ഗുളിക ഉപേക്ഷിച്ച് ഫിറോസ് ഓടി; 100 കിലോമീറ്റർ
text_fields'താങ്കളുടെ മുന്നിൽ രണ്ടു വഴികളുണ്ട്. ഒന്നുകിൽ ഞാൻ എഴുതിത്തരുന്ന ഗുളിക നാളെ മുതൽ കഴിക്കാം. അല്ലെങ്കിൽ, വ്യായാമം ചെയ്ത് തടി കുറക്കാം'. ഷുഗറും പ്രഷറും നിയന്ത്രിക്കുന്നതിന് മരുന്ന് വാങ്ങാൻ പോയ ഫിറോസ് ബാബുവിന് ദുബൈയിലെ ക്ലിനിക്കിലെ ഡോ. ശ്രീജിത്ത് നൽകിയ ഉപദേശമാണിത്. അന്ന് തുടങ്ങിയ ഓട്ടമാണ്.
ആദ്യദിവസം ഒരു റൗണ്ട്, പിന്നീട് രണ്ട് റൗണ്ട്, മൂന്ന് റൗണ്ട്, ഒരു കിലോമീറ്റർ, രണ്ട്, അഞ്ച്, പത്ത്... അങ്ങനെ ഓടിയോടി ഫിറോസ് ബാബു കഴിഞ്ഞദിവസം പൂർത്തിയാക്കിയത് 100 കിലോമീറ്റർ, അതും 16 മണിക്കൂർ കൊണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറിന് ദുബൈ േക്ലാക്ക് ടവറിൽ നിന്ന് തുടങ്ങിയ ഓട്ടം വെള്ളിയാഴ്ച രാവിലെ പത്തിന് കൈറ്റ് ബീച്ചിലാണ് അവസാനിച്ചത്.
ഒന്നര വർഷം മുമ്പ് നടത്തിയ സൗജന്യ മെഡിക്കൽ ചെക്കപ്പാണ് മലപ്പുറം തിരൂർ മുണ്ടക്കാട്ട് ഫിറോസ് ബാബുവിെൻറ ജീവിതം മാറ്റിമറിച്ചത്. 'ഹൈ റിസ്ക്' ഗണത്തിൽപെടുത്താവുന്ന രീതിയിൽ പ്രഷറും ഷുഗറും വ്യത്യാസപ്പെട്ടിരുന്നു. ഇതോടെയാണ് ഡോ. ശ്രീജിത്തിനെ സമീപിച്ചത്. മരുന്നും വ്യായാമവുമായിരുന്നു ഡോക്ടർ മുന്നോട്ടുവെച്ച വഴികൾ. ഗുളിക വരുത്തിയേക്കാവുന്ന അപകടം ആലോചിച്ച ഫിറോസ് മനസ്സില്ലാ മനസ്സോടെയാണെങ്കിലും വ്യായാമത്തിെൻറ വഴി തെരഞ്ഞെടുത്തു.
ഗുളിക വാങ്ങിയെങ്കിലും മൂന്ന് മാസത്തിനുള്ളിൽ ശാരീരികക്ഷമത മെച്ചപ്പെടുത്തുമെന്ന ഉറപ്പുനൽകിയാണ് അന്ന് ക്ലിനിക്കിെൻറ പടിയിറങ്ങിയത്. താമസസ്ഥലത്തിനടുത്തുള്ള പാർക്കിൽ ഒരു റൗണ്ട് ഓടിയായിരുന്നു തുടക്കം. അടുത്ത ദിവസങ്ങളിൽ ഇത് ക്രമേണ വർധിപ്പിച്ചു.
ബന്ധുവും മാരത്തൺ ഓട്ടക്കാരനുമായ ബഷീറിെൻറ ഉപദേശമാണ് ദീർഘദൂര ഓട്ടത്തിലേക്ക് നയിച്ചത്. പത്തു കിലോമീറ്റർ ഹത്ത മാരത്തണിൽ പങ്കെടുക്കാൻ പരിശീലനം നടത്താൻ ഉപദേശിച്ചതും ബഷീറാണ്. അങ്ങനെ, മാരത്തണിനായി പരിശീലനം തുടങ്ങി. ദുബൈയിൽനിന്ന് ഷാർജ വരെ പത്തു കിലോമീറ്റർ ഓടാനായിരുന്നു ആദ്യ പദ്ധതി.
ഷാർജയിലെത്തിയപ്പോഴും ഊർജം ബാക്കി. തിരിച്ചും ഓട്ടത്തിെൻറ വഴി തന്നെ തെരഞ്ഞെടുത്തു. ആെക 17 കിലോമീറ്റർ. അതോടെയാണ് ഹത്തയിലെ ഓട്ടം ഹാഫ് മാരത്തണായി ഉയർത്താൻ തീരുമാനിച്ചത്. 21 കിലോമീറ്റർ മാരത്തൺ വിജയകരമായി പൂർത്തിയാക്കി. അതായിരുന്നു ആദ്യ മാരത്തൺ. അതിന് ശേഷം യു.എ.ഇയിൽ നടന്ന മാരത്തണുകളിൽ ഫിറോസ് സ്ഥിരം സാന്നിധ്യമായി.
സൈക്ലിങ്ങിലേക്ക്:
കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോൾ സൈക്ലിങ്ങിെൻറ വഴി തെരഞ്ഞെടുത്തു. അങ്ങനെയാണ് യു.എ.ഇയിലെ അമച്വർ സ്പോർട്സ് ടീമായ കേരള റൈഡേഴ്സിൽ എത്തിപ്പെട്ടത്. ഫിറ്റ്നസിെൻറ കൂടുതൽ തലങ്ങളെ കുറിച്ച് പഠിച്ചത് ഇവരിൽനിന്നാണ്. ഗിയർ മാറ്റുന്നത് എങ്ങനെയെന്നുപോലും അറിയാതെയായിരുന്നു സൈക്കിൾ തേടിയിറങ്ങിയത്.
കേരള റൈഡേഴ്സിലെ പരിശീലകൻ മോഹൻദാസിനെ ഗുരുവായി സ്വീകരിച്ച് സൈക്കിൾ ചവിട്ടി തുടങ്ങി. അബൂദബി, ദുബൈ മാരത്തണുകളെല്ലാം വിജയകരമായി പൂർത്തിയാക്കി. കോവിഡ് എത്തിയതോെട 100 ദിന സൈക്ലിങ്, റണ്ണിങ് ചാലഞ്ച് ഏറ്റെടുത്തു.
രാവിലെ ഒരു മണിക്കൂർ സൈക്ലിങ്, രാത്രി ഒരുമണിക്കൂർ ഓട്ടം. ഇതായിരുന്നു പദ്ധതി. ഓട്ടം സെഞ്ച്വറി അടിച്ച ദിവസമാണ് ഒറ്റ ദിവസം കൊണ്ട് 100 കിലോമീറ്റർ ഓടാൻ തീരുമാനിച്ചത്. ഇതാണ് വെള്ളിയാഴ്ച 16 മണിക്കൂറിൽ ഓടിത്തീർത്തത്. സൈക്ലിങ് 86 ദിവസം പിന്നിട്ടു. 14 ദിവസം കഴിഞ്ഞാൽ ഈ ചലഞ്ചും പൂർത്തിയാകും.
ദേര േക്ലാക് ടവറിൽ താമസിക്കുന്ന ഫിറോസ് ദുബൈയിൽ സ്വകാര്യ കൺസൽട്ടൻസി കമ്പനിയിലെ ജീവനക്കാരനാണ്. ശാരീരികക്ഷമത വീണ്ടെടുത്ത് ഫിറോസ് ഓട്ടം തുടരുേമ്പാഴും വീട്ടിലെ അലമാരയിൽ പൊട്ടിക്കാത്ത പാക്കറ്റിനുള്ളിൽ ആർക്കും വേണ്ടാതെ ആ ഗുളികൾ ഇപ്പോഴും ഇരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.