സൗദിയുടെ കരുതലിന് നന്ദിയോതി ജർമൻ തീർഥാടക
text_fieldsമാതാവും കുഞ്ഞും മക്കയിലെ ആശുപത്രിക്കു മുന്നിൽ ഭർത്താവിനും മറ്റു മക്കൾക്കും ആശുപത്രി ജീവനക്കാർക്കുമൊപ്പം
ജിദ്ദ: ഹജ്ജ് കാലത്ത് ജർമൻ തീർഥാടകക്ക് പൂർണവളർച്ചയെത്താതെ പിറന്ന കുഞ്ഞിന് ലഭിച്ചത് സൗദി അധികൃതരുടെ മികച്ച കരുതൽ. രണ്ടു മാസത്തെ പരിചരണത്തിലൂടെയും ആരോഗ്യനിരീക്ഷണത്തിലൂടെയും വളർച്ച കൈവരിക്കാനായ കുഞ്ഞുമായി തീർഥാടക സന്തോഷത്തോടെ സ്വദേശത്തേക്കു മടങ്ങി.
ഹജ്ജ് കർമങ്ങൾ പുരോഗമിക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട ഉടനെ റെസ്ക്രസൻറ് മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
800 ഗ്രാം ഭാരമാണ് കുഞ്ഞിനുണ്ടായിരുന്നത്. ശ്വാസകോശത്തിന്റെ വളർച്ച ഉത്തേജിപ്പിക്കുന്നതിനുള്ള മരുന്നുകളും ആൻറിബയോട്ടിക്കുകൾ, സമ്പൂർണ പോഷകാഹാരം എന്നിവയും നൽകി. 800 ഗ്രാമിൽനിന്ന് ഭാരം ഒന്നര കിലോയായി ഉയർന്നു.
ശ്വസിക്കാനാവുന്ന അവസ്ഥയിലെത്തിയെന്ന് ഉറപ്പായപ്പോൾ കൃത്രിമ ശ്വാസം നൽകുന്നതിനുള്ള സംവിധാനങ്ങൾ എടുത്തുമാറ്റി. മാതാവും കുഞ്ഞും ജിദ്ദ വിമാനത്താവളം വഴിയാണ് സ്വദേശമായ ജർമനിയിലേക്കു മടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.