അഞ്ച് പതിറ്റാണ്ടിന്റെ ഓർമ ശേഖരണവുമായി പി.സി. രാമചന്ദ്രൻ
text_fieldsഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ഓരോ നാണയങ്ങളും സ്റ്റാമ്പുകളും രേഖകളുമെല്ലാം. ഓരോ കാലഘട്ടത്തിന്റെയും ചരിത്രശേഷിപ്പുകൾ അതിൽ അടയാളപ്പെടുത്തിയിട്ടുണ്ടാവും. കണ്ണൂർ തവക്കര സ്വദേശി പി.സി. രാമചന്ദ്രൻ ഈ ഓർമകളെ കൂടെക്കൂട്ടാൻ തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ട് തികയുന്നു. യു.എ.ഇ പിറവിയെടുത്തതിന് പിന്നാലെ 1973ൽ ഇവിടെയെത്തിയ അദ്ദേഹം 50 വർഷങ്ങളായി ശേഖരിച്ച ഓർമകൾ നിഥിപോലെ കാത്ത് സൂക്ഷിക്കുന്നു.
1973 മുതൽ യു.എ.ഇ പുറത്തിറക്കിയ എല്ലാ സ്റ്റാമ്പുകളും രാമചന്ദ്രന്റെ ശേഖരത്തിലുണ്ട്. യു.എ.ഇയുടെ ടെലിഫോൺ കാർഡുകളുടെ പൂർണശേഖരവും ലക്ഷക്കണക്കിന് സ്റ്റാമ്പുകളും നാണയങ്ങളും കറൻസിയുമെല്ലാം രാമചന്ദ്രന്റെ കലക്ഷനെ ധന്യമാക്കുന്നു.
നാട്ടിലുള്ള കാലത്ത് ചെറുപ്പം മുതൽ തുടങ്ങിയതാണ് ഈ ശീലം. 1973 ജൂലൈ 23ന് ദുബൈയിലെത്തിയതോടെയാണ് കലക്ഷന്റെ സ്വഭാവം മാറിയത്. നാട്ടിലായിരുന്നപ്പോൾ കത്തുകളിൽ നിന്ന് അടർത്തിയെടുക്കുന്ന സ്റ്റാമ്പുകൾ ചെറിയ പേപ്പർ ബോക്സുകളിലാക്കിയാണ് സൂക്ഷിച്ചത്. എന്നാൽ, ഇത് പ്രത്യേക സംവിധാനത്തോടെ സൂക്ഷിക്കേണ്ട മൂല്യമുള്ള വസ്തുക്കളാണെന്ന് മനസിലായത് ദുബൈ വാസത്തിലാണ്. പ്രശസ്തരായ എക്സിബിറ്റർമാരെ നേരിൽ കണ്ടപ്പോഴാണ് തന്റെ കൈയിലെ കലക്ഷൻ ഒന്നുമല്ല എന്ന് മനസിലായത്. ഇതോടെ പ്രൊഫഷനൽ രീതിയിലേക്ക് മാറുകയായിരുന്നു. യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ അപൂർവ നാണയങ്ങളും കറൻസിയും സ്റ്റാമ്പും ശേഖരിക്കാനായിരുന്നു തീരുമാനം. ലോകത്താകമാനമുള്ള വസ്തുക്കൾ ശേഖരിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിലാണ് ഇന്ത്യയും യു.എ.ഇയും തെരഞ്ഞെടുത്തത്. ഇവ സൂക്ഷിക്കാൻ പ്രത്യേക കാറ്റലോഗും വാങ്ങി. സ്റ്റാമ്പും നാണയവും കറൻസിയും ഇറങ്ങിയ തീയതിയും ഇറങ്ങാനുണ്ടായ സാഹചര്യവുമെല്ലാം ഇതിലുണ്ടാകും.
240 രാജ്യങ്ങളുടെ കറൻസിയാണ് രാമചന്ദ്രന്റെ ശേഖരത്തിലുള്ളത്. ഇല്ലാതായ രാജ്യങ്ങളുടെയും പേരു മാറ്റപ്പെട്ടവയുടെയുമെല്ലാം പഴയതും പുതിയതും രാമചന്ദ്രന്റെ കൈയിലുണ്ട്. ശ്രീലങ്കയുടെ ഇപ്പോഴത്തെ കറൻസിയും സിലോണായിരുന്നപ്പോഴുള്ള കറൻസിയും ഇവിടെ കാണാം. ചരിത്രത്തിൽ ആദ്യമായി പുറത്തിറങ്ങിയ സ്റ്റാമ്പ് പോലും രാമചന്ദ്രൻ സ്വന്തമാക്കി എന്ന് പറയുമ്പോൾ മനസിലാക്കാം അദ്ദേഹവും ഈ മേഖലയും തമ്മിലുള്ള ആത്മബന്ധം. 1840ൽ ഗ്രേറ്റ് ബ്രിട്ടനാണ് സ്റ്റാമ്പ് സംവിധാനം ആദ്യമായി നടപ്പാക്കിയത്. അന്ന് പുറത്തിറക്കിയ വിക്ടോറിയ രാജകുമാരിയുടെ ചിത്രമുള്ള പെന്നി ബ്ലാക് സ്റ്റാമ്പാണ് രാമചന്ദ്രന്റെ കൈയിലുള്ളത്. 5000-6000 ദിർഹം വിലയുള്ള യു.എ.ഇയുടെ അപൂർവം സ്റ്റാമ്പ് പോലും അദ്ദേഹം സ്വന്തമാക്കി. ഖുർആന്റെ ചിത്രവുമായി പുറത്തിറങ്ങിയ സ്റ്റാമ്പുമുണ്ട്.
സ്റ്റാമ്പിന് പുറമെയാണ് കറൻസിയിലും രാമചന്ദ്രൻ കൈവെച്ചത്. ലോകത്തിലെ ഏറ്റവും വലിയ സംഖ്യയുള്ള സിംബാബ്വെയുടെ 100 ട്രില്യൺ ഡോളറിന്റെ കറൻസി അദ്ദേഹത്തിന്റെ കൈയിലുണ്ട്. ഏറ്റവും സംഖ്യ കുറഞ്ഞ ഒരു പെന്നിയുമുണ്ട്. സാധാരണ ഒരു പെന്നിക്ക് നാണയമാണ് ഇറക്കുന്നത്. എന്നാൽ, മെറ്റലിന്റെ ക്ഷാമം വന്നതോടെയാണ് അന്ന് കറൻസി ഇറക്കിയത്. ബ്രിട്ടീഷ് ഭരണകാലത്തിറക്കിയ ഈസ്റ്റ് ആഫ്രിക്കൻ കറൻസി, വെസ്റ്റ് ആഫ്രിക്കൻ കറൻസി എന്നിവയെല്ലാം അദ്ദേഹത്തിന്റെ കൈയിൽ കാണാം.
1990കളിൽ ടെലഫോൺബൂത്തുകളിൽ ഉപയോഗിച്ചിരുന്ന എല്ലാ കാർഡുകളും അദ്ദേഹം സൂക്ഷിച്ച് വെച്ചിട്ടുണ്ട്. യു.എ.ഇയിലെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ നാണയങ്ങളും പേപ്പർ കറൻസിയും അദ്ദേഹത്തിന്റെ കൈയിലുണ്ട്. കെ.ആർ.കെ. മേനോൻ ഒപ്പുവെച്ച പഴയ ഒരു രൂപ മുതൽ 100 രൂപ വരെ കാണാം. തിരുവിതാംകൂർ ഭരണകാലത്ത് നാണയങ്ങളെ ചക്രം എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീടിത് പണം, കാശ്, അണ, പൈസ, ഉറുപ്പി, നയാ പൈസ എന്നിങ്ങനെ രൂപാന്തരപ്പെട്ടതാണെന്ന് രാമചന്ദ്രൻ പറയുന്നു.
ലോക പ്രശസ്ത സ്റ്റാമ്പ് കലക്ഷനുകളുടെ കേന്ദ്രമായ ലണ്ടനിലെ സ്റ്റാൻലി ഗിബ്സൺ ഷോറൂം സന്ദർശിക്കാൻ കഴിഞ്ഞതാണ് രാമചന്ദ്രന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം. ഏതൊരു സ്റ്റാമ്പിനെ കുറിച്ച് പറഞ്ഞാലും അതിന്റെ പൂർണ വിവരം ഇവിടെ നിന്ന് ലഭിക്കും. മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ച് മതിവരാതെയാണ് അദ്ദേഹം മടങ്ങിയത്.
വിവിധ രാജ്യങ്ങളുടെ ലാൻഡ്മാർക്ക് മിനിയേച്ചറുകൾ, പേർഷ്യൻ ഗൾഫിൽ ഉപയോഗിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യ സ്റ്റാമ്പുകൾ, ട്രൂഷ്യൽ സ്റ്റേറ്റ്സ്, ഗൾഫ് സ്റ്റാമ്പുകൾ, 160 രാജ്യങ്ങളുടെ നാണയങ്ങൾ, 86 രാജ്യങ്ങളുടെ ടെലിഫോൺ കാർഡുകൾ, പുരാവസ്തുക്കൾ എന്നിവയും ഈ അമൂല്യ ശേഖരത്തിൽ ഉൾപ്പെടുന്നു. ഇതിനകം 40ഓളം എക്സിബിഷനുകളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ നേടി. 2021ൽ ഗോൾഡൻ വിസ നൽകി യു.എ.ഇ ആദരിച്ചു. 1996 ഏപ്രിലിൽ ആരംഭിച്ചതു മുതൽ ദുബൈ എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനിൽ അംഗമാണ്. ഓരോ അമൂല്യ വസ്തുവിനും മോഹവിലയിടാൻ ആളുണ്ടെങ്കിലും ഇതൊന്നും വിൽക്കില്ല എന്ന നിലപാടിലാണ് രാമചന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.