38 വർഷങ്ങൾക്കിപ്പുറം തൂലിക സുഹൃത്തുക്കൾ കണ്ടുമുട്ടി
text_fieldsകുന്ദമംഗലം: പരിചയപ്പെട്ട് 38 വർഷങ്ങൾക്കുശേഷം പരസ്പരം നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുന്ദമംഗലം സ്വദേശി കെ.കെ. അബ്ദുൽ റഹൂഫും അസർബൈജാൻ സ്വദേശി സിവിൽ മാക്സിമോവും. 1985ൽ സോവിയറ്റ് യൂനിയന്റെ പ്രതാപകാലത്തെ കുറിച്ചറിയാനുള്ള ആഗ്രഹത്തിൽനിന്നാണ് തൂലികസൗഹൃദത്തിലൂടെ അസർബൈജാൻ സ്വദേശി സിവിൽ മാക്സിമോവയെ അബ്ദുൽ റഹൂഫ് പരിചയപ്പെടുന്നത്.
ഫാറൂഖ് കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് സോവിയറ്റ് യൂനിയനിൽ നിന്നിറങ്ങുന്ന ഒരു മാഗസിനിൽ സൗഹൃദം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ‘പെൻ പാൾ’ എന്ന പേജ് അബ്ദുൽ റഹൂഫ് കാണാനിടയാവുന്നത്. സോവിയറ്റ് യൂനിയനെ അറിയുന്നതിന് അവിടെയുള്ള ആരുടെയെങ്കിലും പേര് തിരഞ്ഞപ്പോൾ സിവിൽ മാക്സിമോവ എന്നപേരുള്ള സോവിയറ്റ് യൂനിയനിലുള്ള ഒരു പേര് പേജിൽ കണ്ടെത്തുകയും ആ മേൽവിലാസത്തിൽ കത്തയക്കുകയും ചെയ്തു.
മൂന്ന് മാസത്തിന് ശേഷം ആ കത്തിന് മറുപടിയും ലഭിച്ചു. സിവിൽ മാക്സിമോവ ഒരു സ്ത്രീ ആണെന്ന് റഹൂഫ് അറിയുന്നത് മൂന്നാമത്തെ കത്തിന്റെ കൂടെ അവരുടെ ഫോട്ടോയും കിട്ടിയപ്പോഴാണ്. അന്നു തുടങ്ങിയ കത്തെഴുത്ത് പിന്നീട് സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം അസർബൈജാൻ ആയപ്പോഴും തുടർന്നു.
1992ൽ ആണ് അവസാനമായി കത്തെഴുതിയത്. പിന്നീട് കത്തുകൾ കിട്ടാതാവുകയും ഇവർ തമ്മിലുള്ള എഴുത്തുകൾ നിലക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം അബ്ദുൽ റഹൂഫ് മകളോട് തന്റെ തൂലിക സൗഹൃദത്തെപ്പറ്റി പറഞ്ഞു. ദുബൈയിൽ റേഡിയോ ഏഷ്യയിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന മകൾ റഫ 2022ൽ സിവിൽ മാക്സിമോവയെ ഫേസ്ബുക്കിലും മറ്റും സെർച്ച് ചെയ്ത് കണ്ടെത്തുകയായിരുന്നു.
ദുബൈയിൽ റഷ്യൻ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലിചെയ്യുകയാണ് അവരിപ്പോൾ. റഷ്യയിൽനിന്ന് പരിചയപ്പെട്ട തമിഴ്നാട് ചെന്നൈ സ്വദേശി മുരുകനാണ് ഭർത്താവ്. ദുബൈയിൽ ബ്രിട്ടീഷ് കമ്പനിയിൽ മാനേജറായി ജോലിചെയ്യുകയാണ്. അവർക്ക് രണ്ട് കുട്ടികളുണ്ട്.
കേരളത്തിൽനിന്ന് റഹൂഫും ഭാര്യയും ബിസിനസ് ആവശ്യാർഥം ദുബൈയിൽ ജനുവരിയിൽ എത്തിയിരുന്നു. മാതാപിതാക്കളെ അറിയിക്കാതെ റഫ കഴിഞ്ഞ ദിവസം സർപ്രൈസായി അവിടെ പിതാവിന്റെ പഴയ കൂട്ടുകാരിയെ എത്തിക്കുകയായിരുന്നു.
പരിചയപ്പെട്ട് 38 വർഷങ്ങൾക്ക് ശേഷം ജീവിതത്തിൽ ആദ്യമായി റഹൂഫ് തന്റെ കത്തെഴുത്ത് കൂട്ടുകാരിയെ ദുബൈയിൽ സഹാറ മാളിൽ കണ്ടുമുട്ടി. അടുത്ത അവധിക്ക് റഹൂഫിന്റെ കുന്ദമംഗലത്തെ വീട്ടിലേക്ക് വരാമെന്നുപറഞ്ഞ് പിരിയുകയായിരുന്നു ഇരുവരും. കെ.കെ. അബ്ദുൽ റഹൂഫിന്റെ ഭാര്യ റഷീദ റഹൂഫ് ബിസിനസിൽ അദ്ദേഹത്തെ സഹായിക്കുന്നു. മകൻ നഫ്രാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.