പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് സ്പീഡ് ബോട്ട് നിർമിച്ച് ടോണി
text_fieldsഅരൂർ: പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് സ്പീഡ് ബോട്ട് നിർമിച്ച് യുവാവ്. അരൂര്‍ ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡിൽ നടുവിലെ വീട്ടില്‍ ടോണി തോമസാണ് ഭൂമിയിൽ അലിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് രാസപരിവർത്തനങ്ങൾ നടത്തി ബോട്ട് നിർമിച്ചത്. മിഠായി കവർ, അലോപ്പതി മരുന്നുകളുടെ സ്ട്രിപ്പുകൾ, ബിസ്കറ്റ് കവർ, കറിപ്പൗഡറുകളും വിവിധ ആഹാരസാധനങ്ങൾ വിൽക്കാനെത്തുന്ന കവർ എന്നിവയാണ് അസംസ്കൃത വസ്തുക്കൾ. മള്‍ട്ടി ലെവൽ പ്ലാസ്റ്റിക് (എം.എല്‍.പി.) എന്ന് അറിയപ്പെടുന്ന ഇവയാണ് പ്രധാനമായും ബോട്ട് നിർമാണത്തിന് ഉപയോഗിച്ചത്.
കര്‍ണ്ണാടകയിലെ ചില സ്ഥാപനങ്ങളിൽ പോയപ്പോഴാണ് എം.എല്‍ പ്ലാസ്റ്റിക്കുപയോഗിച്ച് ബോര്‍ഡ് നിർമിക്കുന്നത് കണ്ടത്. 2023 ജൂണില്‍ ബോട്ടിന്റെ രൂപരേഖയടക്കം തയാറാക്കി. ഇരുമ്പിന്റെ ചട്ടക്കൂട് ഉണ്ടാക്കി. 110 കിലോ എം.എല്‍. പ്ലാസ്റ്റിക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ബോര്‍ഡുപയോഗിച്ച് കവചം തീർത്തു. ബോട്ടിന്റെ ഭൂരിഭാഗം ജോലികളും മൂന്നുമാസം കൊണ്ട് തീർത്തു. അവസാനമിനുക്കുപണിയില്‍ ഗ്രീന്‍ ബോട്ട് എന്നെഴുതാനും പെയിന്റിങ്ങിനും മാത്രം ഒരാളുടെ സഹായം തേടി.
എട്ടടി നീളത്തിലും നാലടി വീതിയിലും ബോട്ട് പൂര്‍ത്തീകരിച്ചപ്പോള്‍ ഒന്നരലക്ഷം രൂപയോളം ചെലവായി. നാലുപേര്‍ക്ക് വരെ സുരക്ഷിതമായി സഞ്ചരിക്കാം. കായലില്‍ പരീക്ഷണ ഓട്ടം നടത്തിയ ഈ സ്പീഡ് ബോട്ട് വിജയകരമാണ്. സര്‍ക്കാറിന്റെ മുന്നില്‍ ഇവ അവതരിപ്പിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാലം നിലനില്ക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ ഗ്രീന്‍ ബോട്ടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ക്ക് കാത്ത് നില്‍ക്കുകയാണ് 26കാരനായ ഈ യുവാവ്.
പിതാവ് തോമസിന് അരൂർ കൈതപ്പുഴ കായലോരത്ത് സീമേറ്റ് എന്നപേരില്‍ ബോട്ടുകള്‍ നന്നാക്കുന്ന യാര്‍ഡുണ്ട്. ചെറുപ്പം മുതല്‍ യാര്‍ഡില്‍ ടോണിയുമുണ്ട്. എട്ട് വര്‍ഷത്തോളമായി മറൈന്‍ ഫീല്‍ഡിലാണ് പ്രവര്‍ത്തനം. അമ്മ പുഷ്പ, അച്ഛന് തോമസ്, സഹോദരികളായ സോണ, ഡോണ എന്നിവരാണ് ടോണിയുടെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.