ഫിറോസ് ഓടുകയാണ് സുൽത്താൻ അൽ നിയാദി തിരിച്ചെത്തും വരെ
text_fieldsനമ്മൾ ഒരാളെ നെഞ്ചോട് ചേർത്തു നിർത്തുമ്പോഴാണ് അവരോട് ഐക്യദാർഢ്യം പുലർത്തുക. അതിന് തടസ്സം നിൽക്കാൻ ഭൂമിക്കോ ആകാശത്തിനോ കഴിയില്ല. കാരണം അത് അത്രമേൽ ഹൃദയത്തിൽ നിന്നാണ് പ്രവഹിക്കുന്നത്. ഭൂമിയിൽ നിന്ന് ബഹിരാകാശത്തോളം ഉയർന്ന അത്തരമൊരു ഐക്യദാർഢ്യത്തിന് സാക്ഷ്യം വഹിക്കുകയാണ് ദുബൈ നഗരം. യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയും മലപ്പുറം തിരൂരിൽ നിന്ന് പ്രവാസിയായി ദുബൈയിലെത്തിയ ഫിറോസും ബാബുവും തമ്മിലുള്ള ബന്ധത്തിന് ഭൂമിയും ആകാശവും തമ്മിലുള്ള അന്തരമുണ്ട്. പക്ഷെ, നിയാദിയോടുള്ള ഫിറോസിന്റെ അനുഭാവം ശബ്ദ വേഗത്തിൽ ബഹിരാകാശത്തെത്തുമെന്നുറപ്പാണ്. 2023 മാർച്ച് രണ്ടിന് അറബ് ലോകത്തിന്റെ പ്രതീക്ഷകളുടെ ചിറകിലേറി സുൽത്താൻ അൽ നിയാദി ബഹിരാകാശത്തേക്ക് കുതിച്ചപ്പോൾ ഇമാറാത്തികൾ മനസ് കൊണ്ട് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ടാകും.
എന്നാൽ, മനസും ശരീരവും കൊണ്ടായിരുന്നു മലയാളിയായ ഫിറോസ് ബാബുവിന്റെ അനുഭാവപ്രകടനം. നിയാദി ബഹിരാകാശ യാത്ര തുടങ്ങിയ അന്നു രാവിലെ ഫിറോസ് ഭൂമിയിലൂടെ ഓട്ടം തുടങ്ങിയതാണ്. നിയാദിയുടെ ബഹിരാകാശ പേടകം അതി വേഗത്തിൽ ശൂന്യാകാശത്ത് സഞ്ചരിക്കുമ്പോൾ ഫിറോസും ഭൂമിയുടെ അകത്തളങ്ങളിലൂടെ പ്രയാണം തുടരുകയാണ്. എന്നും രാവിലെ 10 കിലോമീറ്റർ ഓടിക്കൊണ്ടാണ് നിയാദിയോടുള്ള അനുഭാവം ഫിറോസ് പ്രകടിപ്പിക്കുന്നത്. ആറു മാസത്തെ ബഹിരാകാശ ദൗത്യത്തിൽ സുൽത്താൻ അൽ നിയാദി പാതി പിന്നിടുമ്പോൾ ഫിറോസും തന്റെ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ ഓട്ടം പാതി പിന്നിട്ടിരിക്കുന്നു. മൂന്നു മാസത്തിനിടെ 1000 കിലോമീറ്ററോളം പിന്നിട്ടു കഴിഞ്ഞു 40കാരനായ ഈ യുവാവ്. ദിവസവും പുലർച്ചെ അഞ്ചു മണിക്ക് തുടങ്ങുന്ന ഓട്ടം അവസാനിക്കുന്നത് ആറു മണിയോടെയാണ്. പിന്നെ ജോലിത്തിരക്കിലേക്ക് മുഴുകും.
ശേഷം രാത്രിയിലാണ് ഓട്ടം തുടരുന്നത്. മഗ്രിബ് നമസ്കാരത്തിന് ശേഷം 6.45ഓടെ പുനരാരംഭിക്കുന്ന ഓട്ടം 8.45 വരെ തുടരും. ദിവസും 10 കിലോമീറ്റർ ദൂരം പിന്നിട്ട ശേഷമാണ് വിശ്രമം. ദുബൈയിൽ ചൂട് കൂടിയതോടെ ഓട്ടത്തിന് തടസ്സങ്ങൾ പലതുമുണ്ട്. പക്ഷെ, അതെല്ലാം മറികടന്ന് പുതിയ ദൂരം താണ്ടാനുള്ള ഒരുക്കത്തിലാണ് ഫിറോസ്. സുൽത്താൻ അൽ നിയോദിയോടുള്ള ഐക്യദാർഢ്യത്തോടൊപ്പം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനുള്ള ബോധവത്കരണ മാർഗം കൂടിയാണ് ഫിറോസിന് ഓട്ടം. ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി സുൽത്താൻ അൽ നിയാദി ഭൂമിയിൽ തിരിച്ചെത്തും വരെ ഇനിയുള്ള മൂന്നു മാസവും നിർത്താതെ തന്റെ ഓട്ടം തുടരാനുള്ള ദൃഢനിശ്ചയത്തിലാണീ യുവാവ്. നിയാദി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ദിവസം ദുബൈ മുതൽ അബൂദബി വരെ ഓടാനുള്ള തയ്യാറെടുപ്പിലാണിദ്ദേഹം.
തുടക്കം 2019ൽ
2008ൽ ഏതൊരു മലയാളിയേയും പോലെ അറബിപ്പൊന്ന് തേടിയാണ് ഫിറോസും ദുബൈയിലെ ദേരയിലേക്ക് പറന്നിറങ്ങുന്നത്. അതുവരെ നാട്ടിൽ ആരോഗ്യ സംരക്ഷണത്തിൽ തൽപരനായിരുന്ന ഫിറോസ് ദുബൈയിലെ ജോലിത്തിരക്കിലേക്ക് വഴുതി വീണതോടെ ഉറ്റവർക്ക് അറബിപ്പൊന്ന് സമ്മാനിച്ച് ആരോഗ്യം മരുഭൂമിക്ക് വിട്ടുകൊടുത്തു. പകരം ലഭിച്ചത് കൊളസ്ട്രോളും ഷുഗറും മറ്റ് രോഗങ്ങളും. സ്ട്രക്ചറൽ ഡ്രാഫ്റ്റ്സ്മാനായി ദുബൈയിലെ അംബര ചുംബികളായ കെട്ടിടങ്ങൾക്ക് രൂപം നൽകുന്നതിൽ പങ്കാളിയാകുന്ന തിരക്കിൽ സ്വന്തം ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാൻ 11 വർഷത്തോളമെടുത്തു. മലയാളിയുടെ പൊതുവെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയപ്പോഴാണ് ഡോക്ടറെ കാണിച്ചത്. ജീവിത ശൈലി രോഗങ്ങൾക്ക് വ്യായാമം തന്നെയാണ് നല്ല വഴിയെന്നായിരുന്നു ഡോക്ടറുടെ നിർദേശം. 2019ൽ ആണ് ആദ്യമായി ഓട്ടം തുടങ്ങുന്നത്. ആരോഗ്യ ബോധവത്കരണം എന്ന രീതിയിലായിരുന്നു തുടക്കം. പിന്നീട് പലവഴികളിലേക്ക് ജീവിതം എടുത്തെറിയപ്പെട്ടെങ്കിലും ഓട്ടം നിർത്താൻ അയാൾ തയ്യാറായിരുന്നില്ല. ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി 2020ൽ 19 മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ ദൂരം താണ്ടിയ ഫിറോസിന് അന്ന് ലഭിച്ചത് ആരോഗ്യം സംരക്ഷിക്കാനുള്ള ബോധ്യം മാത്രമല്ല, ആത്മവിശ്വാസം കൂടിയായിരുന്നു.
ആരോഗ്യസംരക്ഷണത്തിൽ തൽപരരായ ഒരു കൂട്ടം മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്സിന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഫിറോസിന്റെ ദൗത്യങ്ങൾക്ക് കൂടുതൽ വേഗം ലഭിച്ചു. സൈക്ലിങ്ങിന് മാത്രമായി തുടങ്ങി കൂട്ടായ്മ ഇന്ന് ആരോഗ്യസംരക്ഷണത്തിനുള്ള വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നവരുടെ വലിയ കൂട്ടായ്മയായി മാറിയിരിക്കുന്നു. സൈക്ലിങ്, ഓട്ടം, സ്വിമ്മിങ്, ജിം, ഹൈക്കിങ്, നടത്തം തുടങ്ങി ആരോഗ്യ സംരക്ഷണത്തിനായി പലവഴികൾ തേടുന്നവർക്ക് മാർഗ നിർദേശങ്ങളും കേരള റൈഡേഴ്സിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ഈ മേഖലയിൽ കോച്ചിങ് നൽകുന്ന മോഹൻദാസിന്റെ വിലപ്പെട്ട ഉപദേശങ്ങളും ഏറെ സഹായകമാണെന്ന് ഫിറോസ് പറയുന്നു. 2021ൽ യു.എ.ഇയുടെ 50ാം പിറന്നാളിന് അനുഭാവം പ്രകടിപ്പിച്ച് 29 മണിക്കൂർ കൊണ്ട് 169 കിലോമീറ്റർ ദൂരമാണ് താണ്ടിയത്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുകയും വിശ്രമം എടുക്കുകയും വേണം. ഓരോ സ്ഥലത്തേയും കാലാവസ്ഥ കൃത്യമായി മനസിലാക്കുകയും വേണം. റണ്ണിങ് ആഗ്രഹിക്കുന്നവർ കൃത്യമായ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നാണ് ഫിറോസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.