇവരുടെ പിതാവ് അജിയുടെ വലിയ സ്വപ്നമായിരുന്നു. ഈ ആഗ്രഹം സഫലമായതോടെ വീടിന് പിന്നിലെ ചിറ്റാർ പുഴയിൽ മക്കളെ കൊണ്ടുപോയി നീന്തൽ പഠിപ്പിക്കാൻ തുടങ്ങിയത്. നീണ്ട പരിശീലനത്തിനൊടുവിലാണ് ശ്വാസക്രമീകരണം നടത്തി വെള്ളത്തിനു മീതെ മലർന്നുകിടന്ന് പിറകോട്ട് നീന്താൻ കഴിയുന്നത്.
ഈരാറ്റുപേട്ട ഗൈഡൻസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഫവാസാണ് ആദ്യം പരിശീലനം നേടിയത്. തുടർന്ന് കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി സഹോദരി ഫിദയെയും പരിശീലിപ്പിച്ചു. തങ്ങളുടെ കഴിവുകൾ കൂടുതൽ ശ്രദ്ധിക്കുന്ന തലത്തിൽ അവതരിപ്പിക്കാനും ഇവർക്ക് ആഗ്രഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.