ആഗോള അവാർഡ് ജേതാക്കൾ
text_fieldsകഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നായകൻ... ഇത് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്നത് ഒരേയൊരു ചിത്രമാണ്, ബാലചന്ദ്ര മേനോന്റേത്. സിനിമയിലെ പലറോളുകൾ ഒരേസമയം ചെയ്യാമെന്ന് ആദ്യമായി മലയാള ചലചിത്ര ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.
പിതാവിന്റെ ചലച്ചിത്ര വഴികളിലൂടെയല്ലെങ്കിലും ഒരേ സമയം ഐ.ടി മാനേജറുടെയും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറുടെയും റോൾ ചെയ്യുന്ന മകനുണ്ട് അദ്ദേഹത്തിന്, അഖിൽ വിനായക് മേനോൻ. യു.എ.ഇയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ദുബൈ ഗ്ലോബൽ വില്ലേജ് സംഘടിപ്പിച്ച ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം (ഹിപ) ഇന്റർനാഷനൽ ഫോട്ടോഗ്രഫി പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയത് അഖിലാണ്.
ഫോട്ടോഗ്രഫിയെ ജീവവായുവായി കൂടെ കൊണ്ടു നടക്കുന്ന സുൽഫിക്കർ അഹ്മദ് എന്ന സ്പെഷ്യലിസ്റ്റ് ഫോട്ടോഗ്രഫർക്കായിരുന്നു മൂന്നാം സ്ഥാനം. 2900 പേർ പങ്കെടുത്ത, ലക്ഷങ്ങൾ സമ്മാനതുകയുള്ള രാജ്യാന്തര ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളത്തിന്റെ പേര് എഴുതിച്ചേർത്ത എറണാകുളം സ്വദേശി അഖിലിന്റെയും കൊല്ലംകാരൻ സുൽഫിക്കറിന്റെയും വിശേഷങ്ങൾ...
പ്രണയം ഫോട്ടോഗ്രഫിയോട്
ബാലചന്ദ്രമേനോന്റെ മകനാണെങ്കിലും അഖിലിന് സിനിമയുമായി കാര്യമായ ബന്ധമില്ല. നാല് വർഷം മുൻപ് ഒരു സിനിമയിൽ തലകാണിച്ചതൊഴിച്ചാൽ അഖിലിന്റെ യാത്രകൾ മറ്റൊരു വഴിക്കായിരുന്നു. സ്കൂൾ കഴിഞ്ഞ് ഐ.ടി പഠനത്തിലേക്ക് തിരിഞ്ഞ അഖിലിന് ഫോട്ടോഗ്രഫിയിൽ താൽപര്യമുണ്ടായിരുന്നെങ്കിലും ഒമ്പത് വർഷം മുൻപ് നടത്തിയ സഫാരിയാണ് റൂട്ട് മാറ്റിവിട്ടത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോടുള്ള പ്രണയം തുടങ്ങിയതും ഇവിടെ നിന്നാണ്. ഇതിനകം ഇന്തോനേഷ്യ, യു.എസ്, യൂറോപ്, സൗത് അമേരിക്ക, പപ്പുവ ന്യൂ ഗിനി തുടങ്ങിയ രാജ്യങ്ങളും ഭൂഖണ്ഡങ്ങളുമെല്ലാം താണ്ടി. സിംഹവും പുലിയും കടുവയുമെല്ലം ഈ ഫ്രെയിമുകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ ഇഷ്ടം പക്ഷികളോടാണ്. ഒരു നല്ല ചിത്രത്തിനായി മണിക്കൂറുകളോളം കാത്തിരിക്കാൻ ക്ഷമയുള്ള ഫോട്ടോഗ്രഫറാണ്.
ഏപ്രിലിൽ കൊളംബയൻ യാത്രക്ക് പദ്ധതിയുണ്ട്. കോവിഡ് മൂലം യാത്രാ സ്വാതന്ത്ര്യത്തിന് കുറവ് വന്നിട്ടുണ്ടെങ്കിലും ഫോട്ടോഗ്രഫിയോടുള്ള അടങ്ങാത്ത അടുപ്പം മൂലം തന്റെ യാത്രകൾ സുഗമമായി നടക്കാറുണ്ടെന്ന് അഖിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ 35 k ഫോളോവേഴ്സുണ്ട് (akhil.photos). യു.എ.ഇയിൽ അറിയപ്പെടാത്ത ഒരുപാട് വൈൽഡ് ലൈഫ് ഏരിയകൾ ഉണ്ട്. അവിടെയെല്ലാം കാമറയുമായി അഖിലും എത്താറുണ്ട്. ദുബൈയിലെ അൽ ഖുദ്ര, അബൂദബി ജബൽ അലി, റാസൽഖൈമയിലെ മാംഗ്രോസ്, ഫാമുകൾ, ഷാർജയിലെയും ഉമ്മുൽഖുവൈനിലെയും ഉൾപ്രദേശങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം അഖിലിന്റെ കാമറക്കണ്ണുകൾ എത്തും. വെളിച്ചവും വെള്ളവും തടാകവുമെല്ലാം ഏറ്റവുമധികം സൗന്ദര്യം ആവാഹിക്കുന്ന സമയങ്ങളിലായിരിക്കും അഖിലും അവിടെയെത്തുക.
ഭാര്യയും പ്രൊഫഷനൽ ഫോട്ടോഗ്രഫറുമായ നിത്യ രാജ്കുമാറിന്റെ പ്രോൽസാഹനത്തെ തുടർന്നാണ് ഗ്ലോബൽ വില്ലേജിന്റെ ഹിപ ഫോട്ടോഗ്രഫി അവാർഡിനായി അപേക്ഷിച്ചത്. യു.എ.ഇ ദേശീയ ദിനത്തിൽ ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ നടന്ന പരിപാടിയുടെ ചിത്രമാണ് പുരസ്കാരത്തിന് അർഹമായത്. ബാക്ക്ഡ്രോപ്പിൽ ഇമാറാത്തി പതാക പാറിപ്പറക്കുന്ന ചിത്രം 'One Flag One Heart' എന്ന തലക്കെട്ടിലാണ് സമർപ്പിച്ചത്. ഹിപയിൽ ഉൾപെടെ പലതവണ രാജ്യാന്തര ഫോട്ടോഗ്രഫിയുടെ ഫൈനലിസ്റ്റായിട്ടുണ്ട്. ടോക്യോ ഇന്റർനാഷനൽ ഫോട്ടോഗ്രഫിയിൽ പുരസ്കാരം സ്വന്തമാക്കിയ അഖലിന്റെ ഫോട്ടോ ബേഡ് ഫോട്ടോഗ്രഫർ ഓഫ് ദ ഇയർ ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. Website: www.akhil.photos
യാത്രകളും ഉത്സവങ്ങളും
സുൽഫിക്കർ അഹ്മദിന് ഏറെ പ്രിയം ട്രാവൽ ഫോട്ടോഗ്രഫിയോടാണ്. അതുകഴിഞ്ഞാൽ ഉത്സവ മേളങ്ങളോടും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും സുൽഫിക്കറും കാമറയും എത്തിയിട്ടുണ്ട്. ലഡാക്ക്, ഹിമാചൽ, വാരണാസി, പുഷ്കർ, ജോധ്പൂർ, ആസാം, നാഗാലാൻഡ്, കുലശേഖരപട്ടണം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രങ്ങൾ തേടി സുൽഫിക്കർ എത്തി. ഹൽദി ഫെസ്റ്റിവെൽ, ഹോളി, ദസറ, പുഷ്കർ കാമൽ ഫെയർ എന്ന് വേണ്ട കണ്ണൂരിലെ തെയ്യം വരെ സുൽഫിക്കർ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ഹിപ ഇന്റർനാഷനൽ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകളുടെ പട്ടികയിൽ മുൻപും എത്തിയിരുന്നു. ദുബൈയുടെ മനോഹാരിത കാണണമെങ്കിൽ സുൽഫിക്കറിന്റെ ഇൻസ്റ്റ പേജ് സന്ദർശിച്ചാൽ മതി (zulfiphoto).
ദുബൈയിൽ സിനർജി സ്റ്റുഡിയോ നടത്തുന്ന സുൽഫിക്കറിന്റെ യഥാർഥ ദേശം ചെന്നൈയാണ്. പിന്നീട് കൊല്ലത്തേക്ക് കുടുംബ സമേതം താമസം മാറുകയായിരുന്നു. ഫോട്ടോഗ്രഫി മാത്രമല്ല, ബിസിനസ് ഡവലപ്മെന്റ് മാനേജർ, ഓഡിറ്റിങ്, അക്കൗണ്ടിങ് എന്നിവയെല്ലാം ഫ്രീലാൻസായി ചെയ്യുന്നുണ്ട്. മൾട്ടിപ്പ്ൾ ജോലിയില്ലാതെ ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് പറയുന്ന സുൽഫിക്കറിന് ഏറ്റവും ഇഷ്ടം ഫോട്ടോഗ്രഫിയോട് തന്നെയാണ്.
ഗ്ലോബൽ വില്ലേജിന്റെ പുൽതകിടിയിൽ വിശ്രമിക്കുന്ന പിതാവിന്റെയും രണ്ട് കുട്ടികളുടെയും ചിത്രമാണ് പുരസ്കാരം നേടിയത്. അറബി വേഷത്തിലിരിക്കുന്ന ഇവരുടെ ബാക്ക്ഗ്രൗണ്ടായി ഗ്ലോബൽ വില്ലേജിലെ യു.എ.ഇ പവലിയനും കാണാം. Website: www.zulfiphoto.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.