പായലേ വിട; എന്നന്നേക്കും വിട
text_fieldsചെറുതോണി: തേയിലച്ചെടികളെ ബാധിക്കുന്ന പായലിനെ ഇല്ലാതാക്കാൻ പല മരുന്നുകളും പ്രയോഗിച്ച് മടുത്ത് ഒടുവിൽ സ്വന്തമായി പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കാമാക്ഷി പഞ്ചായത്തിലെ ഉദയഗിരി സ്വദേശി തുണ്ടിയിൽ തോമസ് ജോൺ എന്ന 64കാരൻ. പായൽ ബാധിച്ച് തേയിലച്ചെടികളുടെ ശിഖരങ്ങൾ ഉണങ്ങിപ്പോകുന്നതോടെ കൊളുന്ത് ഉൽപാദനം നിലക്കുന്ന അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ പല മരുന്നുകൾ മാറിമാറി ഉപയോഗിച്ചെങ്കിലും പ്രയോജനം ലഭിച്ചില്ലെന്ന് തോമസ് ജോൺ എന്ന തുണ്ടിയിൽ കുഞ്ഞുകുട്ടിച്ചേട്ടൻ പറയുന്നു. ഒടുവിൽ രണ്ടര വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി പായലിനെ തുരത്താനുള്ള മിശ്രിതം സ്വയം കണ്ടുപിടിക്കുകയായിരുന്നു.
കാത്സ്യം സംയുക്തങ്ങളും തുരിശും മറ്റും ചേർത്ത് തയാറാക്കിയ മിശ്രിതം സ്വന്തം തോട്ടത്തിൽ ഫലം കണ്ടതോടെ സുഹൃത്തുക്കളായ മറ്റ് കർഷകർക്കും നൽകി. അവരൊക്കെ തോമസ് ജോണിന്റെ പുതിയ ഉൽപന്നത്തിന് കൈയടിച്ചതോടെ മരുന്നിന് ആവശ്യക്കാർ ഏറി. അഞ്ചു വർഷത്തിൽ ഒരിക്കൽ തളിച്ചാൽ മതിയെന്നതാണ് കുഞ്ഞുകുട്ടിച്ചേട്ടന്റെ പായൽ നാശിനിയുടെ പ്രത്യേകത. തേയിലച്ചെടികൾ കവാത്ത് ചെയ്തശേഷം പായൽനാശിനി 100 ലിറ്റർ വെള്ളത്തിൽ 2.4 കിലോഗ്രാം എന്ന അനുപാതത്തിൽ കലക്കി തളിക്കുന്നത് പായൽ പൂർണമായി നശിപ്പിക്കാൻ ഫലപ്രദമാണെന്ന് മിശ്രിതം ഉപയോഗിച്ച കർഷകരും സാക്ഷ്യപ്പെടുത്തുന്നു.
ജില്ലയിലെ നൂറിൽപരം കർഷകർ ഏക്കർ കണക്കിന് തേയിലത്തോട്ടങ്ങളിൽ പരീക്ഷിച്ച് ഫലം കണ്ടതോടെ ഇതുവരെ പേരിടാത്ത തന്റെ ഉൽപന്നം പേര് നൽകി വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് തോമസ് ജോൺ. കർഷകർ ബന്ധപ്പെട്ടാൽ ആവശ്യക്കാർക്ക് മിശ്രിതം തയാറാക്കി നൽകുമെന്നും ഈ കർഷകൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.