ഫ്രെയിഡേ മുനീർ അതിജീവനത്തിന്റെ പേര്
text_fieldsപിന്തിരിഞ്ഞവൻ ഒരിക്കലും ലക്ഷ്യം നേടില്ല. ലക്ഷ്യം നേടിയവൻ പിന്തിരിഞ്ഞവനുമല്ല - പി.ടി.എ മുനീർ
‘പിന്തിരിഞ്ഞവൻ ഒരിക്കലും ലക്ഷ്യം നേടില്ല. ലക്ഷ്യം നേടിയവൻ പിന്തിരിഞ്ഞവനുമല്ല’. റിനം ഹോൾഡ് ഇന്റർനാഷണൽ ഗ്രൂപ്പ് കമ്പനി ഡയറക്ടർ പി.ടി.എ മുനീറിന്റെതാണ് ഈ വാക്കുകൾ. യു.എ.ഇ ഫുഡ് ഇൻഡസ്ട്രിയിൽ അതികായർക്കൊപ്പം കഠിന പ്രയത്നം കൊണ്ട് സ്വന്തം മേൽവിലാസം അടയാളപെടുത്തിയ പ്രവാസ ഭൂമികയിലെ യുവ ബിസിനസുകാരനാണിദ്ദേഹം. പ്രതിസന്ധികളോട് പോരാടിയും പ്രതിയോഗികളെ പ്രതിരോധിച്ചുമാണ് ബിസിനസ് ലോകത്ത് ഇദ്ദേഹം അതിജീവനം സാധ്യമാക്കിയത്. ദേരയിൽനിന്ന് തുടങ്ങിയ ബിസിനസ് യാത്ര ഇന്നും തുടരുകയാണ്. ഇന്ന് ദുബൈയുടെ ബിസിനസ് മേഖലയിൽ മാത്രമല്ല മുനീറിന്റെ സർഗ സാന്നിധ്യമുള്ളത്. പ്രവാസ ഭൂമികയുടെ സാംസ്കാരിക /കലാ സാഹിത്യ വൈജ്ഞാനിക തലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് കാണാം.
ദുബൈ ബിസിനസ്സ് ലോകത്തെ പുതു നക്ഷത്രം
വിജയിക്കാൻ മത്സരിക്കേണ്ടതുണ്ട്. പരാജയപ്പെട്ടാലും അതിലുള്ളൊരു ആശ്വാസം മത്സരിക്കാൻ തയ്യാറായല്ലോ എന്നതാണ്. ആദ്യപരാജയങ്ങൾ വിജയിക്കാനാവശ്യ പാഠങ്ങൾ പറഞ്ഞുതരും. അതുകൊണ്ട് മത്സരിച്ചുകൊണ്ടേയിരിക്കുക. ഈ ആത്മ വിശ്വാസവും നിരന്തരപരിശ്രമവുമാണ് ‘ഫ്രെയിഡേ’ എന്ന സ്വന്തം ബ്രാൻഡ് റിനം കമ്പനിക്ക് കീഴിൽ പിറവി എടുക്കാൻ കാരണം. സ്വന്തം പേരിൽനിന്ന് തന്നെയാണ് തന്റെ കമ്പനി യുടെ പേരും മുനീർ കണ്ടെത്തിയത്. തന്റെ ദുബൈ ജിവിതം കാൽ നൂറ്റാണ്ടിലേക്കു കടക്കുമ്പോൾ മുനീറിന് ഓർക്കാനുള്ളതിലേറെയും ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ അമ്പരപ്പാർന്ന കഥകളാണ്.
പത്തേമാരിയിൽ വന്ന പിതാവ് പുതുലോകം തുറന്ന് മകൻ
70കളിൽ ദുബൈ ദേരയിൽ കടതുറന്നവരിൽ ഏറെപ്പേരും ലോഞ്ചുകയറി വന്നവരാണ്. മുനീറിന്റെ പിതാവ് കുഞ്ഞഹമ്മദിന്റെ കഥയും വ്യത്യസ്തമല്ല. 1972 ൽ ലോഞ്ചുകയറി ദുബൈയിലെത്തിയതാണ് പിതാവ്. ദേരയിൽ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റിയായിരുന്നു. പക്ഷേ ദേരയിലെ കച്ചവടാരവം കർണ്ണപുടങ്ങളിൽ പതിഞ്ഞ കുഞ്ഞഹമ്മദിന്റെ ഉള്ളം അതിനായ് തുടിച്ചതിനാൽ ആ പണി അധികകാലം കൊണ്ടുനടന്നില്ല. വൈകാതെ ദേര ഗോൾഡ് സൂക്കിന് സമീപം അബ്ദുല്ല ഈസ എന്നപേരിൽ ഒരു ഫ്ലോർമില്ല് തുടങ്ങി. 1999 ല് കുഞ്ഞഹമ്മദ് മൂന്നാമത്തെ മകൻ മുനീറിനെ ദുബൈയിൽ കൊണ്ടുവന്ന് അബ്ദുല്ല ഈസ്സ സ്റ്റോഴ്സ് എന്ന പേരിൽ ഒരു റീട്ടയിൽ ഷോപ്പ് തുറന്നു കൊടുത്തു. ‘വാടകയും നിത്യച്ചെലവും ശമ്പളവുമെല്ലാം മുട്ടില്ലാതെ നടക്കണമെങ്കിൽ ദിവസവും കുറഞ്ഞത് 300 - 400 ദിർത്തിന്റെ കച്ചവടം നടക്കണമെന്ന് പിതാവ് മകനെ അറിയിച്ചിരുന്നു. സഹായത്തിന് ബന്ധുവായ സയ്ദ് അലവിയുമുണ്ടായിരുന്നു. കാൽ നൂറ്റാണ്ടായി സയ്ദ് ഇന്നും കൂടെയുണ്ട്. ഓരോദിവസവും വിറ്റുവരവ് എണ്ണുമ്പോൾ പിതാവ് പറഞ്ഞപോലെ കാര്യങ്ങൾ എത്തിയില്ല. അതോടെ കച്ചവടം കൂട്ടാനുള്ള വഴി തേടേണ്ടിവന്നു. ദേരയിലെയും മറ്റും ഫ്ലാറ്റുകൾ തോറും സാധനങ്ങളുമായി കയറിയിറങ്ങി. മില്ലിൽ പൊടിച്ചെടുത്ത കലർപ്പില്ലാത്ത സാധനങ്ങൾ വാങ്ങാൻ കുടുംബിനികൾ മുന്നോട്ടുവന്നു. പക്ഷേ മാസത്തിലൊരിക്കലേ വേണ്ടൂ . എന്നാൽ നിത്യവും വ്യാപാരം കൂട്ടിയാലോ പിടിച്ചുനിൽക്കാനാവൂ. അതിനായി റെസ്റ്റോറന്റുകളെ സമീപിച്ചതോടെയാണ് വിജയ വഴികൾ തുറന്നിട്ടത്.
ഫ്രയ്ഡേ: വീഴ്ചയും വാഴ്ചയും
വളർച്ചക്ക് പിന്നിൽ തകർച്ചയുടെ നോവിന്റെ കഥകൂടി പറയാനുണ്ട് ‘അബ്ദുല്ല ഈസ’ ക്ക്. ഉയർച്ചയുടെ ഉത്തുംഗദയിൽ വിരാജിക്കുമ്പോഴും ആത്മവേദനയും അപമാനവും അവഗണയും ചേർന്ന ആ ദുരിതകാലം മുനീറിന്റെ ഉള്ളിൽ നേർത്തു കിടപ്പുണ്ട് . സ്വന്തം പ്രോഡക്റ്റ് എന്ന ആഗ്രഹമായിരുന്നു 2011ല് ‘ഫ്രയ്ഡേ സ്പൈസസ്’ എന്നൊരു ബ്രാൻഡ് ഇറക്കാൻ ഹേതുവായത്. ബാങ്ക് ലോൺ എടുത്തായിരുന്നു തുടക്കം. പക്ഷെ, വിചാരിച്ചപോലെ ബിസിനസ് പച്ചപിടിച്ചില്ല. അതോടെ ഗഡുക്കള് മുടങ്ങി. അടുപ്പക്കാർ എന്നു തോന്നിയവരോടൊക്കെയും സഹായംതേടി. ഫലംകാണാതായപ്പോൾ രക്തബന്ധങ്ങൾ തുണയാകുമെന്നു നിനച്ചു നാട്ടിലെത്തി സഹായം ചോദിച്ചു. നിരാശയായിരുന്നു ഫലം. ഗത്യന്തരമില്ലാതെ ദുബൈയിൽ തിരിച്ചെത്തി നിസ്സഹായാവസ്ഥ ബാങ്കിനെ അറിയിച്ചെങ്കിലും പണം തിരിച്ചടച്ചില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ലഭിച്ചത്. തിരിച്ചടവിന് കൂടുതൽ സമയം ചോദിച്ചപ്പോൾ നാട്ടിലേക്ക് ഒളിച്ചോടാനായിരുന്നു മറുപടി. എന്നാൽ അതിന് തയ്യാറാവാൻ മനസ്സ് അനുവദിച്ചില്ല. പ്രതിസന്ധികളോട് പോരാടാൻ ഉറച്ച ആ തീരുമാനമാണ് ദശലക്ഷ കണക്കിന് ടേൺ ഓവറുള്ള ഒരു കമ്പനിയുടെ പിറവിക്ക് കാരണമായത്.
ബിസിനസ്സ് എന്നാൽ ധീരത
പണവും സൗകര്യങ്ങളും മാസ്റ്റർ ബിരുദവും ഉണ്ടായതുകൊണ്ട് ഒരു ബിസിനസ്സ് വിജയിക്കണമെന്നില്ല. പ്രതിസന്ധികളെ തരണം ചെയ്യാൻ അചഞ്ചലമായ മനസ്സാണ് വേണ്ടത്. ബാങ്ക് നടപടിയെ പേടിച്ചു അന്നു ഓടിപ്പോയിരുന്നുവെങ്കിൽ ബിസിനസ്സ് ജീവതം അവിടെത്തീരുമായിരുന്നു. അങ്ങനെ സംഭവിക്കാതിരുന്നതുകൊണ് നല്ലനിലക്ക് എത്തിയെന്നുമാത്രമല്ല ഒരുപാടുപേർക്ക് ജീവിക്കാനാകുന്നു. ഇന്ന് സ്ഥാപനത്തിൽ സ്ഥാപനത്തിൽ ഇന്ന് 300 പേർ ജോലിചെയ്യുന്നു. ഇതെല്ലാം ഒരു പോരാട്ടത്തിന്റെയും ധീരമായ തീരുമാനങ്ങളുടെയും ഫലമാണെന്നാണ് കരുതുന്നത്. ‘ദുബായിൽ തുടങ്ങിയ വ്യാപാരം യു.എ.ഇയും കടന്ന് ജി.സി.സി ആകെ എന്ന ലക്ഷ്യവുമായി സൗദിയിലും ശ്രീലങ്കയിലും പ്രവേശിച്ചിരിക്കുന്നു. ദിവസം 18 മണിക്കൂർ ജോലിചെയ്യുക എന്നശീലം ‘റിനം ഇന്റർനാഷണലിന്റെ ചെയർ മാനും മാനേജിങ് ഡയറക്ടറും ആയിരിക്കെയും മുനീർ തുടരുന്നു. മലപ്പുറം ജില്ലയിലെ ചെരൂറിലെ വേങ്ങര സ്വദേശിയാണ് മുനീർ. ഭാര്യ: സൗദാബി. മക്കൾ: ഫാത്തിമ മിൻഹ, ഫാത്തിമ സന്ഹ, മുഹമ്മദ് മാസിൻ, മുഹമ്മദ് സാസിൻ. ദുബൈ അൽ ബറാഹയിലാണ് കുടുബസമ്മേതം താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.